അടുത്ത റോബിനാകുമോ മാരാര്‍.. ഈ സീസണും തീപാറുമെന്നുറപ്പ്; മത്സരാര്‍ത്ഥികള്‍ ഇവര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. മത്സരാര്‍ത്ഥികളെ ഓരോരുത്തരെയായി ഷോയുടെ അവതാരകന്‍ മോഹന്‍ലാല്‍ പരിചയപ്പെടുത്തി കഴിഞ്ഞു. മുന്‍കാല സീസണുകളെ പോലെ തന്നെ ബിഗ് ബോസ് മലയാളം ഇത്തവണയും തീ പാറും എന്നുറപ്പാണ്. കാരണം അത്രത്തോളം കഴിവുറ്റ മത്സരാര്‍ത്ഥികളാണ് സീസണ്‍ 5 ലേക്ക് എത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ, സിനിമ, സീരിയല്‍, ബോഡി ബില്‍ഡിംഗ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച താരങ്ങളാണ് ബിഗ് ബോസ് സീസണ്‍ 5 ലേക്ക് എത്തിയിരിക്കുന്നത്. മുംബൈയില്‍ തന്നെയാണ് ഇത്തവണയും ബിഗ് ബോസ് മലയാളം സീസണിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ കിരീട പോരാട്ടത്തിനായി മാറ്റുരക്കുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയെന്ന് നോക്കാം

റെനീഷ റഹ്‌മാന്‍
സീരിയല്‍ താരം റെനീഷ റഹ്‌മാന്‍ ബിഗ് ബോസില്‍ ഇത്തവണ കഴിവ് തെളിയിക്കാന്‍ എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയല്‍ 'സീതാ കല്യാണ'ത്തിലൂടെയാണ് റെനീഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. താന്‍ വളരെ ബോള്‍ഡ് ആണ് എന്നാണ് റെനീഷ പറയുന്നത്. ബിഗ് ബോസില്‍ തിളങ്ങാനാകും എന്നാണ് പ്രതീക്ഷ എന്നും റെനീഷ റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഭയം എന്ന റിയാലിറ്റി ഷോയിലും റെനീഷ പങ്കെടുത്തിരുന്നു
സെറീന ആന്‍ ജോണ്‍സണ്‍
മോഡലിംഗ് രംഗത്ത് നിന്നുള്ള സെറീന ആന്‍ ജോണ്‍സണ്‍ ആണ് മറ്റൊരു മത്സരാര്‍ത്ഥി. 2022 ലെ മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തില്‍ ഫൈനലില്‍ എത്തിയ ആളാണ് സെറീന. അവതാരക എന്ന നിലയിലും തിളങ്ങുന്ന താരമാണ് സെറീന. എച്ച്ആര്‍ മാര്‍ക്കറ്റിംഗില്‍ എംബിഎ ബിരുദമുള്ള സെറീന നിലവില്‍ ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഡാന്‍സും യാത്രയും എല്ലാം തന്റെ ഇഷ്ടവിഷയങ്ങളാണ് എന്നാണ് സെറീന പറയുന്നത്.
ബിഗ് ബോസില്‍ ആ മീന്‍ വെച്ചത് എന്തിനാണെന്നറിയാമോ? രഹസ്യം വെളിപ്പെടുത്തി മോഹന്‍ലാല്‍
അഖില്‍ മാരാര്‍
ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകനാണ് അഖില്‍ മാരാര്‍. തന്റെ നിലപാട് വെട്ടിത്തുറന്ന് സോഷ്യല്‍ മീഡിയയില്‍ പറയാന്‍ തുടങ്ങിയതോടെയാണ് അഖില്‍ മാരാര്‍ ശ്രദ്ധേയനാകുന്നത്. ചാനല്‍ ചര്‍ച്ചകളിലും സജീവ സാന്നിധ്യമാണ് അഖില്‍ മാരാര്‍. കോണ്‍ഗ്രസിലും ബി ജെ പിയിലും പ്രവര്‍ത്തിച്ചിരുന്ന അഖില്‍ മാരാര്‍ നിരവധി ജോലികള്‍ ചെയ്താണ് സിനിമ സംവിധാനത്തിലേക്ക് തിരിഞ്ഞത്.
