ക്രിസ്തുചിത്രം: സൂര്യ- കേരള കൗമുദി ഏറ്റുമുട്ടല്‍
മാധ്യമങ്ങളുടെ പോര് കേരളീയര്‍ക്ക് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല, മാതൃഭൂമിയും മനോരമയും ദേശാഭിമനിയും തമ്മിലുള്ള പോര് കുറെ കണ്ടിട്ടുള്ളതും കണ്ടുകൊണ്ടിരിയ്ക്കുന്നവരുമാണ് മലയാളികള്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച സൂര്യ ടിവിയും കേരള കൗമുദി പത്രവും തമ്മിലുള്ള വാര്‍ത്താ യുദ്ധം പരിധികള്‍ വിടുകയാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.
കേരള കൗമുദി ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള കേരള കൗമുദി ആഴ്ചപ്പതിപ്പില്‍ വന്ന വിവാദ ചിത്രത്തെ ചൊല്ലി സൂര്യ ന്യൂസില്‍ വന്ന വാര്‍ത്തയാണ് പോരിന് തുടക്കമിട്ടത്. ഒരു കൈയ്യില്‍ മദ്യക്കുപ്പിയും മറുകയ്യില്‍ എരിയുന്ന സിഗരറ്റുമായി ക്രിസ്തു ദേവന്റെ ചിത്രമാണ് കേരള കൗമുദി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നത്.
തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യത്തിന്റെ അഭിമുഖത്തിനൊപ്പമാണ് വിവാദ ചിത്രമുള്ളത്. സൂസൈപാക്യത്തിന്റെ ചിത്രവും അതിനു താഴെയായി ക്രിസ്തുവിന്റെ ചിത്രവുമാണ് ചേര്‍ത്തിരിക്കുന്നത്. വാര്‍ത്തയുമായി പുലബന്ധം പോലുമില്ലാത്ത ചിത്രം മതവിശ്വാസികളെ ഏറെ വ്രണപ്പെടുത്തുന്നതാണ്.
സംഭവം പ്രശ്‌നമാകുമെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ കോപ്പികള്‍ കൂട്ടത്തോടെ തിരിച്ചുവാങ്ങുകയും ചെയ്തു. ഏജന്റുമാര്‍ക്ക് അയച്ച ശേഷമാണ് കാര്യത്തിന്റെ ഗൗരവം അവര്‍ തിരിച്ചറിഞ്ഞത്. ഇതേത്തുടര്‍ന്ന് തിരക്കിട്ട് എല്ലാ ഏജന്റുമാരില്‍ നിന്നും തിരിച്ചുവാങ്ങിയെങ്കിലും അതിനിടയില്‍ കുറേ കോപ്പികള്‍ വായനക്കാരുടെ കയ്യിലെത്തിക്കഴിഞ്ഞിരുന്നു. ഇങ്ങനെ പുറത്തുവന്ന വാരികയുടെ കോപ്പികളിലൊന്നിനെ ആസ്പദമാക്കിയാണ് സൂര്യ ന്യൂസ് ടീം വാര്‍ത്ത തയാറാക്കിയത്.
ഇതിനിടെ വാരികയില്‍ വന്ന ചിത്രം സാങ്കേതിക വിഭാഗത്തിലുണ്ടായ പിഴവു മൂലമാണെന്ന് കേരള കൗമുദി പത്രം വ്യക്തമാക്കി. ചിത്രം പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ക്ഷമാപണം അവര്‍ നടത്തുകയും ചെയ്തു. എന്നാല്‍ സൂര്യ ന്യൂസ് ഈ വാര്‍ത്ത തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തതോടെ ചാനലും പത്രവും തമ്മിലുള്ള പോര് കൊഴുക്കുകയായിരുന്നു.
ക്രിസ്തുദേവന്റെ വിവാദ ചിത്രം തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്നതിലൂടെ സൂര്യ ടിവി കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കേരള കൗമുദി ആരോപിയ്ക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് പഠിയ്ക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി തെളിവെടുപ്പ് നടത്താനിരിക്കെ, കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് ഡിഎംകെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂര്യ ടിവി ശ്രമിയ്ക്കുന്നതെന്നാണ് പത്രത്തിന്റെ കണ്ടെത്തല്‍.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ എന്നും തമിഴ്‌നാടിന്റെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ചാനല്‍ സന്ദര്‍ഭം നോക്കി വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിച്ച് ജനശ്രദ്ധ തിരിയ്ക്കാനാണ് ശ്രമിയ്ക്കുന്നതെന്നും പത്രം ആരോപിയ്ക്കുന്നു. ക്രിസ്തുദേവനെ അവഹേളിക്കുന്ന ചിത്രം ചാനലിലൂടെ ആവര്‍ത്തിച്ചു കാണിച്ചു കൊണ്ടാണ് ചാനല്‍ ഇത് ചെയ്യുന്നതെന്നും കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു.












Click it and Unblock the Notifications