പ്രായം വഴിമാറി, 90 കാരി സഹോദരിയെ കാണാന്‍ 94 കാരി സഞ്ചരിച്ചത് 2700 മൈല്‍!!
കൊവിഡ് കാലം ഓര്‍ക്കാന്‍ തന്നെ ഭയക്കുന്നവരാണ് നമ്മൡ പലരും. ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട് പരസ്പരം കാണാനാകാതെ ലോക്ക്ഡൗണ്‍ കാലത്ത് വിഷമിച്ചവരായിരിക്കും നമ്മളില്‍ പലരും. അതിനാല്‍ തന്നെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത് സ്വാതന്ത്ര്യം ലഭിച്ചതിന് തുല്യമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്. കൊവിഡ് കാലം ഏറ്റവും ബുദ്ധിമുട്ടിച്ചത് വയോധികരെയാണ്.
ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നവരായതിനാല്‍ തന്നെ ഇവരുടെ ജീവിതം ഏറെ പ്രതിസന്ധിയിലായിരുന്നു അക്കാലത്ത്. അതിനാല്‍ തന്നെ പല വയോധികരും തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി കാണാനാകാതെയാണ് ജീവിച്ചിരുന്നത്. എന്നാല്‍ ആ ഗണത്തില്‍പ്പെടാന്‍ എന്തായാലും ന്യൂ ഹാംഷെയറില്‍ നിന്നുള്ള 94 കാരിയായ ബാര്‍ബറ കരോളിന്‍ തയ്യാറായിരുന്നില്ല.

Image Credit: Screen Grab From Tik Tok
കിലോമീറ്ററുകള്‍ താണ്ടി 90 കാരിയായ തന്റെ സഹോദരി ഷേര്‍ളിയെ കണ്ടിരിക്കുകയാണ് ബാര്‍ബറ കരോളിന്‍. ഇരുവരുടേയും സമാഗമത്തിന്റെ വീഡിയോ ബാര്‍ബറ കരോളിന്റെ കൊച്ചുമകള്‍ ടിക് ടോക്കില്‍ പങ്ക് വെച്ചതോടെയാണ് ഇത് പുറംലോകമറിഞ്ഞത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. നമ്മള്‍ ഇനിയും കാണുമെന്നും ഭൂമിയില്‍ വെച്ചല്ലെങ്കില്‍ സ്വര്‍ഗത്തില്‍ വെച്ചായിരിക്കും അത് എന്നും ഷേര്‍ലി വീഡിയോയില്‍ ബാര്‍ബറയോട് പറയുന്നുണ്ട്.
കൊവിഡ് കാരണം 2020 മുതല്‍ ഇരുവരും തമ്മില്‍ കണ്ടിട്ടില്ല എന്നാണ് ബാര്‍ബറയുടെ കൊച്ചുമകള്‍ സ്റ്റെഫാനി ഷിവെലി പറയുന്നത്. സ്റ്റെഫാനി ഷിവെലിയും ബാര്‍ബറയ്‌ക്കൊപ്പം ഷേര്‍ലിയെ കാണാന്‍ എത്തിയിരുന്നു. ന്യൂ ഹാംഷെയറിലെ സീബ്രൂക്കിലുള്ള തന്റെ വീട്ടില്‍ നിന്ന് 2700 മൈലിലധികം യാത്ര ചെയ്താ് ബാര്‍ബറ സഹോദരിക്ക് സമീപമെത്തിയത്. തങ്ങള്‍ക്ക് അതിശയകരമായ ഒരു ജീവിതമുണ്ടായിരുന്നു എന്നാണ് വൃദ്ധസഹോദരങ്ങള്‍ കൂടിക്കാഴ്ചയ്ക്കിടെ സ്റ്റെഫാനി ഷിവെലിയോട് പറഞ്ഞത്.
കുടുംബാംഗങ്ങള്‍ക്ക് കാണുന്നതിനായാണ് സ്റ്റെഫാനി വീഡിയോ ടിക് ടോക്കില്‍ പങ്ക് വെച്ചത്. ഇത്തരത്തില്‍ വൈറലായി മാറും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് സ്റ്റെഫാനി ഷിവെലി പറയുന്നു. ചൊവ്വാഴ്ച വരെ ഏകദേശം 13 മില്യണ്‍ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. തങ്ങള്‍ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും പോയി കാണാന്‍ ഈ വീഡിയോ പ്രചോദിപ്പിക്കുമെന്നും സ്റ്റെഫാനി പറഞ്ഞു.
ഇത്രയധികം ഇരുണ്ട വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒരു ലോകത്തിന് ഊഷ്മളമായ ഒരു നിമിഷം നല്‍കാന്‍ തനിക്കും ബാര്‍ബറയ്ക്കും സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സ്റ്റെഫാനി ഷിവെലി പറയുന്നു. തങ്ങളുടെ കൂടിക്കാഴ്ചയുണ്ടാക്കിയ പ്രതികരണത്തില്‍ ബാര്‍ബറയും ഷെര്‍ലിയും ആശ്ചര്യപ്പെട്ടുവെന്ന് സ്റ്റെഫാനി ഷിവെലി പറഞ്ഞു.












Click it and Unblock the Notifications