505 സ്‌ക്രീനിലും കുറുപ്പ് ഹൗസ്ഫുള്‍, മരക്കാറിന് എല്ലാ തിയേറ്ററും നല്‍കില്ല, ഫിയോക് നിലപാട് ഇങ്ങനെ
വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ തിയേറ്റര്‍ റിലീസ് തന്നെ ചെയ്യുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇതെല്ലാം കുറുപ്പ് ഉണ്ടാക്കിയ ഓളം കൊണ്ടാണെന്ന് തുറന്ന് പറയുകയാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍.
കേരളത്തില്‍ വന്‍ തരംഗം തീര്‍ത്തിരിക്കുകയാണ് കുറുപ്പെന്ന് അദ്ദേഹം പറയുന്നു. മരക്കാറിന്റെ കാര്യത്തില്‍ റിലീസിന് ചില വിട്ടുവീഴ്ച്ചകള്‍ ആന്റണി പെരുമ്പാവൂര്‍ ചെയ്യേണ്ടി വരുമെന്നും ഫിയോക് സൂചിപ്പിക്കുന്നു. എല്ലാ തിയേറ്ററും നല്‍കില്ലെന്നാണ് വ്യക്തമാകുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് വെള്ളിയാഴ്ച്ചയാണ് റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മരക്കാറിന് മറുപടി നല്‍കിയത്. കുറുപ്പ് ആദ്യ ദിനം നേടിയ കളക്ഷന്‍ ഒടിടിയിലേക്ക് സിനിമ സ്വാഗതം ചെയ്യുന്ന ചിലര്‍ക്കുള്ള ചുട്ട മറുപടിയാണെന്ന് വിജയകുമാര്‍ പറഞ്ഞു. കേരളത്തില്‍ കുറുപ്പ് ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ച 505 സ്‌ക്രീനുകളിലും ഫസ്റ്റ് ഷോ ഹൗസ് ഫുള്‍ ആണ്. അങ്ങനെയൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു. ഇത് മരക്കാറിനെ ഉന്നമിട്ടിട്ടുള്ള പരാമര്‍ശമായിരുന്നു.

ദുല്‍ഖറിന്റെ ചിത്രത്തിന്റെ പലയിടത്തെയും ബുക്കിംഗ് ഞായറാഴ്ച്ച വരെ പലയിടത്തും ഫുള്ളാണ്. ആരാധകര്‍ മികച്ച വരവേല്‍പ്പാണ് കുറുപ്പിന് നല്‍കിയത്. ഒരുവശത്ത് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് ഉണ്ടെന്നും ആരാധകര്‍ പരാതിപ്പെടുന്നുണ്ട്. അതേസമയം ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍ വരുന്ന ചിത്രമായിരിക്കും കുറുപ്പ് എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. ചിത്രത്തിന് രണ്ടാം ഭാഗം വരാന്‍ സാധ്യതയുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഉണ്ടാവില്ലെന്നാണ് കുറുപ്പിന്റെ ടീം നല്‍കുന്ന സൂചന. എന്തായാലും തിയേറ്ററുകളെ വീണ്ടും സജീവമാക്കിയതിന്റെ എല്ലാ ക്രെഡിറ്റും ഫിയോക് നല്‍കുന്നത് കുറുപ്പിനും ദുല്‍ഖര്‍ സല്‍മാനുമാണ്.

ചിത്രത്തിന് 40 കോടി രൂപയാണ് ഒടിടിയില്‍ നിന്ന് വന്ന ഓഫറെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് ലൈഫാണ് ഈ കണക്കിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടി ഇടപെട്ടാണ് ഈ ചിത്രം തിയേറ്ററില്‍ റിലീസാവുന്നത് എന്നാണ് ഫിയോക് നേരത്തെ പറഞ്ഞിരുന്നത്. മമ്മൂട്ടി സിനിമ കണ്ടത് പരമാവധി തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ പറഞ്ഞുവെന്ന് ദുല്‍ഖറും പറഞ്ഞിരുന്നു. എന്തായാലും വമ്പന്‍ റിലീസാണ് കുറുപ്പിന് കിട്ടിയത്. രണ്ടാഴ്ച്ച ഓപ്പണ്‍ വിന്‍ഡോയും തിയേറ്റര്‍ ഉടമകള്‍ കുറുപ്പിന് വാഗ്ദാനം ചെയ്തിരുന്നു. മരക്കാര്‍ വരുന്നത് വരെ കുറുപ്പിന് എതിരാളികളില്ലാതെ മുന്നോട്ട് പോവുകയും ചെയ്യാം.

അതേസമയം ആന്റണി പെരുമ്പാവൂര്‍ കുറുപ്പിന്റെ ബുക്കിംഗ് കണ്ടിട്ട് മാത്രമാണ് മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതെന്ന് വിജയകുമാര്‍ പറഞ്ഞു. നേരത്തെ ലിബര്‍ട്ടി ബഷീറും ഇക്കാര്യം പറഞ്ഞിരുന്നു. ആന്റണിയുടെ ചിത്രം തിയേറ്റര്‍ ളിസീസ് ചെയ്യുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ സാക്ഷിയാണ് താന്‍. കുറുപ്പിന് ഫിയോക്കിന്റെ മുഴുവന്‍ തിയേറ്ററുകളും നല്‍കിയിട്ടുണ്ട്. ആദ്യം 400 തിയേറ്റര്‍ മാത്രമാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നത്. പിന്നീടാണ് ഇത് എല്ലാ തിയേറ്ററിലേക്കും മാറ്റിയതെന്നും വിജയകുമാര്‍ പറഞ്ഞു.

കുറുപ്പിന് എല്ലാ തിയേറ്ററും നല്‍കാന്‍ കാരണമുണ്ട്. രജനീകാന്തിന്റെ അണ്ണാത്തെ വിചാരിച്ച പോലെ പ്രേക്ഷക തള്ളിക്കയറ്റമില്ലാത്ത സാഹചര്യത്തില്‍ ഒഴിവുവന്ന 505 തിയേറ്ററുകള്‍ കുറുപ്പ് നേടുകയായിരുന്നുവെന്ന് വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ മരക്കാറിന് ചില നിബന്ധനകളും ഫിയോക് പ്രസിഡന്റ് മുന്നോട്ട് വെച്ചു. മരക്കാര്‍ തിയേറ്റര്‍ കളിക്കുന്നുണ്ടെങ്കിലും ഫിയോക്കിന്റെ എല്ലാ തിയേറ്ററുകളും നല്‍കില്ല. കുറുപ്പ് നിലനിര്‍ത്തി കൊണ്ട് മരക്കാര്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു. ഇതോടെ എല്ലാ തിയേറ്ററിലും ചിത്രമിറക്കാനുള്ള ആന്റണിയുടെ നീക്കം ഫലിക്കില്ല. ഡിസംബര്‍ രണ്ടിനാണ് മരയ്ക്കാര്‍ റിലീസ് ചെയ്യുക.












Click it and Unblock the Notifications