• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐ.എം. വിജയന്‍ വിടപറയുമ്പോള്‍

  • By Staff

സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തണമെന്ന അഭിപ്രായക്കാരനാണ് ഫുട്ബാള്‍ താരം ഐ.എം. വിജയന്‍. അതുകൊണ്ടാകാം തിളങ്ങിനില്ക്കുന്ന പ്രായത്തില്‍, മിന്നിനില്ക്കുന്ന ഫോമില്‍ ഫുട്ബാളില്‍ അന്താരാഷ്ട്രമത്സരങ്ങളില്‍ നിന്നും വിടപറയാന്‍ വിജയന്‍ തീരുമാനിച്ചത്.

2003 ഒക്ടോബര്‍ 31ന് ആഫ്രോ-ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ ഇന്ത്യയ്ക്ക് വേണ്ടി ഉസ്ബെക്കിസ്ഥാനെതിരെ പോരാടിയ ശേഷം വിജയന്‍ ജഴ്സി അഴിച്ചുവയ്ക്കും. ഇനി ഇന്ത്യയ്ക്ക് വേണ്ടി വിജയന്‍ കളിയ്ക്കില്ല. ഇന്ത്യന്‍ ക്യാപ്റ്റനായി ഞങ്ങളെ നയിക്കൂ എന്ന ബൈച്ചുംഗ് ബൂട്ടിയയുടെ അപേക്ഷയ്ക്കൊന്നും വിജയന്‍ ചെവിയോര്‍ക്കുന്നില്ല. നിശ്ചയദാര്‍ഢ്യത്തോടെ വിജയന്‍ പറയുന്നു: ഇത് എന്റെ അവസാനത്തെ കളിയാണ്.

ഇന്ത്യയുടെ കറുത്ത മുത്ത്- കളിക്കളങ്ങള്‍ വിജയന് സമ്മാനിച്ച ഓമനപ്പേര്. അതെ, വിജയന്‍ വന്നത് തെരുവോരങ്ങളില്‍ നിന്നാണ്. പട്ടിണിയില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നുമാണ്. അപ്പോഴെല്ലാം വിജയന് ഒരൊറ്റ ലക്ഷ്യമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ- വലിയൊരു ഫുട്ബാളര്‍ ആകണം. കുറെ ഗോളടിയ്ക്കണം. വലിയ ഫുട്ബാളറായി, കുറെ ഗോളുകളടിച്ചു. ഇനിയെന്ത്?

തൃശൂരിലെ മൈലിപ്പാടത്തെ കോളനികളില്‍ ഒന്നില്‍ ജനിച്ച് വളര്‍ന്ന വിജയന്‍ ആദ്യമൊക്കെ ജീവിക്കാന്‍ പണം കണ്ടെത്തിയത് സോഡ വിറ്റിട്ടാണ്. ഒരു സോഡയില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ പത്ത് പൈസ. സ്കൂളില്‍ നിന്ന് ചെറുപ്പത്തിലേ പുറത്തായ വിജയന്‍ പിന്നീട് ഫുട്ബാളില്‍ കമ്പം കണ്ടെത്തി. കൂലിത്തല്ലിന് പോയി ചെലവിന് പണം കണ്ടെത്തുന്ന കൂട്ടുകാരോടൊപ്പം വളര്‍ന്നത് വിജയനിലെ കളിക്കാരനെ നിര്‍ഭയനാക്കി.

പിന്നീട് വടക്കന്‍ കേരളത്തിന്റെ ഹരമായ സെവന്‍സ്ഫുട്ബാളില്‍ വിജയന്‍ ഹരമായി. വിജയിക്കണമെന്ന് താല്പര്യമുള്ള ക്ലബുകള്‍ വിജയനെ മത്സരിച്ച് വാടകയ്ക്കെടുത്തു. അവര്‍ക്ക് വേണ്ടി വിജയന്‍ എതിരാളികളുടെ വലകുലുക്കി.

ഇന്ത്യന്‍ കോച്ച് നൈമുദ്ദീനാണ് വിജയനിലെ താരത്തെ മൂശയിലിട്ട് വാര്‍ത്തെടുത്തത്. നൈസര്‍ഗ്ഗിക വാസനകളും ശാസ്ത്രീയ പരിശീലനത്തിന്റെ പാഠങ്ങളും ചേര്‍ന്നപ്പോള്‍ വിജയന്‍ ഒരു ടോട്ടല്‍ ഫുട്ബാളറായി. ഡിഫന്‍സിലും ആക്രമണനിരയിലും ഒരു പോലെ അനായാസം കളിയ്ക്കാന്‍ വിജയന് കഴിയും. വിജയന്റെ കഴിവ് കണ്ട ബംഗാളികള്‍ വിജയന് ചാര്‍ത്തിക്കൊടുത്ത ഒരു ഓമനപ്പേരുണ്ട്- കാലോ ഹരിണ്‍. കറുത്ത മാന്‍. കളിക്കളത്തില്‍ ആര്‍ക്കും പിടികൊടുക്കാതെ ഒരു മാനിനെപ്പോലെ വേഗത്തിലുള്ള കുതിപ്പാണ് വിജയനെ ബംഗാളികളുടെ കറുത്തമാനാക്കിയത്.

