കണ്ണിലെ ഡാർക്ക് സർക്കിൾ കാരണം പ്രായം കൂടുതൽ തോന്നിക്കുന്നോ? മാറ്റാൻ ഇതാ എളുപ്പ വഴി


രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾക്ക് താഴെ ഡാർക്ക് സർക്കിളും കൺതടങ്ങളിൽ വീക്കവും കാണുന്നത് പലരെയും അസ്വസ്ഥമാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ഏതെങ്കിലും വിശേഷദിവസങ്ങളിലോ പാർട്ടികളിലോ പങ്കെടുക്കാൻ ഒരുങ്ങുമ്പോൾ ഇത് ആത്മവിശ്വാസം കുറയ്ക്കാൻ കാരണമാകും. വിദഗ്ധരുടെ അഭിപ്രായത്തിൽ, കണ്ണുകൾക്ക് താഴെയുള്ള ചർമ്മം വളരെ നേർത്തതും സെൻസിറ്റീവുമാണ്. അതുകൊണ്ട് തന്നെ ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഈ ഭാഗത്തെ പെട്ടെന്ന് ബാധിക്കും. പാരമ്പര്യം, ഉറക്കക്കുറവ്, കൺതടങ്ങളിലെ ചർമ്മത്തിന്റെ കനം കുറയുന്നത്, അലർജികൾ, കടുത്ത മാനസിക സമ്മർദ്ദം, തുടർച്ചയായി ഫോണിലും കമ്പ്യൂട്ടറിലും നോക്കിയിരിക്കുന്നത് മൂലമുണ്ടാകുന്ന കണ്ണിന്റെ ആയാസം എന്നിവയെല്ലാം കണ്ണിലെ ഡാർക്ക് സർക്കിളിന് കാരണമാകാറുണ്ട്.

Advertisement

കൺതടങ്ങളിലെ കറുപ്പ് നിറത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ

ഉറക്കമില്ലായ്മ: ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുമ്പോൾ ശരീരത്തിലെ ഓക്സിജൻ പ്രവാഹം കുറയുകയും ചർമ്മം വിളറിയതായി മാറുകയും ചെയ്യുന്നു. ഇത് കണ്ണിന് താഴെയുള്ള രക്തക്കുഴലുകൾ കൂടുതൽ വ്യക്തമായി കാണാൻ ഇടയാക്കും.

Advertisement

ശരീരത്തിൽ വെള്ളത്തിന്റെ കുറവ്: ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് കൺതടങ്ങൾ കുഴിഞ്ഞു പോകുന്നതിനും അവിടെ കറുത്ത നിഴൽ വീഴുന്നതിനും കാരണമാകും.

ഡോളറിനെ എല്ലാവരും കൈവിടുന്നോ? കേന്ദ്രബാങ്കുകള്‍ക്ക് സ്വര്‍ണപ്രേമം കൂടുന്നു, കാരണമിത്

ഭക്ഷണരീതിയും ജീവിതശൈലിയും: ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുന്നത്, പുകവലി, മദ്യപാനം എന്നിവ കൺതടങ്ങളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിനും കണ്ണ് വീർക്കുന്നതിനും കാരണമാകുന്നു.

ശ്രദ്ധിക്കേണ്ട ചർമ്മസംരക്ഷണ വഴികൾ

കൺതടങ്ങളിലെ ചർമ്മത്തിന് പ്രത്യേക പരിചരണം ആവശ്യമാണ്. ഈ ഭാഗം വൃത്തിയാക്കാൻ സൾഫേറ്റ് അടങ്ങിയിട്ടില്ലാത്ത വീര്യം കുറഞ്ഞ ഫേസ് വാഷുകൾ മാത്രം ഉപയോഗിക്കുക. രാത്രി എത്ര വൈകി വന്നാലും കെമിക്കലുകൾ അടങ്ങിയ മേക്കപ്പ് പൂർണ്ണമായി തുടച്ചുമാറ്റിയതിന് ശേഷം മാത്രം ഉറങ്ങാൻ ശ്രദ്ധിക്കുക. ഇതിനായി ഓയിൽ ഫ്രീ മിസെല്ലാർ വാട്ടർ ഉപയോഗിക്കാവുന്നതാണ്. കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ ഹൈലൂറോണിക് ആസിഡ്, വിറ്റാമിൻ സി, നിയാസിനാമൈഡ്, കഫീൻ എന്നിവ അടങ്ങിയ ഐ ക്രീമുകളോ സെറങ്ങളോ ദിവസത്തിൽ രണ്ടുനേരം ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും. വിരൽ ഉപയോഗിച്ച് വളരെ പതുക്കെ മാത്രം വേണം ഈ ക്രീമുകൾ കൺതടത്തിൽ പുരട്ടാൻ.

