കണ്ണീരോടെ അന്ന് ഞാന്‍ ഒരു പ്രതിജ്ഞയെടുത്തു: 16 വർഷത്തിന് ശേഷം അത് സാധ്യമാക്കിയെന്ന് റോബിന്‍
ഗ്രാന്‍ഡ് ഫിനാലെ വരെ പോലും എത്തിയില്ലെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ഐക്കണായി മാറിയ മത്സരാർത്ഥികളിലൊരാളാണ് റോബിന്‍ രാധാകൃഷ്ണന്‍. വലിയ ആരാധക സമൂഹമുള്ള താരത്തിന് അതുപോലെ വിമർശകർക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. സഹമത്സരാർത്ഥിയെ ശാരീരികമായി അക്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷവും റോബിന്‍ ആരാധകരും വിമർശകരും സോഷ്യല്‍ മീഡിയയിലും മറ്റും പരസ്പരം പോരടിക്കുന്നതാണ് കണ്ടത്.
റോബിന്‍-ദില്‍ഷ വിഷയമൊക്കെ ഈ സമയത്താണ് കൂടുതല്‍ സജീവ ചർച്ചാ വിഷയമാവുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി നടക്കുന്ന റോബിന്‍ ആരതിയുമായുള്ള വിവാഹവും ഉറപ്പിച്ച് പുതിയ സിനിമ തിരക്കുകളിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് വർക്കലിയില്‍ താന്‍ പഠിച്ച സ്കൂളിലെത്ത് റോബിന്‍ നടത്തി പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ഇത്രയും നാള്‍ ഈ സ്കൂളില്‍ പഠിച്ചെങ്കിലും ആദ്യമായിട്ടാണ് ഈ മൈക്കില്‍ സംസാരിക്കാന്‍ അവസരം കിട്ടുന്നതെന്ന് വ്യക്തമാക്കി കൊണ്ടാണ് സ്കൂള്‍ വേദിയില്‍ റോബിന്‍ തന്റെ സംസാരം ആരംഭിക്കുന്നത്. എപ്പോഴെങ്കിലും ഈ വേദിയില്‍ വന്ന് സംസാരിക്കണമെന്ന് പഠിക്കുന്ന കാലത്തൊക്കെ ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് ഓർമ്മകളാണ് ഈ ഒരു സ്കൂളിലേക്ക് എത്തുമ്പോള്‍ മനസ്സിലേക്ക് ഓടി വരുന്നതെന്നും റോബിന്‍ വ്യക്തമാക്കുന്നു.
ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം

ഏറ്റവും നല്ല ഓർമ്മകളാണ് സ്കൂള്‍ ജീവിതത്തിലുള്ളത്. അധികം പഠിക്കാത്ത, ശരാശരിയിലും താഴെയുള്ള പിന്നിലെ ബഞ്ചുകാരനായ ഒരു വിദ്യാർത്ഥിയായിരുന്നു ഞാന്‍. മിക്ക പരീക്ഷകളിലും തോല്‍ക്കുന്ന ഒരു കുരുത്തംകെട്ട ആ കുട്ടി അധ്യപകർക്ക് എന്നും ഒരു തലവേദനയായിരുന്നു. ഒരുപാട് വഴക്കുകള്‍ കേട്ടു. നല്ല രീതിയില്‍ അവർ പഠിപ്പിക്കുമെങ്കിലും ജീവിതത്തില്‍ ഒരു ലക്ഷ്യബോധമില്ലാത്ത കുട്ടിയായിരുന്നു അന്ന് ഞാന്‍.

55 ശതമാനം മാർക്കുമായാണ് പത്താംക്ലാസ് കഴിഞ്ഞ് പോവുന്നത്. അന്ന് കണ്ണുനീരോടെയാണ് ഇവിടെ നിന്ന് പോയതെങ്കിലും എന്നെങ്കിലും ഈ സ്കൂളിലേക്ക് മടങ്ങി എത്തുന്നുണ്ടെങ്കില്‍ അത് ഒരു ഗസ്റ്റ് ആയിട്ടായിരിക്കുമെന്ന് ഒരു പ്രതിജ്ഞ എടുത്തിരുന്നു. അത് എന്റെ ഒരു വലിയ ആഗ്രമായിരുന്നു. അത് ഇന്ന് ഇവിടെ സാധ്യമായിരിക്കുന്നു. അതിലേക്ക് എത്താന്‍ വേണ്ടി 16 വർഷം ഞാന്‍ കഷ്ടപ്പെട്ടുവെന്നും റോബിന്‍ പറയുന്നു.

എന്റെതായ പരിമിതികളില്‍ നിന്നുകൊണ്ട് തന്നെ കഠിനാധ്വാനത്തിലൂടെ മുന്നേറുകയായിരുന്നു. സ്റ്റേജ് ഫിയർ ഏറ്റവും കൂടുതലുള്ള കുട്ടിയില്‍ നിന്നും ഇങ്ങനെ ഇവിടെ വന്ന് സംസാരിക്കാന്‍ പറ്റുമെന്നുണ്ടെങ്കില്‍ അത് നമ്മുടെ ആത്മവിശ്വാസമാണ്. എന്നെ തന്നെ വിശ്വസിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയപ്പോഴാണ് എന്റെ ജീവിതം മാറി തുടങ്ങിയത്. നമ്മള്‍, നമ്മളെ തന്നെ വിശ്വസിക്കുക ലക്ഷ്യബോധത്തോടെ കഷ്ടപ്പെട്ട് മുന്നേറുകയും വേണം.

കഠിനാധ്വാനം ഇല്ലാതെ നമുക്ക് എങ്ങോട്ടും എത്താന്‍ കഴിയില്ലെന്ന് എന്റെ ഈ ചെറിയ ജീവിതം കൊണ്ട് തന്നെ എനിക്ക് മനസിലായി. അന്ന് അധ്യാപകർ പറയുന്നത് മനസ്സിലാക്കി മുന്നോട്ട് പോയിരുന്നെങ്കില്‍ ജീവിതം കുറച്ചുകൂടെ എളുപ്പത്തിലാക്കാനം നേരത്തെ തന്നെ ഈ വേദിയില്‍ എത്താനും സാധിക്കുമായിരുന്നു. അതുകൊണ്ട് എല്ലാവരും അധ്യാപകർ പറയുന്നത് ശ്രദ്ധാപൂർവ്വം മനസ്സിലാക്കണം.

ഒരു ഡോക്ടർ ആയതിന് ശേഷമാണ് ഞാന്‍ എന്റെ പാഷന് പിറകെ പോവാന്‍ തുടങ്ങിയത്. ജീവിതത്തില്‍ കരിയറും പാഷനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. സ്കൂള്‍ കാലഘട്ടം എനിക്ക് തിരിച്ച് കിട്ടിയിരുന്നുവെങ്കിലെന്ന് ഈ 32-ാം വയസ്സില്‍ ഞാന്‍ ആലോചിക്കും. അങ്ങനെയെങ്കില്‍ അധ്യാപകരില്‍ നിന്നും എന്തൊക്കെ വിവരങ്ങള്‍ നേടാമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഈ ഒരു സമയത്തിന്റെ പ്രധാന്യം മനസ്സിലാക്കി മുന്നോട്ട് പോവണമെന്നും റോബിന്‍ വിദ്യാർത്ഥികളോടായി പറയുന്നു.












Click it and Unblock the Notifications