കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖിന് പുന: സമാഗമത്തിന്റെ മധുരം...

  • By Staff
Google Oneindia Malayalam News

ദുബായ്: ഏഴു ദിവസം അധോലോകക്കാരുടെ തടവില്‍ കഴിഞ്ഞ ശേഷം കമാന്റോ ഓപ്പറേഷനിലൂടെ സി ബി ഐ രക്ഷപ്പെടുത്തിയ വിദേശമലയാളി വ്യവസായി സിദ്ദിഖിന് ഒടുവില്‍ കുടുംബാംഗങ്ങളുമായി പുനസമാഗമം. അധോലോക സംഘത്തിന്റെ തടവില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സിദ്ദിഖ് മാര്‍ച്ച് 24 ശനിയാഴ്ച ദുബായില്‍ തന്റെ കുടുംബാംഗങ്ങളുമായി ഒത്തു ചേരുകയായിരുന്നു.

മാര്‍ച്ച് 11 ഞായറാഴ്ചയായിരുന്നു ദില്ലിയില്‍ വച്ച് കുപ്രസിദ്ധ അധോലോകനായകന്‍ ബബ്ലൂ ശ്രീവാസ്തവയുടെ സംഘം സിദ്ദിഖിനെ തട്ടിക്കൊണ്ടു പോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം ഏഴ് ദിവസം തടങ്കലിലാക്കി. മാര്‍ച്ച് 18 ഞായറാഴ്ച സി ബി ഐ യുടെ സായുധ സംഘം കമാന്റോ ഓപ്പറേഷനിലൂടെ അധോലോക സംഘത്തെ കീഴ്പ്പെടുത്തി സിദ്ദിഖിനെ രക്ഷപ്പെടുത്തുകയായിരുന്നു.

അബുദാബിയില്‍ ഹോട്ടല്‍ വ്യവസായിയായ സിദ്ദിഖ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ദില്ലിയിലെത്തിയതായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയെന്നും വീട്ടുകാരെ വീണ്ടും കാണാനായിയെന്നും ഇനിയും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് താനെന്ന് സിദ്ദിഖ് പറഞ്ഞു. ദുസ്വപ്നത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയതില്‍ ഞാന്‍ അങ്ങേയറ്റം ആഹ്ളാദവാനാണ് -നാലു കുട്ടികളുടെ അച്ഛനായ സിദ്ദിഖ് സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടി. തടങ്കലിലാക്കപ്പെട്ടതിനു ശേഷം രക്ഷപ്പെടുന്നതു വരെ ജീവന്‍ തിരിച്ചു കിട്ടുമെന്ന് താന്‍ കരുതിയിരുന്നില്ല. മോചനദ്രവ്യം കിട്ടണമെന്നാവശ്യപ്പെട്ട് അവര്‍ കഠിനമായി ഉപദ്രവിച്ചിരുന്നു. ഒന്‍പത് കോടിയില്‍ പരം രൂപയാണ് അവര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. കൊടുക്കാന്‍ എനിക്ക് യാതൊരു നിര്‍വാഹവുമുണ്ടായിരുന്നില്ല. വില പേശലിനു ശേഷം സംഖ്യ പകുതിയായി കുറച്ചു. അതും എനിക്ക് താങ്ങാനാവുമായിരുന്നില്ല. എനിക്ക് പ്രതീക്ഷകള്‍ നശിച്ചു. ഏതു നിമിഷവും മരിക്കാമെന്ന അവസ്ഥ- മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ സിദ്ദിഖ് പങ്കു വച്ചു.

സി ബി ഐ സംഘത്തിന്റെ കമാന്റോ ഓപ്പറേഷനിടയിലും താന്‍ കൊല്ലപ്പെട്ടേക്കും എന്നുറപ്പിച്ചിരുന്നതായി സിദ്ദിഖ് പറഞ്ഞു. കമാന്റോ സംഘത്തിനു നേരേ അധോലോക സംഘം തിരിച്ചു വെടിവച്ചു. ഒരു മണിക്കൂര്‍ നീണ്ട വെടിവയ്പിനു ശേഷവും ഞാന്‍ രക്ഷപ്പെട്ടത് അത്ഭുതം മാത്രമാണ്

തന്നെ രക്ഷപ്പെടുത്തിയ സി ബി ഐ സംഘത്തോടും യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ കെ.സി. സിംഹിനോടും തീര്‍ത്താല്‍ തീരാത്ത കടപ്പാട് തനിക്കുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. ഓപ്പറേഷനു ശേഷം രക്ഷപ്പെട്ട തനിക്ക് ആദ്യമായി ഫോണിലൂടെ വിളിച്ച് ക്ഷേമം അന്വേഷിച്ചതും അംബാസിഡറാണ്-സിദ്ദിഖ് നന്ദിയോടെ സ്മരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X