ക്യാൻസർ മൂലം മരിക്കും മുമ്പ് സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റ്; യുവതി തുണയായത് ആയിരക്കണക്കിന് രോഗികൾക്ക്
ചില മനുഷ്യർ മരിച്ചാലും പലരുടേയും ഓർമ്മകളിലൂടെ ചിന്തകളിലൂടെ ഈ ലോകത്ത് ജീവിക്കും. ചിലരാവട്ടെ അവർ ചെയ്ത പ്രവൃത്തികളിലൂടെ ആയിരിക്കും ഓർമ്മിക്കപ്പെടുക. അത്തരത്തിൽ മരണത്തിന്റെ വക്കിൽ എത്തി നിൽക്കുമ്പോഴും തന്റെ ചുറ്റിലുമുള്ള മനുഷ്യരെക്കുറിച്ചോർക്കുകയും സങ്കടങ്ങൾക്ക് ആശ്വാസമാവുകയും ചെയ്ത യുവതിയെക്കുറിച്ചാണ് പറയുന്നത്. ഇന്ന് ആ യുവതി ഈ ലോകത്ത് ജീവിച്ചിരിപ്പില്ല.
ന്യൂയോർക്ക് സിറ്റിയിൽ അണ്ഡാശയ ക്യാൻസർ ബാധിച്ച് മരിച്ച ഒരു യുവതിയാണ് തന്റെ മരണത്തിന് ശേഷം ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുന്ന കാര്യം ചെയ്തത്. ബ്രുക്ലിനിലെ 38 കാരിയായ കേസി മക്കിന്റൈർ തന്റെ മരണത്തിന് മുമ്പ് സോഷ്യൽ മീഡിയയിൽ എഴുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

PC: X
നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ മരിച്ചിട്ടുണ്ടാവും. എന്നോട് ക്ഷമിക്കൂ. എങ്കിലും ആശുപത്രിച്ചെലവിനും മറ്റുമായി കടം വാങ്ങുകയും ബുദ്ധിമുട്ടുകയും ചെയ്യുന്നവർക്ക് ചിലത് ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നു. അതിന് വേണ്ടുന്ന ഏർപ്പാടുgകൾ ചെയ്തിട്ടുണ്ട്, എന്നായിരുന്നു കേസിയുടെ പോസ്റ്റ്...
ക്യാൻസർ പോലുള്ള അസുഖങ്ങൾക്ക് ചെലവേറിയ ചികിത്സകളാണെന്നും പലപ്പോളും ഇതിന് ആവശ്യമായ ഭീമമായ ചികിത്സാ ചെലവുകൾ താങ്ങാനാവാതെ കടത്തിൽ മുങ്ങുന്ന കാഴ്ചകൾ കാണാനാവുമെന്നും തനിക്ക് നല്ല ചികിത്സ ലഭിച്ചതിൽ ഏറെ ഭാഗ്യവതിയാണെന്നും കേസി പറയുന്നു.
ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഒരു ക്യാമ്പെയിൻ ആരംഭിച്ചത്, RIP മെഡിക്കൽ ഡെബ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പെയ്ൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ 139000 അധികം ഡോളർ സമാഹരിച്ചു.
നാലാം ഘട്ട അണ്ഡാശയ അർബുദത്തോട് പോരാടുമ്പോൾ ഉയർന്ന നിലവാരമുള്ള വൈദ്യ സഹായം ലഭ്യമാക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും മറ്റുള്ളവർക്കും ഇത് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അത് കൊണ്ടാണ് ഇങ്ങനെയൊരു ക്യാമ്പെയ്ൻ തുടങ്ങാൻ പദ്ധതിയിട്ടതെന്നും ആണ് കേസി പറഞ്ഞത്. ഇതുവരെ കേസിയുടെ പ്രചാരണം 17 മില്യൺ ഡോളറ്‍ വരെ അടയ്ക്കാത്ത മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ സാധിച്ചു.
കേസിയുടെ പോസ്റ്റ് ഒട്ടനവധി ആളുകളിലേക്ക് എത്തി. RIP മെഡിക്കൽ ഡെബ്റ്റ് എന്ന വെബ്സൈറ്റാണ് ഈ ക്യാമ്പെയിൻ സംഘടിപ്പിച്ചത്. ഏകദേശം 16 ദശലക്ഷം ആളുകൾക്ക് കുറഞ്ഞത് 1000 ഡോളറ്‍ മെഡിക്കൽ കടബാധ്യതയും മൂന്ന് ദശലക്ഷം ആളുകൾക്ക് 10000 ഡോളറിലധികം ബാധ്യതയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ












Click it and Unblock the Notifications