Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിഹാബ് മക്കയിലേക്ക് നടക്കാന്‍ തുടങ്ങുന്നു; വ്യാഴാഴ്ച രാവിലെ പുറപ്പെടും... ലക്ഷ്യം 3 ഹറം

മലപ്പുറം: സൗദി അറേബ്യയിലേക്ക് നടന്ന് പോയി പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുക എന്ന മോഹം ചേലമ്പാടന്‍ ശിഹാബിന്റെ മനസിലുദിച്ചിട്ട് കൊല്ലം കുറേയായി. മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലുള്ള ചോറ്റൂരില്‍ നിന്ന് മക്കയിലേക്ക് നടക്കുക... ആദ്യമൊക്കെ കേട്ടവര്‍ക്ക് അമ്പരപ്പും കളിയാക്കലുമായിരുന്നു. ശിഹാബ് വെറുതെ പറയുകയല്ലെന്ന് മനസിലാക്കിയ മാതാവ് സൈനബയും ഭാര്യ ഷബ്‌നയും സമ്മതം മൂളി.

8650 കിലോമീറ്റര്‍ താണ്ടണം, കാല്‍നടയായി സൗദിയിലെത്തണമെങ്കില്‍ 280 ദിവസമെങ്കിലും വേണ്ടി വരും, അഞ്ച് രാജ്യങ്ങളുടെ വിസ ആവശ്യമാണ്... ഓരോന്നും ചോദിച്ചറിയാന്‍ തുടങ്ങിയ ശിഹാബ് രേഖകള്‍ ശരിപ്പെടുത്താന്‍ രണ്ടുംകല്‍പ്പിച്ച് പുറപ്പെട്ടു....

1

ഒറ്റപ്പാലം സ്വദേശിയായ ട്രാവല്‍ ഏജന്റ് ഹസീബിനെ കാണാന്‍ ബെംഗളൂരുവിലേക്ക്. ദിവസങ്ങളോളം യാത്രകളും കൂടിക്കാഴ്ചകളുും വിവിധ ഓഫീസ് സന്ദര്‍ശനവും. ശേഷം ഡല്‍ഹിയിലെത്തി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് രേഖകള്‍ ശരിപ്പെടുത്തല്‍. ഈ ആവശ്യവുമായി ഒരാള്‍ വരുന്നത് ആദ്യമാണെന്ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളിലുള്ളവര്‍ പോലും പറയുന്നു. മാസങ്ങളോളം നീളുന്ന ഈ പ്രക്രിയ ഏതൊരാളെയും മനംമടുപ്പിച്ചേക്കാം. എന്നാല്‍ ശിഹാബ് തന്റെ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു ഓരോ ദിവസവും.

2

പല യാത്രകളിലും പല രീതിയില്‍ സഹായിച്ചവരെ കുറിച്ച് ശിഹാബ് ഓര്‍ത്തെടുത്തു. ഡോ. ഹഫീസ്, ഇടി മുഹമ്മദ് ബഷീര്‍ എംപി, കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, കെഎംസിസി, പിവി അബ്ദുല്‍ വഹാബ്, തിരുവനന്തപുരത്തും ഡല്‍ഹിയിലുമുള്ള സര്‍ക്കാര്‍ ഓഫീസില്‍ ബന്ധമുള്ളവര്‍... എന്നിവരെല്ലാം സഹായിച്ചു. രേഖകളെല്ലാം ശരിയാക്കിയ ശേഷമാണ് തന്റെ ലക്ഷ്യത്തെ കുറിച്ച് ശിഹാബ് പരസ്യമാക്കിയത്. ഇതോടെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തോടെയുള്ള വരവായിരുന്നു. പലരും ഫോണില്‍ വിവരങ്ങള്‍ തിരക്കുകയും സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.

