'ഭക്ഷണത്തില്‍ അച്ഛന്‍ മണ്ണെണ്ണ ഒഴിച്ചു, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ബാല്യകാലം'; തുറന്നുപറഞ്ഞ് ജെന്‍സി
ജീവിതം എല്ലാവര്‍ക്കും പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരിക്കും. എന്നാല്‍ ഏത് വെല്ലുവിളികളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാന്‍ സാധിക്കുകയെന്നത് വലിയൊരു കാര്യം തന്നെയാണ്. ഇങ്ങനെ എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും പുഞ്ചിരിച്ചുകൊണ്ട് നേരിട്ട കോട്ടയം സ്വദേശിയായ ജെന്‍സി ജഗന്‍ എന്ന പെണ്‍കുട്ടിയുടെ കഥ കേള്‍ക്കേണ്ട ഒന്നാണ്.
ജെന്‍സിയുടെ ബാല്യകാലം ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. അച്ഛന്‍ കടുത്ത മദ്യുപാനിയായിരുന്നു. ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത ബാല്യകാലമായിരുന്നു ജെന്‍സിയുടേത്. അച്ഛന്റെ കള്ളുകുടിയും ഉപദ്രവവും കാരണം ബോര്‍ഡിംഗിലും റെയില്‍വെ സ്റ്റേഷനിലും ആയിരുന്നു സ്‌കൂള്‍ കാലഘട്ടം കഴിച്ചുകൂട്ടേണ്ടി വന്നത്. ഇപ്പോഴിതാ ജോഷ് ടോക്‌സില്‍ എത്തി ജെന്‍സി തന്റെ ജീവിതം തുറന്നുപറയുകയാണ്.

യൂട്യൂബറായ ജെന്‍സി, തന്റെ വ്‌ളോഗുകളിലൂടെ കാണുന്ന ആളല്ല താനെന്ന് പറയുന്നു. ജീവിതത്തില്‍ ഒരുപാട് വിഷമങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുവന്നിട്ടുള്ള ഒരാളാണ് ഞാന്‍. ഇപ്പോള്‍ എപ്പോഴും ഹാപ്പിയായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ഞാന്‍ ഒരിക്കലും ഞാന്‍ തിരിച്ചു പോകാന്‍ ആഗ്രഹിക്കാത്തത് എന്റെ കുട്ടിക്കാലത്തേക്കാണെന്ന് ജെന്‍സി പറയുന്നു.
മൂന്ന് വയസ് മുതല്‍ എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയാണ്. എനിക്ക് മൂന്ന് വയസുള്ളപ്പോഴാണ് അച്ഛന്‍ മദ്യപിക്കാന്‍ തുടങ്ങിയത്. ഞങ്ങളുടെ അമ്മ മൂന്ന് മക്കളുമായി അന്ന് മുതലാണ് അനുഭവിക്കാന്‍ തുടങ്ങിയത്. അച്ഛന്റെ മദ്യപാനം മൂലം ഓരോ ദിവസവും ഓരോ പ്രശ്‌നങ്ങളാണ് ഉണ്ടാകാറുള്ളത്. രാത്രി മുഴുവന്‍ ഇരുന്ന് കരഞ്ഞുകൊണ്ട് ഉറങ്ങാതെയാണ് പിറ്റേ ദിവസം സ്‌കൂളില്‍ പോകുക.
അച്ഛന്‍ എന്നും കള്ളുകുടിച്ച് വന്ന് അമ്മയെ തല്ലും. അമ്മയെ തല്ലുന്നത് കണ്ടുകൊണ്ടാണ് ഞങ്ങള്‍ സ്‌കൂളില്‍ പോയിരുന്നത്. ചിലപ്പോഴൊക്കെ രാത്രിയൊക്കെ ഭക്ഷണം കഴിക്കാതെ ഉറങ്ങിയിട്ടുണ്ടാവില്ല. അച്ഛന്‍ കള്ളു കുടിച്ച് ബോധമില്ലാതെ ചോറില്‍ മണ്ണെണ്ണ ഒഴിച്ചുവയ്ക്കുക. ഭക്ഷണത്തില്‍ ചാരം വാരിയിടുക. കള്ളുകുടിച്ച് അച്ഛന്‍ ചെയ്തുകൊണ്ടിരുന്നതിന് ഒരു കയ്യും കണക്കുമില്ലായിരുന്നു.
അമ്മയെ തല്ലുമ്പോള്‍ തല്ലല്ലേ, എന്ന് പറഞ്ഞ് കരയാന്‍ മാത്രമേ പറ്റുമായിരുന്നുള്ളൂ. നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളെ അമ്മ ഒരു മഠത്തില്‍ കൊണ്ടുവിടുകയാണ് ചെയ്യുന്നത്. പിന്നീട് ഒരു വര്‍ഷം ഞാനും അനിയത്തിയും മഠത്തിലായിരുന്നു. പിന്നീട് ഒരു വര്‍ഷം ഞാനും അനിയത്തിയും മഠത്തിലായിരുന്നു. അങ്ങനെ ഒരു വര്‍ഷം വലിയ കുഴപ്പമില്ലാതെ പോയി.
പിന്നീട് അച്ഛന്‍ കുറച്ച് കാലത്തേക്ക് മദ്യപാനം കുറച്ച് നിര്‍ത്തി. ആ ഒരു സമയത്തും ഞങ്ങള്‍ക്ക് അച്ഛന്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര പേടിയായിരുന്നു. കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്കൊക്കെ അച്ഛന്‍ തല്ലാറുണ്ടായിരുന്നെന്ന് ജെന്‍സി പറഞ്ഞു. അന്ന് അമ്മ വീട്ടുജോലിക്ക് പോയാല്‍ കിട്ടുന്ന പണം കൊണ്ട് ജിവിക്കാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ആണുങ്ങള്‍ പോകുന്ന ജോലിക്കായിരുന്നു അമ്മ പോയത്.
അന്ന കഷ്ടപ്പെട്ട് അധ്വാനിച്ച് കിട്ടുന്ന തുകയില്‍ നിന്ന് അച്ഛന് കുടിക്കാന്‍ കൂടി കൊടുക്കണമായിരുന്നു. അത്രയും സങ്കടപ്പെട്ടുകൊണ്ടാണ് അമ്മ വീട്ടില്‍ വന്നുകൊണ്ടിരുന്നത്. ആ സമയത്ത് അരെങ്കിലും ഒന്ന് ചേര്‍ത്തുപിടിക്കാനുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അച്ഛനെ ഇന്നേവരെ സ്‌നേഹത്തോടെ അച്ഛാ എന്ന് വിളിച്ചിട്ടില്ല. റീല്‍സിലൊക്കെ വീഡിയോ കാണുമ്പോള്‍ എനിക്ക് അത് പോലെ ഒരു അച്ഛനെ കിട്ടിയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നെന്ന് ജെന്‍സി പറഞ്ഞു.
21 വയസില്‍ കല്യാണം കഴിഞ്ഞതോടുകൂടിയാണ് ജെന്‍സി സന്തോഷം അനുഭവിച്ച് തുടങ്ങിയത്. ക്രാഫ്റ്റ് വീഡിയോസ് ചെയ്തുകൊണ്ട് ആണ് ജെന്‍സി യൂട്യൂബിലേക്ക് കടന്നു വരുന്നത്. പിന്നീട് സ്വന്തമായി ചാനല്‍ തുടങ്ങുകയായിരുന്നു. ഇന്ന് ഒരു ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സാണ് ജെന്‍സിക്കുള്ളത്.












Click it and Unblock the Notifications