ആന്റണി വാക്കുപാലിക്കുന്നു, ബ്രോ ഡാഡി അടക്കം 3 ചിത്രം ഹോട്ട് സ്റ്റാറില്‍? 2022 വരെ റിലീസില്ല

കൊച്ചി: തിയേറ്റര്‍ ഉടമകളുമായി ഇടഞ്ഞ ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങളുടെ ഒടിടി റിലീസുമായി മുന്നോട്ട്. ചിത്രം ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആന്റണി ഇതില്‍ ഏതെങ്കിലും ചിത്രം തിയേറ്ററുകള്‍ക്ക് നല്‍കുമെന്ന് ആരാധകര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു.

വൈശാഖ് ചിത്രമായിരിക്കും തിയേറ്ററില്‍ റിലീസ് ചെയ്യുകയെന്ന് നേരത്തെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷയൊക്കെ വെറുതെയായിരിക്കുകയാണ്. മരക്കാര്‍ ഒടിടിക്ക് പോയതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആന്റണി പെരുമ്പാവൂരിനെയും മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

1

മരക്കാറിനൊപ്പം മോഹന്‍ലാല്‍ നായകനായ നാല് ചിത്രങ്ങള്‍ കൂടി ഒടിടിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാന്‍, ഷാജി കൈലാസിന്റെ എലോണ്‍ എന്നീ ചിത്രങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. ഒപ്പം വൈശാഖിന്റെ പേരിടാത്ത ചിത്രവുമുണ്ടായിരുന്നു. ഇതില്‍ മൂന്ന് ചിത്രങ്ങളുടെ ഡീലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. എന്നാല്‍ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത. ക്രിസ്മസ് അവധിക്കാലത്ത് ചിത്രമിറങ്ങുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

2

ബ്രോ ഡിഡിയും ട്വല്‍ത്ത് മാനും എലോണും ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവുമധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഒടിടി പ്ലാറ്റ്‌ഫോമാണ് ഹോട്ട്‌സ്റ്റാര്‍. ചിത്രം ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്താല്‍ കൂടുതല്‍ പേര്‍ കാണാനുള്ള സാധ്യത ശക്തമാകും. ജീത്തും ജോസഫ് ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാലിനെ വെച്ച് ചെയ്യുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. മിസ്റ്ററി ത്രില്ലറാണ് ചിത്രം. ഷാജി കൈലാസ് 12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ഇതിനൊക്കെ പുറമേ വൈശാഖ് പുലിമുരുകന് ശേഷം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രവും ബോക്‌സോഫീസില്‍ പ്രതീക്ഷയുള്ളതായിരുന്നു.

3

അതേസമയം മരക്കാര്‍ 90 കോടി രൂപയ്ക്ക് മുകളില്‍ നല്‍കിയാണ് ആമസോണ്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ തുകയാണിത്. എന്നാല്‍ വരുണ്‍ ധവാന്റെ ജുഡ്‌വയും അക്ഷയ് കുമാറിന്റെ ലക്ഷ്മിയും ഇതിലും കൂടുതല്‍ തുക വാങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആന്റണിയുമായി മരക്കാറിന്റെ പേരില്‍ ഉടക്കി നില്‍ക്കുകയാണ് ഫിയോക്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ആഘോഷമാക്കാനാണ് അവര്‍ ഒരുങ്ങുന്നത്. 450ലേറെ തിയേറ്ററില്‍ കുറുപ്പ് റിലീസ് ഉറപ്പിച്ചു. രണ്ടാഴ്ച്ച ഓപ്പണ്‍ റണ്ണും ഈ ചിത്രത്തിന് ഫിയോക് നല്‍കും. ലോകത്താകമാനം 1500 തിയേറ്ററില്‍ കുറുപ്പ് ഇറങ്ങും. ഒടിടിയില്‍ നിന്ന് വമ്പന്‍ ഓഫര്‍ നേരത്തെ കുറുപ്പിന് ലഭിച്ചിരുന്നു. അത് ഒഴിവാക്കിയാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്.

4

അതേസമയം മരക്കാറിന്റെ പ്രിവ്യൂ ഷോയും ഇതിനോടകം നടന്ന് കഴിഞ്ഞു. മോഹന്‍ലാലും കുടുംബവും ചിത്രത്തിനെത്തിയിരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് പൂര്‍ത്തിയാക്കിയശേഷം മോഹന്‍ലാല്‍ ഇത് ആദ്യമായിട്ടാണ് ചിത്രം കാണുന്നത്. ചെന്നൈയില്‍ വെച്ച് പ്രത്യേകം നടത്തിയ പ്രിവ്യൂ ഷോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം അതിഗംഭീരമാണെന്നാണ് പറയുന്നത്. നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ സ്‌ക്രീനിംഗ്. പ്രണവ്, ആന്റണി പെരുമ്പാവൂര്‍, സുചിത്ര മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍, അങ്ങനെയുള്ള ഇരുപതോളം പേരാണ് ചിത്രം കാണാനെത്തിയത്. ഹോളിവുഡ് ലെവലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സഹനിര്‍മാതാവ് സിജെ റോയ് പറഞ്ഞു.

5

മരക്കാറിന്റെ ആദ്യ 45 മിനുട്ട് പ്രണവാണ് മരക്കാറായി എത്തുന്നത്. പിന്നീട് കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ലാണ് എത്തുന്നത്. ചിത്രത്തിലെ വൈകാരികമായ രംഗങ്ങളില്‍ മോഹന്‍ലാല്‍ ഗംഭീരമായെന്നാണ് റിപ്പോര്‍ട്ട്. ക്ലൈമാക്‌സില്‍ 30 മിനുട്ട് നീണ്ട് നില്‍ക്കുന്ന കടലില്‍ വെച്ചുള്ള യുദ്ധ രംഗങ്ങളും ഗംഭീരമായെന്നാണ് കണ്ടവര്‍ പറയുന്നത്. പക്ഷേ എന്ത് തന്നെ വന്നാലും ഫിയോക് അംഗങ്ങളുടെ തിയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രസിഡന്റ് കെ വിജയകുമാര്‍ വ്യക്തമാക്കി. മരക്കാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍ ഫിയോക് അംഗങ്ങളുടെ തിയേറ്ററുകളില്‍ പടം കളിപ്പിക്കാനാവില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി

6

ലിബര്‍ട്ടി ബഷീറിന് തിയേറ്ററില്‍ ഏത് പടം വേണമെങ്കിലും പ്രദര്‍ശിപ്പിക്കാം. മോഹന്‍ലാലിന്റെ മാത്രമല്ല ആരുടെ സിനിമ ഇല്ലെങ്കിലും തിയേറ്റര്‍ വ്യവസായം നിലനില്‍ക്കും. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ സ്ഥാപനങ്ങള്‍ എല്ലാം പൂട്ടിക്കെട്ടാന്‍ പറ്റുമോ? എനിക്കെതിരെയുള്ള വിവാദങ്ങളില്‍ വാസ്തവമില്ല. ആന്റണി പെരുമ്പാവൂര്‍ ആറ് സിനിമകള്‍ തുടര്‍ച്ചയായി ഒടിടിക്ക് കൊടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. മൂന്ന് നാല് വര്‍ഷത്തോളം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ തിയേറ്ററില്‍ വരാതിരുന്നാല്‍ തിയേറ്റര്‍ എങ്ങനെ നിലനില്‍ക്കുമെന്ന ചോദ്യത്തിനാണ് ഉത്തരം ഞാന്‍ പറഞ്ഞത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമം തുടങ്ങിയ ചിത്രങ്ങള്‍ ഓടിയില്ലേ? തിയേറ്റര്‍ നിലനില്‍ക്കുക തന്നെ ചെയ്യുമെന്ന് അതിലൂടെ വ്യക്തമാണ്.

7

ഒരു വിഭാഗം തിയേറ്ററുകള്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കും എന്ന് അവര്‍ പറഞ്ഞത്, സര്‍ക്കാര്‍ തിയേറ്ററുകള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും. സര്‍ക്കാര്‍ തിയേറ്ററുകള്‍ ഞങ്ങളുടെ സംഘടനയുമായി സഹകരിക്കും എന്നാണ് ഷാജി എന്‍ കരുണ്‍ പറഞ്ഞിട്ടുള്ളത്. ലിബര്‍ട്ടി ബഷീറിനെ പോലെയുള്ള ചിലരുടെ തിയേറ്ററുകള്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കുമായിരിക്കും. മറ്റുള്ളവരുടെ കാര്യം അറിയില്ലെന്നും വിജയകുമാര്‍ പറഞ്ഞു. അതേസമയം സംഘടനയില്‍ ആന്റണി പെരുമ്പാവൂര്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്. ലിബര്‍ട്ടി ബഷീറിന് മരക്കാര്‍ പ്രദര്‍ശിപ്പിക്കാന്‍ അവകാശമുണ്ട്. ആന്റണി രാജിയെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

8

അതേസമയം ഫിയോക്കിന്റെ എതിര്‍പ്പിനെ മറികടന്ന് മരക്കാര്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ഇക്കാര്യം സംസാരിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. കേരളത്തിലെ 200 തിയേറ്ററുകളോളം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴില്‍ വരുന്നുണ്ട്. പ്രിയദര്‍ശനോടും ആന്റണിയോടും ഇക്കാര്യം ഞാന്‍ സംസാരിക്കും. പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് കരാറുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ആന്റണിയുടെ നാല് ചിത്രങ്ങള്‍ ഒടിടി ഉറപ്പിച്ചതോടെ മോഹന്‍ലാലിന് 2022 അവസാനം വരെ തിയേറ്റര്‍ റിലീസുകള്‍ ഒന്നുമുണ്ടാവില്ല. എമ്പുരാനായിരിക്കും ഇനി റിലീസ് ചെയ്യുന്ന ചിത്രം. അതിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് പോലുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+