കെട്ടിപ്പിടിച്ചു, കവിളത്തൊരു ഉമ്മ വാങ്ങി, കരച്ചില്‍; ഭർത്താവുമായുള്ള പിരിയല്‍: ജോളി ചിറയത്ത് പറയുന്നു
സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ആർക്ക് മുന്നിലും ശക്തമായ രീതിയില്‍ തന്നെ തുറന്ന് പറയുന്ന വ്യക്തിയാണ് നടിയും എഴുത്ത് കാരിയുമായ ജോളി ചിറയത്ത്. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും അതിനെ മറികടന്നതിനെക്കുറിച്ചും തുറന്ന് പറയുകയാണ് താരം. അടുത്തിടെ 'നിന്ന് കത്തുന്ന കടലുകള്‍' എന്ന തന്റെ ആത്മകഥയും ജോളി പുറത്തിറക്കിയിരുന്നു.
സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ജോളി ചിറയത്ത് കൂടുതലായി വിശദീകരിച്ചത്. ഭർത്താവ് രണ്ടാമത് കല്യാണം കഴിക്കുമ്പോള്‍ ആ സ്ത്രീയേപ്പോയി കാണുകയും ആത്മവിശ്വാസം നല്‍കി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും ചെയ്തിരുന്നുവെന്നും അഭിമുഖത്തില്‍ ജോളി ചിറയത്ത് പറയുന്നു.

ബാലു എന്നെ വഞ്ചിച്ചുവെന്നൊന്നും ഞാന്‍ പറയില്ല. കാരണം അതേസമയം തന്നെ 20 വര്‍ഷത്തെ ദാമ്പത്യത്തിന് ഇടയില്‍ എനിക്കുമൊരു ഡീവിയേഷനുണ്ടയിട്ടുണ്ട്. ദാമ്പത്യത്തില്‍ ഇരിക്കെ തന്നെയാണ് ഞാന്‍ അസാധ്യമായൊരു പ്രണയം അനുഭവിക്കുന്നത്. അതിനെ നിഷേധിക്കാന്‍ ഞാന്‍ തയ്യാറല്ല. ആരെന്ത് പറഞ്ഞാലും കല്ലെറിഞ്ഞാലും.
ബാലുവിന് അത് അവസാനം ഉണ്ടായോ, ആദ്യം ഉണ്ടായോ എന്നതല്ല പ്രശ്നം. ഇതേ സാധ്യത ആ മനുഷ്യനുമുണ്ട്. എന്നോടും ആ സ്ത്രീയോടും അയാള്‍ നീതി കാണിച്ചെന്നെ എനിക്ക് പറയാന്‍ സാധിക്കു. പിടിക്കപ്പെട്ടാല്‍ സാധാരണ എല്ലാവരും അങ്ങനെ ചെയ്യാറില്ല. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന രീതിയിലാണല്ലോ, ദാമ്പത്യത്തിനിടയിലെ പ്രണയത്തെ പലരും കൊണ്ടുപോകുന്നത്. അതുവരെ എല്ലാവരും ഡീസന്റാണ്. അതായത്, പിടിക്കപ്പെടുന്നത് വരെ സംഘർഷഭരിതമല്ല. പിടിക്കപ്പെട്ടാലാണ് സമ്മർദത്തിലാവുന്നത്. അത് കള്ളത്തരം എന്നല്ല. അപ്പുറത്ത് നില്‍ക്കുന്നവരെ വേദനിപ്പിക്കേണ്ടി വരുമല്ലോയെന്ന ആശങ്കയാണെന്നും ജോളി പറയുന്നു.
ആ സ്ത്രീ ഒരു കുറ്റവാളിയെ പോലെ ജീവിക്കേണ്ടവരല്ല എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. അവര്‍ എന്നോട് മാപ്പ് പറഞ്ഞത് എനിക്ക് വലിയ പ്രശ്‌നമുണ്ടാക്കി. കാരണം സ്‌നേഹിച്ചു എന്നതു കൊണ്ടോ സെക്‌സ് ചെയ്തു എന്നതു കൊണ്ടോ ഒരു മനുഷ്യനും മറ്റൊരു മനുഷ്യനോട് മാപ്പ് പറയേണ്ട ആവശ്യമില്ല. അത് തികച്ചും അയാളുടെ വ്യക്തിപരമായ കാര്യമാണ്. മക്കളേയും മറ്റും അത് ബാധിക്കാമെങ്കിലും അവരെ കുറ്റവാളികളെപ്പോലെ കാണേണ്ട യാതൊരു ആവശ്യവുമില്ല.