1987ല്‍ കേരള പൊലീസ് ടീമില്‍ അംഗമായാണ് വിജയന്‍ ദേശീയ ഫുട്ബാള്‍ രംഗത്തേക്ക് വരുന്നത്. പിന്നീട് സന്തോഷ് ട്രോഫിയില്‍ തിളങ്ങിയ വിജയന്‍ ഇന്ത്യയ്ക്ക് വേണ്ടിയും കുപ്പായം അണിഞ്ഞു. വിജയന്റെ താരമൂല്യം കണ്ടറിഞ്ഞ ബംഗാളിലെ വന്‍ക്ലബുകള്‍ ഈ താരത്തിന് ലക്ഷങ്ങള്‍ വിലപറഞ്ഞു. അങ്ങിനെ മോഹന്‍ബാഗാനിലും ഈസ്റ്ബംഗാളിലും എല്ലാം വിജയന്‍ മാറിമാറിക്കളിച്ചു. ബൈചുംഗ് ബൂട്ടിയയ്ക്ക് മുമ്പ് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഫുട്ബാളറായിരുന്നു വിജയന്‍.

നല്ല പന്തടക്കം, അസാമാന്യ ശാരീരക ചലനങ്ങള്‍, കരുത്തുറ്റ ഷൂട്ട്, പ്രതിരോധനിരയെ കീറിമുറിക്കാനുള്ള കൗശലം, അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള അസാമാന്യ പാടവം- ഇതൊക്കെ വിജയന്റെ അസമാനതകള്‍. എല്ലാറ്റിനും പുറമെ കളി ജയിപ്പിക്കാനും ടീം സ്പിരിറ്റിന് ആക്കം കൂട്ടാനും വിജയന് ഒരു പ്രത്യേകം കഴിവുണ്ട്.

ഒട്ടേറെ അവാര്‍ഡുകളും വിജയനെ തേടിവന്നു. ഏറ്റവും ഒടുവിലത്തേത് അര്‍ജുന അവാര്‍ഡ്. സന്തോഷ്ട്രോഫിയില്‍ മികച്ച കളിക്കാനായി തിരഞ്ഞെടുക്കപ്പെടുക വഴി 1993ലെ മനോരമയുടെ സുവര്‍ണ്ണപാദുകം വിജയന്‍ നേടി. അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ 1999ലെ ഇന്ത്യയിലെ മികച്ച താരമായി തിരഞ്ഞെടുത്തത് വിജയനെയാണ്. ഏറ്റവും വേഗം കൂടിയ ഗോള്‍ എന്ന റെക്കോഡ് ഇപ്പോഴും വിജയന്റെ പേരിലാണ്. 1999ലെ സാഫ് ഗെയിംസില്‍ 12ാം സെക്കന്റിലാണ് വിജയന്‍ ഇന്ത്യയ്ക്ക് വേണ്ടി ഭൂട്ടാനെതിരെ ഗോള്‍ നേടിയത്.

ഇതിനിടെ വിജയന്‍ സിനിമയിലും ഒരു കൈ പയറ്റി. സംവിധായകന്‍ ജയരാജാണ് വിജയനെ സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. വിജയന്റെ ആദ്യ സിനിമ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ചുള്ളതായിരുന്നു. പിന്നീട് ഒന്നു രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചു. സിനിമാഭിനയത്തിലൂടെ കിട്ടുന്ന പണം കൂടി തന്റെ ഫൗണ്ടേഷന് വേണ്ടി മുടക്കാനാണ് വിജയന്‍ ആലോചിയ്ക്കുന്നത്.

ഇനി വിജയന്റെ ലക്ഷ്യം തന്റെ ഫുട്ബാള്‍ അക്കാദമിയില്‍ നിന്ന് ഇന്ത്യയ്ക്ക് വേണ്ടി കരുത്തുറ്റ ഭാവിതാരങ്ങളെ വാര്‍ത്തെടുക്കുക എന്നതായിരിക്കും. ഐ.എം. വിജയന്‍ തൃശൂരില്‍ 2001ല്‍ സ്ഥാപിച്ച സ്പോര്‍ട്സ് ഫൗണ്ടേഷനില്‍ ഇപ്പോള്‍ 30 കുട്ടികള്‍ പരിശീലനം തേടുന്നു. ഇതിനകം വിജയന്‍ 25 ലക്ഷത്തോളം രൂപ ഈ ഫൗണ്ടേഷനായി മുടക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി അഞ്ചേക്കര്‍ ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് കടലാസില്‍ ഉറങ്ങുന്നു. ബ്രസീല്‍, ജര്‍മ്മനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ഫുട്ബാള്‍ അക്കാദമികളോട് പരിശീലനകാര്യത്തില്‍ സഹായം ആവശ്യപ്പെട്ട്വിജയന്‍ എഴുതിയിട്ടുണ്ട്.

ഇപ്പോള്‍ ജെസിടി മില്‍സ് താരമായ വിജയന്‍ പക്ഷെ ദേശീയ ഫുട്ബാളില്‍ രണ്ട്വര്‍ഷം കൂടി കളിയ്ക്കും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more