15-ാം വയസിൽ സംരംഭകയായി, നിലവിൽ കമ്പനിയുടെ ആസ്തി 100 കോടി രൂപ ; അറിഞ്ഞിരിക്കണം ഈ പെൺകുട്ടിയെ
ചെറിയ കുട്ടിയായിരുന്നപ്പോൾ മുതലേ ഒരു ലക്ഷ്യം വച്ച് പഠിച്ച് സ്വന്തമായി ഒരു കരിയർ കണ്ടെത്തി ജീവിത വിജയത്തിലേക്ക് എത്തിച്ചേർന്ന ഒരുപാട് ആളുകളുണ്ട്. അത്തരത്തിൽ 15 വയസിൽ സ്വന്തമായി ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങിയ ഒരു പെൺകുട്ടിയുടെ കഥയാണ് ഇന്ന് പറയുന്നത്.
പ്രഞ്ജലി അവാസ്തി എന്ന ഈ യുവ സംരംഭക 11 വയസുള്ളപ്പോൾ ഇന്ത്യയിൽ നിന്ന് യു എസിലേക്ക് ചേക്കേറി. ആദ്യ സംരംഭം ആരംഭിക്കുമ്പോൾ പ്രഞ്ജലിയ്ക്ക് 15 വയസ് മാത്രമാണ് പ്രായം. എന്നാലിപ്പോൾ 100 കോടി ആസ്തിയുള്ള, 10 പേർ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയാണ് പ്രഞ്ജലി അവാസ്തി. സ്വന്തമായൊരു തൊഴിലിലേക്ക് അല്ലെങ്കിൽ സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നതിന് വയസ് ഒരു തടസമല്ലെന്ന് ഈ പെൺകുട്ടി പഠിപ്പിയ്ക്കുന്നു.

Credits : Twitter
ഗവേഷകർക്കാവശ്യമായ ഡാറ്റ എക്‌സ്‌ട്രാക്‌ഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കമ്പനിയാണ് പ്രഞ്ജലിയുടെ Delv.AI. 2022 ജനുവരിയിലാണ് ഇവർ ഈ സ്ഥാപനം ആരംഭിക്കുന്നത്. $450,000 (₹3.7 കോടി) ഇവർ കമ്പനിയ്ക്കായി ധനസമാഹരണം നടത്തിയെന്ന് ബിസിനസ് ഇൻസൈഡറിനോട് പങ്കുവച്ചു.
കമ്പ്യൂട്ടർ എഞ്ജിനീയറാണ് പ്രഞ്ജലിയുടെ അച്ഛൻ. അദ്ദേഹം 7 വയസു മുതൽ അവളെ കോഡിംഗ് പഠിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ഫ്ലോറിഡയിലേക്ക് മാറിയതോടെ ഫ്ലോറിഡ ഇന്റേണൽ യൂണിവേഴ്സിറ്റി ലാബിൽ ഇന്റേൺ ആയിച്ചേർന്നു. അതിനു മുമ്പ് രണ്ട് വർഷം ഗണിതവും കമ്പ്യൂട്ടർ സയൻസും പഠിച്ചു. ഇന്റേൺ ആയ കാലത്ത് ഡാറ്റ സെർച്ച് ചെയ്ത് എടുക്കലും അത് ക്രമീകരിക്കുകയും ചെയ്യണമായിരുന്നുവെന്ന് ബിസനസ് ഇൻസൈഡറോട് പ്രഞ്ജലി പങ്കുവച്ചു.
എന്നാൽ 2020 ൽ OpenAI യുടെ ChatGPT-3 ബീറ്റ പതിപ്പ് പുറത്തിറക്കിയതോടെ പണി കുറേക്കൂടി എളുപ്പമായി. 2021 ൽ ഒരു കമ്പനിയുടെ ആക്സിലറേറ്റർ പ്രോഗ്രാമിന് പ്രഞ്ജലി ചേർന്നു. കുറച്ചു ദിവസം ഹൈസ്കൂൾ അവധി എടുക്കാൻ സമ്മതം മൂളിയാണ് മാതാ പിതാക്കൾ അവളോടൊപ്പം നിന്നത്. സോഫ്‌റ്റ്‌വെയർ സൗജന്യമായി ഷെയർ ചെയ്യാൻ സാധിക്കുന്ന പ്ലാറ്റ്‌ഫോമായ പ്രോഡക്‌ട് ഹണ്ടിൽ വച്ച് പ്രഞ്ജലി Delv.AI-യുടെ ബീറ്റാ പതിപ്പ് പുറത്തിറക്കി.
ഇന്റർനെറ്റിൽ ഇന്ന് കൂടുതൽ വിവരങ്ങൾ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ ശരിയും തെറ്റും ഉണ്ടാകാം. ശരിയായ കാര്യങ്ങൾ കണ്ടെത്തുന്നതിന് ആളുകൾക്ക് ബുദ്ധിമുട്ടാണ്. എന്നാൽ Delv.AI ഗവേഷകർക്ക് ശരിയായ കാര്യങ്ങൾ കണ്ടെത്താൻ ഏറെ സഹായികമാകുമെന്നും പ്രഞ്ജലി തന്റെ വെബ്സൈറ്റ് ബ്ലോഗിൽ എഴുതിയിട്ടുണ്ട്.
ആക്സിലേറ്റർ പ്രോഗ്രാമിലൂടെ തന്റെ സംരംഭത്തിന് ആദ്യ നിക്ഷേപം കണ്ടെത്താനായിയെന്നും നെറ്റ്‌വർക്ക് നിർമ്മിക്കാൻ സഹായകമായെന്നും അവർ ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു. തന്റെ സംരംഭത്തിന്റെ ആദ്യ എഞ്ചിനീയറെ നിയമിച്ചതും ആക്സിലേറ്റർ പ്രോഗ്രാമിൽ നിന്നാണ്.
സ്വന്തമായി തുടങ്ങിയ സംരംഭത്തിന്റെ തിരക്കിലായിപ്പോയ പ്രഞ്ജലി തൽക്കാലം കോളേജിൽ പോകേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ നിയമവും മനഃശാസ്ത്രവും പോലുള്ള ബിസിനസിനസിനാവശ്യമായ വൈദഗ്ദ്യം പഠിയ്ക്കാൻ കോളേജിൽപ്പോകുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ തന്റെ സോഫ്റ്റ്വെയർ മെച്ചപ്പെടുത്തുന്നതിലും ഫണ്ട് റൈസിങ്ങിലും ആണ് പ്രഞ്ജലിയുടെ മുഴുവൻ ശ്രദ്ധയും.












Click it and Unblock the Notifications