എന്തുകൊണ്ട് വൈക്കം വിജയ ലക്ഷ്മി ചിലർക്ക് 'അഹങ്കാരിയും ധിക്കാരിയുമാവുന്നു'; വൈറല്‍ കുറിപ്പ്
മലയാളികളുടെ പ്രിയ ഗായികമാരില്‍ ഒരാളാണ് വൈക്കം വിജയ ലക്ഷ്മി. റിയാലിറ്റി ഷോ വേദിയില്‍ നിന്നും പിന്നണി ഗാനരംഗത്തേക്ക് എത്തിയ വിജയലക്ഷ്മി ഇതിനോടകം നിരവധി ചിത്രങ്ങളില്‍ പാടിക്കഴിഞ്ഞു. അനേകം പുരസ്കാരങ്ങളും താരത്തെ തേടിയെത്തി. എന്നാല്‍ അടുത്തിടെ വിവാഹ മോചന വാർത്തകളുമായി ബന്ധപ്പെട്ടാണ് ചർച്ചാ വിഷയമായത്. തന്നെ വിവാഹ മോചനത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വ്യക്തമാക്കി താരം തന്നെ നേരിട്ട് രംഗത്ത് എത്തുകയായിരുന്നു.
എന്നാല്‍ ഒരു വിഭാഗം ഇവരോടെ തീർത്തും പ്രതിലോമകരമായ രീതിയിലായിരുന്നു പ്രതികരിച്ചത്. സൌഭാഗ്യങ്ങള്‍ വന്നപ്പോള്‍ കെട്ടിയോനെ ഉപേക്ഷിച്ചു, അഹങ്കാരി എന്നൊക്കെയായിരുന്നു ചിലരുടെ വിമർശനം. ഇപ്പോഴിതാ അത്തരക്കാർക്ക് കൃത്യമായ മറുപടിയും വിജയ ലക്ഷ്മിയെ പിന്തുണച്ചും കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഗവേഷക വിദ്യാർത്ഥിയായ ശാരദാ ദേവി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

'വൈക്കം വിജയലക്ഷ്മി എന്ന ഗായിക ബോള്‍ഡ് ആണ്. സംസാരത്തില്‍ ആ ബോള്‍ഡ്‌നെസും ആത്മവിശ്വാസവും നമുക്ക് അറിയാന്‍ കഴിയും. എന്നാല്‍ അവര്‍ക്കു കാഴ്ചയില്ല എന്ന കാരണത്താല്‍ ഏബ്‌ളിയിസ്റ്റ് ആയ സമൂഹം സംസാരത്തിലും പെരുമാറ്റത്തിലും വിനയവും അടക്കവും ഒതുക്കവും ഒക്കെ പ്രതീക്ഷിക്കും. എന്നാല്‍ അതിന് വിജയലക്ഷ്മി തയ്യാറായില്ല.' അതുകൊണ്ടാണ് ചിലർ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് ശാരദാ ദേവി ചൂണ്ടിക്കാട്ടുന്നത്. അവരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എത്തിനിക് മുതല്‍ ഗ്ലാമറസ് വരെ ഏതും വഴങ്ങും: വൈറലായി റിതുമന്ത്രയുടെ ചിത്രം

വൈക്കം വിജയലക്ഷ്മിയുടെ വിവാഹമോചന വാര്‍ത്തയോട് പലരും പ്രതികരിച്ചിരിക്കുന്നത് കാണാനിടയായി. സാധാരണ വിവാഹമോചന വാര്‍ത്തകളോടുള്ളതിനേക്കാള്‍ കുറച്ചധികം ആകാംക്ഷ ആളുകള്‍ക്ക് ഇതില്‍ ഉണ്ടെന്നു തോന്നുന്നു. കാരണം ഇവിടെ വിവാഹമോചനം നേടിയത് ഡിസബിലിറ്റിയുള്ള ഒരു സ്ത്രീയായതു കൊണ്ട്, ഡിസബിലിറ്റികളുള്ള സ്ത്രീകള്‍ക്ക് വിവാഹം എന്ന കാര്യം അപ്രാപ്യം ആയതു കൊണ്ട്. എന്താണ് വാസ്തവത്തില്‍ സംഭവിച്ചതെന്നത് അവരുടെ സ്വകാര്യ വിഷയം ആണ്. ഞാന്‍ ശ്രദ്ധിച്ചത് വേറെ ഒരു കാര്യമാണ്.