റിനോഷ് ജോര്‍ജ്
ഐ ആം എ മല്ലു എന്ന വൈറല്‍ മ്യൂസിക് വീഡിയോയിലൂടെ ആണ് റിനോഷ് ശ്രദ്ധേയനാകുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ റിനോഷ് ഡിജെ, ആര്‍ജെ, നടന്‍ തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ച് കഴിഞ്ഞു. 2009 ല്‍ പ്രൊഫഷണല്‍ ഡിജെ ആയി കലാജീവിതം തുടങ്ങിയ ആളാണ് റിനോഷ് എന്ന ബെംഗളൂരു മലയാളി. 2018 ല്‍ പുറത്തെത്തിയ നോണ്‍സെന്‍സ് ആണ് എന്ന ചിത്രത്തില്‍ റിനോഷ് അഭിനയിച്ചിരുന്നു.
ശോഭാ വിശ്വനാഥന്‍
ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകയുമാണ് ശോഭ വിശ്വനാഥന്‍. ദുരിതപൂര്‍ണമായ വിവാഹജീവിതത്തില്‍ നിന്ന് പുറത്തുവന്ന് സ്വന്തം ജീവിതം കെട്ടിപ്പടുത്തയാളാണ് ശോഭ വിശ്വനാഥന്‍. 'വീവേഴ്സ് വില്ലേജ്' എന്ന കൈത്തറി വസ്ത്രനിര്‍മ്മാണ സ്ഥാപനം സ്ഥാപിച്ചത് ശോഭയാണ്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ തന്റെ കടയില്‍ കഞ്ചാവ് വെച്ചയാളെ നിയമപോരാട്ടത്തിലൂടെ കീഴടക്കിയ സ്ത്രീയാണ് ശോഭ.

സാഗര്‍ സൂര്യ
തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് സാഗര്‍ സൂര്യ. തൃശൂരുകാരനായ സാഗര്‍ സൂര്യ 2018 ലാണ് അഭിനയരംഗത്തേക്ക് വരുന്നത്. തട്ടീംമുട്ടിം പരമ്പരയിലെ ആദിയെന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. 2019 ല്‍ ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍ എന്ന സിനിമയില്‍ അഭിനയിച്ചു. കുരുതിയിലും ശ്രദ്ധേയ വേഷം ചെയ്യാനായി. 30 കാരനാണ് സാഗര്‍ സൂര്യ.
വിഷ്ണു ജോഷി
ഫിറ്റ്‌നസ് മോഡലായ വിഷ്ണു ജോഷിയും ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ട്. 2019 ലെ മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ അവസാന ആറില്‍ വിഷ്ണു എത്തിയിരുന്നു. 2017 ല്‍ മിസ്റ്റര്‍ കേരള, മിസ്റ്റര്‍ എറണാകുളം എന്നീ നേട്ടങ്ങള്‍ വിഷ്ണു സ്വന്തമാക്കിയിരുന്നു. 2019 ല്‍ മിസ്റ്റര്‍ എറണാകുളം പട്ടവും വിഷ്ണുവിനെ തേടിയെത്തിയിരുന്നു. വിഷ്ണുവിന്റെ ഫിറ്റ്‌നെസ് തന്ത്രങ്ങള്‍ക്ക് ബിഗ് ബോസിലും ആരാധകരുണ്ടാകും എന്നാണ് പ്രതീക്ഷ.
എയ്ഞ്ചലിന്‍ മരിയ
ഈ പേര് കേട്ടാല്‍ എത്ര പേര്‍ക്ക് അറിയും എന്ന് അറിയില്ല. എന്നാല്‍ നല്ല സമയത്തിലെ കഥാപാത്രം എന്ന് അറിഞ്ഞാല്‍ ചിലര്‍ക്കെതങ്കിലും ഓര്‍മ വരും. പ്ലസ് ടു കാലത്ത് പഠനം ഉപേക്ഷിച്ച് മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നതാണ് ഏയ്ഞ്ചലിന്‍ മരിയ. മോഡലിംഗിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. സമൂഹത്തില്‍ നിന്നും നിരവധി പ്രശ്‌നങ്ങള്‍ താന്‍ നേരിട്ടുവെന്നാണ് ഇവര്‍ പറയുന്നത്.