പലപ്പോഴും പല സംഘർഷവും ഉണ്ടായപ്പോള്‍ ഞങ്ങളുടെ കോമണ്‍ സുഹൃത്തുക്കള്‍ ഞങ്ങളോട് പിരിയാന്‍ ആവശ്യപ്പെടിരുന്നു. അപ്പോള്‍ ഞാന്‍ ചിന്തിച്ചത്, കാണുന്നത് പോലെയല്ല, അയാള്‍ കാര്യങ്ങളെ കാണുന്നത് എന്നതുകൊണ്ട് അയാളെ ഉപേക്ഷിക്കണ്ടതുണ്ടോ എന്നായിരുന്നു. അതോടൊപ്പം തന്നെ മറ്റ് ചില പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു.
ബാലുവിനെ ഉപേക്ഷിക്കണമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ബാലു എന്നോട് അങ്ങനെ ചെയ്യുമെന്നും കരുതിയില്ല. അത് വലിയ ഷോക്കിങ് ആയിരുന്നു. എന്തായാലും അവർ ഇപ്പോള്‍ കല്യാണം കഴിച്ചിട്ടില്ല, ഞങ്ങള്‍ വിവാഹ മോചിതരുമായിട്ടില്ല. അദ്ദേഹത്തിന് കണ്ണിന്റെ ഒരു പ്രശ്നം വന്നപ്പോള്‍ പോയി കണ്ടിരുന്നു. തിരിച്ച് വരുമ്പോഴേക്കും ആ സ്ത്രീയുമായി വളരെ നല്ല ബന്ധമായി. അവർ പിന്നെയും നമ്മുടെ സൌഹൃദത്തിലേക്ക് വരുമെന്നൊക്കെ പ്രതീക്ഷിച്ചിരുന്നു. എന്തായാലും അതൊന്നും നടന്നില്ലെന്നും നടി വ്യക്തമാക്കുന്നു.
ഡിവോസ് തരാമെന്നൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി ഞാന്‍ തന്നെയാണ് മ്യൂച്ചല്‍ ഡിവോഴ്സിന് അപേക്ഷ കൊടുത്തത്. പോയി ഇത്രയും വർഷങ്ങള്‍ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ച് വന്നിരുന്നു. അപ്പോള്‍ ഭക്ഷണമൊക്കെ ഉണ്ടായി. തിരിച്ച് അദ്ദേഹത്തെ ഞാന്‍ കലൂരില്‍കൊണ്ടു വിടുകയായിരുന്നു.
കലൂരില്‍ എത്തിയപ്പോള്‍ എനിക്ക് തോന്നി, ഇനി ബാലുവിനെ ഒരിക്കലും ഇത്ര അടുത്ത് കാണാന്‍ സാധിക്കില്ല എന്ന്. എനിക്കൊരു ഉറപ്പുമില്ല അതിന്. കാര്‍ ഒന്ന് സൈഡ് ഒതുക്കാന്‍ പറഞ്ഞു. ബാലുവിനോട് ചേട്ടായി ഒന്നിറങ്ങൂവെന്ന് പറഞ്ഞു. പക്ഷെ ബാലു എന്നെ ഇപ്പോള്‍ ജോളി എന്നാണ് വിളിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ ഭയങ്കര വേദനയാണ്
അങ്ങനെ പോയാല്‍ എങ്ങനെയാണ്, എനിക്കൊന്ന് കെട്ടിപ്പിടിക്കണം എന്ന് പറഞ്ഞ് ഞാന്‍ കെട്ടിപ്പിടിച്ചു. ഈ കുട്ടിയുടെ കാര്യം എന്ന് പറഞ്ഞ് ബാലുവും കെട്ടിപ്പിടിച്ചു. അതു പോരാ, എന്റെ കവിളത്തൊരു ഉമ്മ കൂടി തരണമെന്ന് ഞാന്‍ പറഞ്ഞു. ഈ കൂട്ടിയെ കൊണ്ട് തോറ്റു എന്ന് പറഞ്ഞ് കവിളത്തൊരു ഉമ്മ പറഞ്ഞു. ആ എന്നെക്കൊണ്ട് തോറ്റതു കൊണ്ടാണല്ലോ ചേട്ടായി ഇട്ട് പോയത് എന്ന് ഞാന്‍ പറഞ്ഞു. പെട്ടെന്ന് ആള് ഇമോഷണല്‍ ആയിക്കാണണം. പുള്ളി പോയി.. ഞാന്‍ അവിടെ നിന്നു. ആ ഒരു നില്‍പ്പ് വല്ലാത്തൊരു നില്‍പ്പായിരുന്നു. പെരുമഴ പോലത്തൊരു നില്‍പ്പായിരുന്നു. ഞാന്‍ കരയുകയായിരുന്നു. ഒന്നും കാണാത്ത അവസ്ഥയായിരുന്നുവെന്നും ജോളി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications