നടി സഹര്‍ അഫ്ഷ സിനിമാ ജീവിതം മതിയാക്കി; ഇനി അല്ലാഹുവിന്റെ വഴിയില്‍... പിന്തുണച്ച് സനാ ഖാന്‍
മുംബൈ: പ്രമുഖ തെലുങ്ക് നടി സഹര്‍ അഫ്ഷ സിനിമാ ജീവിതം മതിയാക്കി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടി തന്റെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇനി പൂര്‍ണമായും ഇസ്ലാമിക നിയമങ്ങളില്‍ ഊന്നിയ ജീവിതം നയിക്കാനാണ് നടിയുടെ തീരുമാനം. ഇതുവരെ പിന്തുണ നല്‍കിയ എല്ലാ ആരാധകര്‍ക്കും അവര്‍ നന്ദി പറഞ്ഞു.
നേരത്തെ ബോളിവുഡ് നടിമാരായ സന ഖാന്‍, സൈറ വസീം എന്നിവരും സമാനമായ തീരുമാനം എടുത്ത് സിനിമാ ജീവിതം മതിയാക്കിയിരുന്നു. തെലുങ്ക്-ബോജ്പുരി നടിയായ സഹര്‍ അഫ്ഷ തന്റെ തീരുമാനത്തിന് കാരണമെന്താണെന്നും വിശദീകരിക്കുന്നു...

ഇനി മതപരമായ ജീവിതം നയിക്കാനാണ് സഹര്‍ അഫ്ഷയുടെ താല്‍പ്പര്യം. സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അവര്‍ ആരാധകരെ അറിയിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ അവന്റെ വിധി വിലക്കുകള്‍ അംഗീകരിച്ച് ജീവിക്കും. ഇതുവരെ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി എന്നും നടി സഹര്‍ അഫ്ഷ കുറിച്ചു.

കുട്ടിക്കാലത്ത് സിനിമയില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുക പോലും ചെയ്തിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ എത്തിയത്. പിന്നീട് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. ഇനി സിനിമാ ജീവിതം മതിയാക്കുകയാണ്. അല്ലാഹുവിന്റെ കാരുണ്യം തേടുകയാണ്. ഇനിയുള്ള ജീവിതം അല്ലാഹുവിന് വേണ്ടി മാത്രമാകുമെന്നും അവര്‍ അറിയിക്കുന്നു.

ദൈവിക നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശക്തി നേടുന്നതിന് എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം. കഴിഞ്ഞുപോയ ജീവിതം കൊണ്ടാകില്ല ഞാന്‍ ഓര്‍ക്കപ്പെടുക എന്ന് പ്രതീക്ഷിക്കുന്നു. ഇനി വരാനുള്ള ജീവിതം കൊണ്ടാകും. എല്ലാവരുടെയും പിന്തുണ തേടുന്നുവെന്നും സഹര്‍ അഫ്ഷ കുറിച്ചു. നടിക്ക് പിന്തുണയുമായി സനാ ഖാന്‍ രംഗത്തുവന്നു. തീരുമാനത്തില്‍ വളരെ സന്തോഷമെന്ന് അവര്‍ കമന്റ് ചെയ്തു.

ബെംഗളൂരുവില്‍ 1994ലാണ് സഹര്‍ അഫ്ഷ ജനിച്ചത്. തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയത്. പിന്നീട് ബോജ്പുരി ചിത്രങ്ങളില്‍ തിളങ്ങി. 2021ല്‍ ഗ്രീന്‍ സിനിമ അവാര്‍ഡ് നേടിയിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ കര്‍ത കര്‍മ ക്രിയ എന്ന തെലുങ്ക് സിനിമയിലാണ് ആദ്യം അഭിനയിച്ചത്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു.

ദംഗല്‍ നായിക സൈറ വസീം 2019ലാണ് സിനിമാ ജീവിതം മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. കശ്മീരിയായ അവരുടെ തീരുമാനത്തിന് കാരണമായത്, ഒരു മത പുരോഹിതന്റെ അധ്യാപനങ്ങളായിരുന്നു. 2020ലാണ് സനാ ഖാന്‍ സിനിമാ ജീവിതം മതിയാക്കിയത്. പിന്നീട് അവര്‍ മക്കയിലെത്തി ഉംറയും ഹജ്ജും നിര്‍വഹിച്ചിരുന്നു. സനാ ഖാന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സഹര്‍ അഫ്ഷ.












Click it and Unblock the Notifications