ശ്രീദേവി മേനോന്‍
'മാഡ് വൈബ് ദേവു' എന്ന് കേള്‍ക്കാത്തവര്‍ അധികമാരുമുണ്ടാകില്ല. സോഷ്യല്‍ മീഡിയ ഇടങ്ങളിലെ ഇപ്പോഴത്തെ നിറ സാന്നിധ്യമാണ് ശ്രീദേവി മേനോന്‍. മോഡല്‍, ഇന്റര്‍വ്യൂവര്‍, ഡാന്‍സര്‍, നടി, വ്‌ലോഗര്‍ തുടങ്ങിയ മേഖലകളില്‍ ശ്രീദേവി മേനോന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി ഷോര്‍ട്ട് ഫിലിമുകളിലും യൂട്യൂബ് വീഡിയോകളിലുടെയും ശ്രീദേവി മേനോന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ജുനൈസ്
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ പരിചിതനാണ് ജുനൈസ്. കാലിക പ്രസക്തമായ വിഷയങ്ങള്‍ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച് യുട്യൂബിലൂടെയും ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയും മലയാളികളുടെ കൈയടി നേടുന്ന ജുനൈസും ഇത്തവണ ബിഗ് ബോസില്‍ ഉണ്ട്. മല്ലു ഡോണ്‍ എന്നാണ് ഇദ്ദേഹത്തിന്റെ യുട്യൂബ് ചാനല്‍ വീഡിയോ അറിയപ്പെടുന്നത്.
അഞ്ജു റോഷ്
അവതാരകയില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ അഞ്ജു റോഷ് ആണ് മറ്റൊരു മത്സരാര്‍ത്ഥി. അച്ഛനും അമ്മയും ചേച്ചിയും അനുജനും ആണ് അഞ്ജുവിന്റെ കുടുംബത്തിലുള്ളത്. തന്നെ അച്ഛനെ ബോലെ ബിസിനസുകാരിയാക്കാനാണ് അച്ഛന്റെ ഇഷ്ടം എന്നും എന്നാല്‍ തന്റെ പാഷന്‍ അഭിനയം ആണ് എന്നും അഞ്ജു പറയുന്നു. ഇത് പറഞ്ഞപ്പോള്‍ അച്ഛന്‍ എതിര്‍ത്തിരുന്നില്ല എന്നും അഞ്ജു പറയുന്നു.
മനീഷ സുബ്രഹ്‌മണ്യന്‍
മലയാളികള്‍ക്ക് സുപരിചിതയാണ് മനീഷ സുബ്രഹ്‌മണ്യന്‍. 'തട്ടീം മുട്ടീം' എന്ന ജനപ്രിയ ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയായി. ഗായിക എന്ന നിലയിലും മനീഷ തിളങ്ങുന്നുണ്ട്. തൃശൂര്‍ പേരാമ്പ്ര സ്വദേശിയാണ് മനീഷ. പ്രവാസിലോകത്ത് റേഡിയോ ജോക്കിയായും തിളങ്ങി. ഏതാനും സിനിമകളിലും മനീഷ വേഷമിട്ടിട്ടുണ്ട്. തന്മാത്ര, രസതന്ത്രം, എന്നും എപ്പോളും, ജനമൈത്രി തുടങ്ങി പതിനേഴോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അനിയന്‍ മിഥുന്‍
ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച് വുഷുവില്‍ സ്വര്‍ണമെഡല്‍ വാങ്ങിയ ഫൈറ്ററാണ് അനിയന്‍ മിഥുന്‍. നേപ്പാള്‍ സര്‍ക്കാരിന്റെ ബെസ്റ്റ് ഫൈറ്റര്‍ അവാര്‍ഡ് നേടിയിട്ടുള്ളയാളാണ് അനിയ മിഥുന്‍. 2021 ല്‍ പാകിസ്ഥാനെ ഏറ്റവും വേഗത്തില്‍ നോക്കൌട്ട് ചെയ്യിച്ച താരമെന്ന റെക്കോര്‍ഡും അനിയന്‍ മിഥുന്റെ പേരിലാണ് ഉള്ളത്. മിഥുന്‍ അഞ്ചാം ക്ലാസ് മുതലാേകരാട്ടേ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
നാദിറ മെഹ്‌റിന്‍
സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ് മുന്നോട്ട് പോയവരില്‍ ഒരാളായ നാദിറ മെഹ്‌റിന്‍ ആണ് അടുത്ത താരം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പി ജിക്ക് ചേര്‍ന്ന ആദ്യ ട്രാന്‍സ് പേഴ്‌സണ്‍ വിദ്യാര്‍ഥിയാണ് നാദിര മെഹ്‌റിന്‍. പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. ജേര്‍ണലിസത്തില്‍ ബിരുദം ഉള്ള നാദിറ ബിഗ് ബോസിലും ശക്തമായ മത്സരം തീര്‍ക്കുമെന്നാണ് പ്രതീക്ഷ.

ഐശ്വര്യ സുരേഷ്
സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ പുറത്തെത്തിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ അഭിനേതാവാണ് ഐശ്വര്യ. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, കളി, സേഫ് എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഇനി വരാനിരിക്കുന്നത് ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരൈവന്‍ ആണ്. മോഡലിംഗ് രംഗത്തും കഴിവ് തെളിയിച്ച താരമാണ് ഐശ്വര്യ.
ഷിജു എആര്‍
സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് ഷിജു എആര്‍. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലെ നായക വേഷം ശ്രദ്ധിക്കപ്പെട്ടു. കൊല്ലം സ്വദേശിയായ ഷിജു ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. കുവൈറ്റ് എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസും ഭരതനാട്യം നര്‍ത്തകിയുമായ പ്രീതി പ്രേമാണ് ഷിജുവിന്റെ ഭാര്യ.
Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും
ശ്രുതി ലക്ഷ്മി.
ചുരുങ്ങിയ നാള് കൊണ്ട് മലയാള സിനിമ ടെലിവിഷന്‍ സ്‌ക്രീനില്‍ ശ്രദ്ധേയായ നടിയാണ് ശ്രുതി ലക്ഷ്മി. നര്‍ത്തകി കൂടിയായി ശ്രുതി കണ്ണൂരിലാണ് ശ്രുതി ജനിച്ചത്. ശ്രുതിയുടെ സഹോദരി ശ്രീലയയും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ്. ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോയായ സ്റ്റാര്‍ ചലഞ്ചിലും ശ്രുതി ലക്ഷ്മി പങ്കെടുത്തിട്ടുണ്ട്. നമ്മള്‍ തമ്മില്‍ (ഏഷ്യാനെറ്റ്), യൂത്ത് ക്ലബ് (ഏഷ്യാനെറ്റ്), ശ്രീകണ്ഠന്‍നായര്‍ ഷോ (സൂര്യ ടിവി) തുടങ്ങിയ ടോക്ക് ഷോകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഗോപിക ഗോപി
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലേക്ക് ആദ്യത്തെ കോമണര്‍ ആയി മത്സരിക്കാന്‍ എത്തുന്നത് ഗോപിക ഗോപിയാണ്. മൂവാറ്റുപുഴ സ്വദേശിയാണ് ഗോപിക ഗോപി. കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് ഗോപിക. അച്ഛന്‍, അമ്മ, രണ്ട് ജ്യേഷ്ഠന്മാര്‍, നാല് വയസുള്ള മകന്‍ എന്നിവര്‍ അടങ്ങുന്നതാണ് ഗോപികയുടെ കുടുംബം. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ കോമണര്‍ മത്സരാര്‍ഥി എങ്ങനെയുണ്ടാവുമെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications