'ഥാറില്‍ നിങ്ങള്‍ നല്‍കിയ വിശ്വാസത്തിന് നന്ദി'; നാജി നൗഷിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് ആയിരുന്നു മാഹിയില്‍ നിന്നും നാജി നൗഷി തന്റെ ഏറ്റവും പുതിയ ഥാറില്‍ ഖത്തറിലേക്കുള്ള യാത്ര പുറപ്പെട്ടത്. ഗതാഗത മന്ത്രി ആന്റണി രാജുവായിരുന്നു യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. അഞ്ച് കുട്ടികളുടെ മാതാവും വ്‌ളോഗറുമായ നാജിയുടെ യാത്ര സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരുന്നു. സാഹസികത ഇഷ്ടപ്പെടുന്ന നാജി ഇതിനോടകം തന്നെ ഒരുപാട് റോഡ് യാത്രകള്‍ നടത്തിയിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ കാണുന്നതിന് വേണ്ടിയായിരുന്നു നാജി ഖത്തറിലേക്ക് എത്തിയത്.
കണ്ണൂരില്‍ നിന്ന് ഏകദേശം 3000 കിലോമീറ്റര്‍ കടന്നാണ് നാജി ഖത്തറിലെത്തിയത്. ഒമാന്‍, യു എ ഇ, സൗദി അറേബ്യ വഴിയാണ് നാജി ഖത്തറിലേക്ക് ഥാര്‍ ഓടിച്ചത്. യാത്ര ഖത്തറിലെത്തി അവസാനിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ് നാജിയെ തേടി എത്തിയത്. ഇപ്പോഴിതാ നാജിയുടെ സാഹസിക യാത്രയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. നാജിയെ കുറിച്ച് ഇന്ത്യ ടുഡേ പങ്കുവച്ച വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര അഭിനന്ദനം അറിയിച്ചത്.

അര്‍ജന്റീനയുടെയും മെസ്സിയുടെയും വിജയത്തിനൊപ്പം, അവളുടെ ഇതിഹാസ യാത്രയും ഒരു വിജയമായിരുന്നെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. നാജി നൗഷിയെയും അവരുടെ സാഹസിക മനോഭാവത്തെയും അഭിവാദ്യം ചെയ്യുന്നു. ഥാറില്‍ നിങ്ങള്‍ നല്‍കിയ വിശ്വാസത്തിന് നന്ദി. ധൈര്യത്തോടെയും ലോകത്തെക്കുറിച്ചുള്ള ജിജ്ഞാസയോടെയും ആളുകളെ സന്തോഷിപ്പിക്കുന്ന ഒരു കാര്‍- ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, തന്റെ കാര്‍ ഒരു വീടാക്കി മാറ്റിയാണ് നാജി യാത്ര തിരിച്ചത്. ഭക്ഷണം, സ്റ്റൗ, കിടക്ക തുടങ്ങിയവ എല്ലാം തന്റെ വാഹനത്തില്‍ ഉണ്ടായിരുന്നു. മുംബൈയിലെത്തിയ വാഹനം ആദ്യം ഒമാനിലേക്ക് കപ്പല്‍ വഴി അയയ്ക്കുകയായിരുന്നു. ഇന്ത്യയിലെ ഒമാന്‍ എംബസിയില്‍ നേരിട്ടെത്തിയാണ് നാജി ഇതിന്റെ കാര്യങ്ങളൊക്കെ ശരിയാക്കിയത്.
ഇതാദ്യമായല്ല നാജി ഇത്രയധികം ദൂരം വാഹനം ഓടിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നേപ്പാളിലേക്ക് വാഹനത്തില്‍ യാത്ര തിരിച്ചിരുന്നു. ആഗസ്റ്റില്‍ ഇന്ത്യന്‍ പര്യടനം നടത്തിയിരുന്നു അവര്‍. 17 സംസ്ഥാനങ്ങളിലൂടെ 13000 കിലോമീറ്ററാണ് അന്ന് യാത്ര ചെയ്തത്. വലിയ ഫുട്ബോള്‍ ആരാധികയാണ് യുട്യൂബറായ നാജി നൗഷി. അര്‍ജന്റീനയുടെയും മെസ്സിയുടെയും ആരാധിക കൂടിയാണ് . 49 ദിവസത്തെ യാത്രാ വിശേഷങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.












Click it and Unblock the Notifications