3

ജിഫ്രി മുത്തുക്കോയ തങ്ങള്‍, ആലിക്കുട്ടി മുസ്ല്യാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ എന്നിവരെയെല്ലാം കണ്ട് അനുഗ്രഹം വാങ്ങി. കാന്തപുരം തന്റെ പ്രത്യേക കത്ത് നല്‍കുകയും ചെയ്തു. യാത്രയില്‍ പ്രതിസന്ധിയുണ്ടായാല്‍ അറിയിക്കണമെന്ന് പറഞ്ഞവര്‍ നിരവധിയാണ്. ബന്ധുക്കളെ കണ്ട് യാത്ര ചോദിച്ചു. പഞ്ചായത്ത് അധികൃതരും നാട്ടുകാരും പലപ്പോഴായി വീട്ടിലെത്തി ശിഹാബിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ കണ്ട് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മങ്കട സ്വദേശി അബ്ദു ഹാജി കാത്തിരിക്കുന്നുണ്ടായിരുന്നു. 1957ല്‍ ഏകദേശം സമാനമായ രീതിയില്‍ ഹജ്ജിന് പുറപ്പെട്ട് പാകിസ്താനില്‍ നിന്ന് തിരിച്ചുപോരേണ്ടി വന്ന വ്യക്തിയാണ് അബ്ദുഹാജി. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് ഉപകാരപ്പെടുന്ന വിവരങ്ങള്‍ കിട്ടിയെന്ന് ശിഹാബ് പറയുന്നു.

4

കോഴിക്കോട് നിന്ന് യാത്രയ്ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ വാങ്ങി. നാല് ടീ ഷര്‍ട്ടുകളും മറ്റു കനം കുറഞ്ഞ വസ്ത്രങ്ങളും. അവശ്യം വേണ്ട വസ്തുക്കള്‍ മാത്രം ഒരു ബാഗിലാക്കി വ്യാഴാഴ്ച രാവിലെ പുറപ്പെടാനാണ് തീരുമാനം. അതുവരെ ഇനി എങ്ങോട്ടുമില്ല. ഫോണ്‍ ഓഫാക്കി വച്ച് രണ്ടു ദിവസം വിശ്രമിക്കണം. വര്‍ഷങ്ങളായി മനസില്‍ സൂക്ഷിച്ച മോഹം സഫലീകരിക്കാന്‍ പുറപ്പെടുന്നതിന് മുമ്പുള്ള വിശ്രമം.

ജൂണ്‍ 2ന് രാവിലെ സുബ്ഹി നമസ്‌കാര ശേഷം വീട്ടില്‍ നിന്ന് പുറപ്പെടും. കഴിഞ്ഞ കാര്യങ്ങളും പിന്നിടാനുള്ള വഴികളും സംബന്ധിച്ച് വിശദീകരിക്കുമ്പോള്‍ ശിഹാബില്‍ ആവേശം തിരതല്ലുന്നുവെന്ന് ആ വാക്കുകളില്‍ വ്യക്തം. മക്കയും മദീനയും മാത്രമല്ല ശിഹാബിന്റെ ലക്ഷ്യം. പലസ്തീനും ബഗ്ദാദുമുണ്ട്. എല്ലാം ശിഹാബ് തുറന്നു പറഞ്ഞു....

കൂളിങ് ഗ്ലാസില്‍ കിടലന്‍ ലുക്കില്‍ മിയ; പൊള്ളാച്ചിയാണോ എന്ന് ആരാധകര്‍

5

2023ലെ ഹജ്ജിനാണ് ശിഹാബ് ഇപ്പോള്‍ തന്നെ പുറപ്പെടുന്നത്. കേരള അതിര്‍ത്തി കടന്ന് കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങള്‍ പിന്നിട്ട് വാഗ അതിര്‍ത്തി വഴി പാകിസ്താനിലേക്ക്. ശേഷം ഇറാനും ഇറാഖും കുവൈത്തും കടന്ന് വേണം സൗദി അറേബ്യയിലെത്താന്‍. അതിനിടയില്‍ പുണ്യ കേന്ദ്രങ്ങള്‍ ഏറെയുണ്ട് സന്ദര്‍ശിക്കാന്‍. കാലാവസ്ഥ, ഭക്ഷണരീതികള്‍ എന്നിവയെല്ലാം മനസിലാക്കിയിട്ടുണ്ട്. പള്ളികളിലും മറ്റുമായി വിശ്രമിക്കണം. യാത്ര സംബന്ധിച്ച് ഏറെയാളുകള്‍ അറിഞ്ഞതിനാല്‍ പലരും വഴിയില്‍ സഹായിക്കാന്‍ സാധ്യതയുണ്ട്.

