'ദിലീപാണ് ഏറ്റവും കൂടുതൽ ദ്രോഹിച്ചത്; മമ്മൂട്ടിയും മോഹൻലാലും അങ്ങനെ പറഞ്ഞിട്ടുണ്ട്'; വെളിപ്പെടുത്തൽ
തിലകൻ നേരത്ത തന്നെ സിനിമയിലെ മാഫിയ സംഘത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തും നാടകപ്രവര്‍ത്തകനുമായ അമ്പലപ്പുഴ രാധാകൃഷ്ണന്‍. ഹേമ കമ്മിറ്റി റിപ്പോർ്ട്ടോടെ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ഇപ്പോൾ കൂടുതൽ വ്യക്തമായി തെളിഞ്ഞുവന്നിരിക്കുകയാണ്. ഈ മാഫിയയ്ക്ക് മുൻപിൽ കുമ്പിട്ട് നിൽക്കാത്തത് കാരണമാണ് അവർ അദ്ദേഹത്തെ ദ്രോഹിച്ചതെന്നും രാധാകൃഷ്ണൻ പറഞ്ഞു. മാത്യഭൂമി ന്യൂസിനോടാണ് പ്രതികരണം.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് -' സിനിമയിലെ ചില ഉപജാപക സംഘങ്ങൾ ഉണ്ട്. ഒരു മാഫിയ. തിലകൻ ഉൾപ്പെടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒരു തവണ അദ്ദേഹത്തിനൊപ്പം അബാദിൽ നടന്ന ചർച്ചയ്ക്ക് ഞാൻ പോയിരുന്നു. മാഫിയ എന്ന ആരോപണം പിൻവലിക്കണമെന്ന് അവർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. അങ്ങേര് അത് ആവർത്തിച്ചു. ഫെഫ്കയിലും അമ്മയിലും മാഫിയ ഉണ്ടെന്നും അതിനാൽ പിൻവലിക്കുന്ന പ്രശ്നമില്ലെന്നും പറഞ്ഞു.

തിലകനെ വളരെ വലിയ രീതിയിൽ അവഗണിച്ചു. അദ്ദേഹത്ത മാനസികമായി പീഡിപ്പിച്ചു. എന്തിനാണ് എന്നെ അവർ മാറ്റ് നിർത്തുന്നതെന്ന് അറിയില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. ആർക്കും വഴങ്ങാനും കൈകൂപ്പി നിൽക്കാനും എനിക്ക് കഴിയില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും പറഞ്ഞു. ഞാനൊരു നടനാണ്. എന്റെ പ്രേക്ഷകർ ആണ് ഗുരുജനങ്ങൾ. അവരെ എനിക്ക് വിശ്വാസമാണ്. അവരെ ആരേയും നോക്കേണ്ട കാര്യം എനിക്കില്ല ', എന്നാണ് അദ്ദേഹം പറഞ്ഞത്.
മാഫിയ ഉണ്ടെന്നതിന്റെ തെളിവല്ലേ ഇപ്പോൾ വന്നത്. മരിക്കുന്നതിന് മുൻപ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ മാഫിയയിലെ പ്രധാന കണ്ണി വൈകാതെ അഴിയെണ്ണുമെന്ന്, കേരള സമൂഹം അത് കാണുമെന്ന്. കണ്ടല്ലോ, ദിലീപ് അഴിയെണ്ണിയില്ലേ. തിലകൻ ചേട്ടനെ ഏറ്റവും കൂടുതൽ ദ്രോഹിക്കാൻ മുൻപിൽ നിന്നത് ദിലീപാണ്. തിലകനെ വിലക്കിയതോടെ എന്താണ് സംഭവിച്ചത്, മലയാള സിനിമയ്ക്ക് രണ്ട് കൊല്ലത്തോളം എത്രയോ നല്ല കഥാപാത്രങ്ങളെയാണ് നഷ്ടപ്പെട്ടത്.
മമ്മൂട്ടി പറഞ്ഞിട്ടുണ്ട്, ഞാൻ അദ്ദേഹവുമായി അഭിനയിക്കില്ലെന്ന്. അതേസമയം മമ്മൂട്ടിയുടെ മകൻ അഭിനയിക്കുന്ന സിനിമയിൽ തിലകൻ വേണം. എന്താ കാരണം, തിലകൻ ചേട്ടനൊപ്പം അഭിനയിച്ചാൽ നടനാകും. മമ്മൂട്ടിയുടെ മകനല്ലേയെന്ന് പലരും ചോദിച്ചപ്പോൾ അത് വിഷയമല്ലെന്നും ദുൽഖർ ഒരു നടനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മമ്മൂട്ടിയും മോഹൻലാലുമായൊന്നും അദ്ദേഹത്തിന് പ്രശ്നമില്ലായിരുന്നു. പക്ഷെ അവർക്ക് പിണക്കമായിരുന്നു.അദ്ദേഹം ദേശീയ അവാർഡിന്റെ അവസാന ലിസ്റ്റിൽ വരെ വന്നതാണ്. ഈ മാഫിയയാണ് അവരുടെ സ്വാധീനം ഉപയോഗിച്ച് അത് തകർത്തത്. ആ ചർച്ച വന്നപ്പോൾ തന്നെ അദ്ദേഹം പറഞ്ഞിരുന്നു, എനിക്ക് അവാർഡ് കിട്ടില്ലെന്ന് ഇവർ വിലക്കുമെന്ന്. അതുപോലെ തന്നെ വിലക്കി.
നിർമ്മാതാക്കളും സംവിധായകരും മമ്മൂട്ടിയോടും മോഹൻലാലിനോടും ഡേറ്റ് ചോദിക്കുമ്പോൾ ഒപ്പം തിലകൻ ഉണ്ടെന്ന് പറഞ്ഞാൽ അവർ പറയും എനിക്ക് ഡേറ്റ് ഇല്ലെന്ന്. സൂപ്പർ സ്റ്റാറിന്റെ ഡേറ്റ് കിട്ടണമെങ്കിൽ അവർ പറയുന്നവരെ സിനിമയിൽ അഭിനയിപ്പിക്കണം. അതാണ് ഈ മാഫിയ. ഇപ്പോൾ വിവരങ്ങളൊക്കെ പുറത്തുവന്നല്ലോ. ആരെയൊക്കെ അഭിനയിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ഈ സൂപ്പർ താരങ്ങളാണ്, ഈ 14 പേരാണ്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications