'തണുപ്പ് ,മഴ,രണ്ട് ദിവസം മുൻപുള്ള വയനാട് ഇങ്ങനെയായിരുന്നു'; വീഡിയോ പങ്കിട്ട നടി മോനിഷക്ക് വിമർശനം
കൊച്ചി: വയനാട്ട് ദുരന്തത്തിന്റെ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിട്ടുണ്ട്. അക്കൂട്ടത്തിലൊരാളാണ് സരിയൽ താരമായ മോനിഷ. താനും കുടുംബവും സുരക്ഷിതയാണെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. രണ്ട് ദിവസം മുൻപ് പകർത്തിയ വയനാട്ടിലെ മഴക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ കുറിപ്പ്. എന്നാൽ ഈ കുറിപ്പിന് താഴെ താരത്തിനെതിരെ രൂക്ഷവിമർശനമാണ് ചിലർ ഉയർത്തുന്നത്.
'ഞാന്‍ ഈ വിഡിയോ എടുത്തത് രണ്ട് ദിവസം മുമ്പാണ്. ഇന്ന് വയനാടിന്റെ മുഴുവന്‍ സാഹചര്യവും മാറി. എന്റെ കുടുംബവും ഞാനും ഇവിടെ സുരക്ഷിതരാണ്.' വിഡിയോയ്‌ക്കൊപ്പം മോനിഷ കുറിച്ചു. വയനാട്ടിലെ മഴയേയും തണുപ്പിനേയും കുറിച്ച് മോനിഷ വീഡിയോയിൽ പറയുന്നുണ്ട്.

'തമിഴ്‌നാട്ടില്‍ മഴ പെയ്യുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, പക്ഷേ എന്റെ നാടായ വയനാട്ടില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. നല്ല തണുപ്പാണ്. രാവിലെ മുതല്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. ഈ കാഴ്ച കാണാന്‍ നല്ല ഭംഗിയുണ്ട്.',മോനിഷ വീഡിയോയിൽ പറഞ്ഞു. വീഡിയോയ്ക്ക് താഴെ താരത്തെ വിമർശിച്ച് ചിലർ രംഗത്തെത്തി.
വീഡിയോയുടെ കാപ്ഷൻ വായിക്കാതെയാണ് ഇക്കൂട്ടരുടെ വിമർശനം.കഷ്ടം നമിച്ച് ..വയനാട്ടിൽ നടന്ന ദുരന്തം അറിഞ്ഞില്ലായിരിക്കും', നാട്ടിൽ അല്ലെങ്കിലും ഉരുൾപൊട്ടൽ അറിഞ്ഞുകാണില്ലേ', ഇങ്ങനെ പോകുന്നു കമന്റുകൾ. കാപ്ഷൻ വായിക്കാതെ ഇത്തരത്തിൽ വിമർശിക്കരുതെന്ന് താരത്തെ പിന്തുണച്ചുകൊണ്ട് ചിലർ കുറിക്കുന്നുണ്ട്. മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ സുപരിചതയാണ് മോനിഷ. സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. നിലവിൽ തമിഴ് സീരിയലിലെ തിരക്കുള്ള താരമാണ് മോനിഷ. അരൺമരൈ കിളി എന്ന സീരിയലിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം. തമിഴിലേക്ക് ചേക്കേറിയെങ്കിലും മലയാളത്തിലും താരത്തിന്റെ ആരാധകർക്ക് കുറവൊന്നുമില്ല.
വയനാട് ദുരന്തം; 126 മരണം സ്ഥിരീകരിച്ചു
ഉരുൾപൊട്ടലിൽ 126 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 70 പേർ പുരുഷൻമാരും 56 പേർ സ്ത്രീകളുമാണ്. 123 മൃത ദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 63 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.
106 പേർ ക്യാമ്പുകളിൽ കഴിയുന്നു. 195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിൽ ചികിത്‌സയിൽ തുടരുന്നു. വയനാട്ടിൽ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.












Click it and Unblock the Notifications