മഴക്കാലം വന്നതോടെ കൊതുകുശല്യവും കൂടിയോ? കൊതുകുകളെ ഓടിക്കാൻ 5 എളുപ്പവഴികൾ

വീട്ടിൽ ചെയ്യാവുന്ന എളുപ്പമുള്ള പ്രകൃതിദത്ത പ്രതിവിധികൾ

വെള്ളരിക്ക: തണുപ്പിച്ച വെള്ളരിക്ക കഷ്ണങ്ങൾ 10-15 മിനിറ്റ് നേരം കണ്ണിന് മുകളിൽ വെക്കുന്നത് കൺതടങ്ങളിലെ വീക്കം കുറയ്ക്കാനും ചർമ്മത്തിന് ഈർപ്പം നൽകാനും സഹായിക്കും.

തണുത്ത ടീ ബാഗുകൾ: ഉപയോഗിച്ച ഗ്രീൻ ടീ അല്ലെങ്കിൽ ബ്ലാക്ക് ടീ ബാഗുകൾ തണുപ്പിച്ച ശേഷം കണ്ണിന് മുകളിൽ വെക്കുക. ഇതിലടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റുകളും രക്തക്കുഴലുകളെ ചുരുക്കി വീക്കം കുറയ്ക്കും.

ഉരുളക്കിഴങ്ങ് നീര്: ഉരുളക്കിഴങ്ങിലുള്ള പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങൾ കരിവളയം മാറാൻ മികച്ചതാണ്. ഇതിന്റെ നീര് കോട്ടൺ പാഡിൽ മുക്കി 10 മിനിറ്റ് കൺതടങ്ങളിൽ വെച്ച ശേഷം കഴുകിക്കളയാം.

Advertisement

കറ്റാർവാഴ ജെല്ലും റോസ് വാട്ടറും: തണുത്ത റോസ് വാട്ടറിൽ മുക്കിയ കോട്ടൺ പാഡുകളോ ശുദ്ധമായ കറ്റാർവാഴ ജെല്ലോ കൺതടങ്ങളിൽ പുരട്ടുന്നത് ക്ഷീണം മാറാനും ചർമ്മത്തിന് തിളക്കം കിട്ടാനും സഹായിക്കും.

ഡാർക്ക് സർക്കിൾ വരാതെ എങ്ങനെ തടയാം?

വെയിലത്ത് ഇറങ്ങുമ്പോൾ കൺതടങ്ങളിൽ പിഗ്മെന്റേഷൻ കൂടാതിരിക്കാൻ സുഗന്ധദ്രവ്യങ്ങൾ ഇല്ലാത്തതും എസ്‌പിഎഫ് 30-ൽ കൂടുതലുമുള്ള സൺസ്‌ക്രീൻ പുരട്ടാൻ ശ്രദ്ധിക്കുക. പുറത്തുപോകുമ്പോൾ സൺഗ്ലാസുകൾ ധരിക്കുന്നത് ശീലമാക്കുക. കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ സ്ക്രീനുകളിലേക്ക് തുടർച്ചയായി നോക്കിയിരിക്കുന്നത് ഒഴിവാക്കി കൃത്യമായ ഇടവേളകളിൽ കണ്ണുകൾക്ക് വിശ്രമം നൽകുക. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ കൃത്യമായി ഉറങ്ങുന്നത് ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് അത്യാവശ്യമാണ്. യോഗ, ധ്യാനം തുടങ്ങിയവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും ഹോർമോൺ വ്യതിയാനങ്ങൾ തടഞ്ഞ് കൺതടങ്ങളിലെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും. പ്രശ്നം വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് കെമിക്കൽ പീലിംഗ് അല്ലെങ്കിൽ ലേസർ തെറാപ്പി പോലുള്ള ചികിത്സകൾ തേടാവുന്നതാണ്.