പങ്കുവെച്ചത് പാചകക്കുറിപ്പുകള്‍ മാത്രം, സമ്പാദിച്ചത് കോടികള്‍; ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ യൂട്യൂബര്‍ ഇതാ
ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ വഴി സമ്പാദിക്കുന്നവര്‍ നിരവധിയാണ്. യൂട്യൂബ് ചാനലുകള്‍ വഴിയാണ് പലരും നല്ലൊരു തുക സമ്പാദിക്കുന്നത്. കൊവിഡ് കാലത്തോടെയാണ് യൂട്യൂബ് ചാനലുകള്‍ കൂടുതല്‍ ജനകീയമാകുന്നത്. ഇന്ത്യയില്‍ ഇതിനോടകം നിരവധി പേര്‍ യൂട്യൂബര്‍ എന്ന നിലയില്‍ നല്ലൊരു വരുമാനം നേടുന്നുണ്ട്. എന്നാല്‍ യൂട്യൂബ് വഴി ഏറ്റവും കൂടുതല്‍ സമ്പാദിച്ചത് ആരായിരിക്കും എന്ന് അറിയാമോ?
ഇന്ത്യയുടെ കാര്യം വരുമ്പോള്‍ നിഷ മധുലിക എന്ന പേരായിരിക്കും ആദ്യം മനസിലേക്ക് എത്തുക. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതാ യൂട്യൂബര്‍ ആണ് നിഷ മധുലിക. 65 കാരിയായ നിഷ അധ്യാപികയായിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ നിഷ ഒരു നേരമ്പോക്കിനാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. വൈകാതെ തന്നെ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബര്‍ എന്ന നിലയിലേക്ക് നിഷ എത്തി.

അധ്യാപിക ആയതിനാല്‍ തന്നെ ആശയവിനിമയം നിഷയ്ക്ക് ഒരു പ്രശ്‌നമായിരുന്നില്ല. വളരെ ലളിതമായ സംസാരശൈലിയോടെ പാചകക്കുറിപ്പുകളായിരുന്നു നിഷ തന്റെ കാഴ്ചക്കാരുമായി പങ്കിട്ടത്. അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയ ഷെഫ് എന്ന വിശേഷണവും നിഷയെ തേടിയെത്തി. യൂട്യൂബില്‍ 14.5 മില്യണ്‍ ഫോളോവേഴ്സുള്ള നിഷ ഇന്ത്യയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള വനിതാ യൂട്യൂബര്‍മാരില്‍ ഒരാളായി നിലകൊള്ളുന്നു.
റിപ്പബ്ലിക് വേള്‍ഡ് വെബ്സൈറ്റിന്റെ ഏറ്റവും പുതിയ വാര്‍ത്താ റിപ്പോര്‍ട്ട് പ്രകാരം നിഷ മധുലികയാണ് ഏറ്റവും സമ്പന്നയായ വനിതാ യൂട്യൂബര്‍. 43 കോടി രൂപയുടെ ആസ്തിയാണ് നിഷയ്ക്ക് ഉള്ളത്. നിലവില്‍ നോയിഡയില്‍ താമസിക്കുന്ന നിഷ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. 2009-ല്‍ അധ്യാപന ജീവിതം ഉപേക്ഷിച്ചാണ് നിഷ മധുലിക യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഇതാണ് നിഷയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്.
2017-ല്‍ സോഷ്യല്‍ മീഡിയ സമ്മിറ്റില്‍ മികച്ച യൂട്യൂബ് കുക്കിംഗ് കണ്ടന്റ് ക്രിയേറ്ററായി നിഷ മധുലിക തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ യൂട്യൂബ് സെന്‍സേഷനായി മാറാനും നിഷയ്ക്ക് സാധിച്ചിരുന്നു. നിലവില്‍ നിഷയ്ക്ക് യൂട്യൂബില്‍ 14.5 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഫേസ്ബുക്കില്‍ 5.6 ദശലക്ഷം ഫോളോവേഴ്സും ഉണ്ട്. ഇതുവരെ 2311 വീഡിയോ ആണ് നിഷ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 327 കോടി വ്യൂസാണ് നിഷയുടെ ചാനലിന് ഇതുവരെ ലഭിച്ചത്.












Click it and Unblock the Notifications