വൈക്കം വിജയലക്ഷ്മിയെക്കുറിച്ചുള്ള ചില കമന്റുകളില്‍ അവര്‍ മഹാ അഹങ്കാരിയാണെന്നും സംസാരരീതി കേട്ടാല്‍ത്തന്നെ അത് മനസിലാകുമെന്നും ഒക്കെ ചിലര്‍ എഴുതിയിരിക്കുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ അവര്‍ക്കു തോന്നുന്നത്? സിംപിള്‍. വൈക്കം വിജയലക്ഷ്മി എന്ന ഗായിക ബോള്‍ഡ് ആണ്. സംസാരത്തില്‍ ആ ബോള്‍ഡ്‌നെസും ആത്മവിശ്വാസവും നമുക്ക് അറിയാന്‍ കഴിയും. എന്നാല്‍ അവര്‍ക്കു കാഴ്ചയില്ല എന്ന കാരണത്താല്‍ ഏബ്‌ളിയിസ്റ്റ് ആയ സമൂഹം സംസാരത്തിലും പെരുമാറ്റത്തിലും വിനയവും അടക്കവും ഒതുക്കവും ഒക്കെ പ്രതീക്ഷിക്കും. ഡിസേബിള്‍ഡ് ആയ വ്യക്തികള്‍ പാസ്സീവ് ആയി, നിഷ്‌ക്രിയരായി മറ്റുള്ളവരുടെ കനിവില്‍ കഴിയണം.

സമൂഹം കല്‍പ്പിച്ചു വെച്ചിട്ടുള്ള രീതികള്‍ കടന്നു പെരുമാറിയാല്‍, സംസാരിച്ചാല്‍ ഒരു ഡിസേബിള്‍ഡ് വ്യക്തി അഹങ്കാരിയാകും. ധിക്കാരിയാകും. പലപ്പോഴും സ്വന്തം ജീവിതത്തെക്കുറിച്ചു തീരുമാനങ്ങള്‍ എടുക്കുന്നതിനും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിനും ആയിരിക്കും ഇത്തരം പട്ടങ്ങള്‍ ചാര്‍ത്തിക്കിട്ടുക. ഇവിടെ അതാണ് ഞാന്‍ കണ്ടത്. ഒരേ സമയം പാട്രിയാര്‍ക്കിയും ഏബ്‌ളിയിസവും ആണ് അത്തരം കമന്റുകളില്‍ കണ്ടത്

ഒരു നോണ്‍-ഡിസേബിള്‍ഡ് സ്ത്രീക്ക് വിവാഹവും വിവാഹമോചനവും സാധ്യമെങ്കില്‍ അത് പോലെ തന്നെ നോര്‍മലൈസ് ചെയ്തു വേണം ഇതിനെയും കാണാന്‍. കാരണം അവരും ഒരു സാധാരണ മനുഷ്യ സ്ത്രീയാണ്. ശരികളും തെറ്റുകളും എല്ലാം ഉള്ള ഒരു സ്ത്രീ. ഡിസേബിള്‍ഡ് വ്യക്തികള്‍ ദിവ്യാവതാരങ്ങളെന്നും പ്രത്യേകമായ, അമാനുഷികമായ എന്തൊക്കെയോ കഴിവുകള്‍ ഉള്ളവരെന്നും ഉള്ള തെറ്റായ പൊതുബോധം കൂടി ഇവിടെ പ്രതിഫലിക്കുന്നുണ്ട്. ആ പൊതുബോധം മാറി ഡിസബിലിറ്റിയെ വൈവിധ്യമായി കരുതാന്‍ സമൂഹം ശ്രമിക്കേണ്ടിയിരിക്കുന്നു.












Click it and Unblock the Notifications