യാത്രയുടെ ഓരോ വിവരങ്ങളും യുട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ ശ്രമിക്കുമെന്ന് ശിഹാബ് പറയുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും ആശങ്ക ഒഴിവാക്കാന്‍ ഇത് സഹായിക്കും. ജോലി ആവശ്യാര്‍ഥം നേരത്തെ സൗദിയില്‍ പോയപ്പോള്‍ ഉംറ നിര്‍വഹിച്ചിട്ടുണ്ട്. യുഎഇഇയിലെ മിക്ക എമിറേറ്റ്‌സിലും പോയിട്ടുണ്ട്. പിന്നെ ശ്രീലയങ്കയും സന്ദര്‍ശിച്ചിട്ടുണ്ടെന്ന് തന്റെ വിദേശ പരിചയം സൂചിപ്പിച്ച് ശിഹാബ് പറഞ്ഞു.

6

യാത്രയുടെ ഭാഗമായി ഓരോ രാജ്യങ്ങളുടെയും വിസ ശരിയാക്കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകളുടെ പിന്തുണയുണ്ട്. അതിനെല്ലാം വേണ്ട രേഖ കൈയ്യില്‍ കരുതും. ഒട്ടേറെ ഇസ്ലാമിക ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ ഇറാഖിലെ ബഗ്ദാദ് സന്ദര്‍ശിക്കണമെന്നത് ശിഹാബിന്റെ മോഹമാണ്. ശേഷമായിരിക്കും കുവൈത്ത് കടന്ന് സൗദിയിലെത്തുക. മദീനത്തേക്കാണ് ആദ്യം പോകുക. ശേഷം മക്കയിലേക്ക് വരും. എട്ട് മാസമാകും സൗദിയിലെത്താന്‍ എന്ന് പ്രതീക്ഷിക്കുന്നു. ഹജ്ജിന് ഇനിയും സമയമുണ്ടെങ്കില്‍ സൗദിയിലെ പുണ്യ കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കും.

7

മറ്റൊരു മോഹം പലസ്തീന്‍ ആണ്. മുസ്ലിങ്ങളുടെ മൂന്ന് പുണ്യ ആരാധനാലയങ്ങളില്‍ ഒന്നായ അല്‍ അഖ്‌സ പള്ളിയുള്ളത് പലസ്തീനിലെ ജറുസലേമിലാണ്. മക്കയിലെയും മദീനയിലെയും ജറുസലേമിലെയും ഹറമുകള്‍ സന്ദര്‍ശിച്ചായിക്കും നാട്ടിലേക്കുള്ള മടക്കം. അടുത്ത വര്‍ഷത്തെ ഹജ്ജ് വേളയില്‍ വീട്ടുകാരെയും സൗദിയിലെത്തിക്കാന്‍ ആലോചിക്കുന്നുണ്ട്. തന്റെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും നാട്ടിലേക്കുള്ള മടക്കം. ഇതുവരെ ചെലവായത് ഏറെയാണ്. ഇനി ചെലവാകാനുള്ളതും അതിലേറെ. വളരെ പ്രതിസന്ധിയും സാഹസികതയും നിറഞ്ഞ യാത്രയ്ക്ക് ശിഹാബ് ഒരുങ്ങുമ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു... ഒത്തിടട്ടെ... വിധിയായിടട്ടെ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+