ഫിയോക്ക് വാശി പിടിക്കരുതെന്ന് ലിബര്‍ട്ടി ബഷീര്‍, കടുപ്പിച്ച് ആന്റണി, ഇടഞ്ഞ് തിയേറ്ററുകള്‍
കൊച്ചി: മരയ്ക്കാര്‍ റിലീസിന്റെ പേരില്‍ മലയാള സിനിമയില്‍ പോര് മുറുകുന്നു. മരയ്ക്കാര്‍ മാത്രമല്ല ഇനിയുള്ള ആശീര്‍വാദ് ഫിലിംസിന്റെ പല ചിത്രങ്ങളും ഒടിടിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. നേരത്തെ തന്നെ ഇനി തിയേറ്ററുകള്‍ക്ക് മരയ്ക്കാര്‍ വേണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു ഫിയോക്.
ഇതിനുള്ള മറുപടിയെന്നോണമാണ് ആന്റണി അടുത്ത റിലീസുകളെല്ലാം ഒടിടിക്ക് കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം മറ്റ് റിലീസുകളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് തിയേറ്റര്‍ ഉടമകള്‍. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പാണ് വമ്പന്‍ റിലീസിനായി മലയാളത്തില്‍ തയ്യാറെടുക്കുന്നത്.

മരയ്ക്കാര്‍ ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റ് സുരേഷ് കുമാറാണ് വ്യക്തമാക്കിയത്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ വ്യക്തമാക്കി. മരയ്ക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ അഡ്വാന്‍സ് തുക വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാനാവില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ പറഞ്ഞിരുന്നു. നൂറ് കോടിയാണ് മരയ്ക്കാറിന്റെ ബജറ്റ്. 15 കോടി വരെ നല്‍കാമെന്നാണ് ഫിയോക് നേരത്തെ പറഞ്ഞിരുന്നത്. മൂന്നാഴ്ച്ച ഓപ്പണ്‍ റിലീസ് നല്‍കാമെന്നും അറിയിച്ചിരുന്നു. നാലാഴ്ച്ചത്തേക്ക് പടം മാറ്റരുതെന്നായിരുന്നു ആന്റണിയുടെ ആവശ്യം.

അതേസമയം ചിത്രം തിയേറ്റര്‍ റിലീസാവാത്തതില്‍ ഫിയോക്കിനെയാണ് ലിബര്‍ട്ടി ബഷീര്‍ കുറ്റപ്പെടുത്തുന്നത്. ഫിയോക് റിലീസിന്റെ കാര്യത്തില്‍ വാശിപിടിക്കരുതെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ റിലീസില്ലെന്ന വാശിയിലാണ്. തിയേറ്റര്‍ റിലീസ് ചെയ്യാത്തതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടെന്നും, അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും ആന്റണി വ്യക്തമാക്കി. ഈ സിനിമ തിയേറ്ററുകള്‍ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു ആ ഗ്രഹം. എന്നാല്‍ ചര്‍ച്ചയ്ക്ക് പോലും തിയേറ്റര്‍ ഉടമകള്‍ തയ്യാറായില്ലെന്നും ആന്റണി പറയുന്നു.

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും അടക്കം എല്ലാവരുടെയും നിര്‍ദേശങ്ങള്‍ കേട്ട ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. തിയേറ്ററുകള്‍ തുറക്കുമ്പോള്‍ അവര്‍ വേറെ പടങ്ങള്‍ ചാര്‍ട്ട് ചെയ്ത് കളിക്കുന്നു. മരയ്ക്കാര്‍ എന്ന് റിലീസ് ചെയ്യുമെന്ന് തിയേറ്റര്‍ ഉടമകള്‍ തന്നോട് ചോദിച്ചിട്ട് പോലുമില്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. സാധാരണ ബജറ്റിലുള്ള സിനിമ ആണെങ്കില്‍ ഇങ്ങനെയുണ്ടാവില്ല. ഇത് വലിയ ബജറ്റാണ്. മുന്നോട്ട് പോകണമെങ്കില്‍ തനിക്ക് പണം തിരിച്ച് കിട്ടണം. കാണുന്ന സ്വപ്‌നം നേടണമെങ്കില്‍ നമുക്ക് ബലം വേണമം. ഇങ്ങനെയാണ് ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ലാല്‍ സാര്‍ എന്നോട് പറഞ്ഞതെന്നും ആന്റണി വ്യക്തമാക്കി.

തിയേറ്ററുകാര്‍ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം സഹിക്കാന്‍ പോലുമാകുന്നില്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന നിലപാടിലാണ്. അതൊരിക്കലും അംഗീകരിക്കാനാവില്ല. തിയേറ്ററുകാര്‍ ഒരു കോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കൈയ്യില്‍ വെച്ചത് തിയേറ്ററില്‍ കളിക്കാമെന്ന വിചാരത്തില്‍ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്‌ക്രീനുകള്‍ ലഭിച്ചിട്ടില്ല. നഷ്ടം വന്നാല്‍ മുന്നോട്ട് പോകാനാവില്ല. അത്ര മാത്രം പണം ഈ ചിത്രത്തിനായി മുടക്കിയിട്ടുണ്ട്. ജീവിത പ്രശ്‌നമാണ്. 40 കോടി അഡ്വാന്‍സ് വാങ്ങിയിട്ടില്ല. 4.89 കോടി മാത്രമാണ് വാങ്ങിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രവും ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി വ്യക്തമാക്കി.

ആന്റണിക്ക് ഫിയോക്കിന്റെ മറുപടിയും എത്തിയിട്ടുണ്ട്. ഫിയോക്ക് മരയ്ക്കാറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതല്ല. ഏകപക്ഷീയമായി അങ്ങനൊരു തീരുമാനവും എടുത്തിട്ടില്ല. ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത് ആന്റണി പെരുമ്പാവൂരാണെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. മരയ്ക്കാറിനെതിരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. 40 കോടി രൂപ നല്‍കിയെന്ന് ഫിയോക്കിലെ ആരും പറഞ്ഞിട്ടില്ല. 500 സ്‌ക്രീനുകളും 15 കോടി രൂപയും ഉറപ്പ് നല്‍കിയിരുന്നു. തിയേറ്റര്‍ ഉടമകള്‍ക്ക് വലിയ ബാധ്യത ഉണ്ടാകാത്ത തരത്തില്‍ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായി. എന്നാല്‍ നേരത്തെ തന്നെ ഒടിടിയുമായി മരയ്ക്കാര്‍ കരാര്‍ ഒപ്പിട്ടതാണെന്നും വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications