ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് തുടരും; എന്നെപ്പോലുള്ള സാധരണക്കാരുടെ പരാതിയും നോക്കുമെന്ന് പ്രതീക്ഷ: അശ്വതി
സോഷ്യല്‍ മീഡിയിലൂടെ അധിക്ഷേപ കമന്റുകള്‍ നടത്തിയവർക്കെതിരെ ഹണി റോസ് നടത്തിയ പരാതിയില്‍ മികച്ച രീതിയിലുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സോഷ്യല്‍ മീഡിയ കുറിപ്പിന് താഴെ അധിക്ഷേപപരമായ രീതിയില്‍ കമന്റ് ചെയ്ത 27 പേർക്കെതിരെയാണ് ഹണി റോസ് പരാതി നൽകിയത്. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുമ്പളം സ്വദേശി ഷാജി എന്നയാളെ പൊലീസ് പിടികൂടി. അന്വേഷണം തുടരുകയാണെന്നും ഇനിയും അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ശക്തമായ രീതിയിലുള്ള നിയമനടപടികള്‍ ആരംഭിച്ചതോടെ അധിക്ഷേപ കമന്റുകള്‍ പങ്കുവെച്ച പലരും പ്രൊഫൈല്‍ ഡിലീറ്റ് ചെയ്ത് മുങ്ങിയിട്ടുണ്ട്. അതേസമയം ഹണി റോസ് വിഷയത്തില്‍ പൊലീസ് നടത്തുന്ന ഇടപെടലിന്റെ പശ്ചാത്തലത്തില്‍ താന്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടും നടപടിയുണ്ടാകുമെന്ന പ്രതീക്ഷയുമായി സീരിയല്‍ താരം അശ്വതിയും രംഗത്ത് വന്നിട്ടുണ്ട്.

തന്റെ ഫോട്ടോക്ക് മോശം കമന്റിട്ടയാളുടെ അക്കൗണ്ടും ഫോട്ടോയും അടക്കമുള്ള എല്ലാ വിവരങ്ങള്‍ വെച്ചും പരാതി നല്‍കിയെങ്കിലും യാതൊരു വിധത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ മാസം വീണ്ടും ഒരു പരാതി നല്‍കിയിട്ടുണ്ടെന്നും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അതില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നടി അശ്വതിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എന്നും രാവിലെ ന്യൂസ് ചർച്ചകൾ കേട്ടുകൊണ്ട് റെഡി ആകുന്ന എനിക്കിന്ന് രാവിലെ കേൾക്കാനിടയായ ന്യൂസ് ചർച്ച ആയിരുന്നു "മലയാളിക്ക് സദാചാര മനോരോഗമോ" എന്നത്. ആരെങ്കിലും ഒരാൾ ധൈര്യമായിട്ട് മുന്നിട്ട് ഇറങ്ങുമ്പോൾ മാത്രമേ പുറത്തു പറയാതെ മടിച്ചു മാറിനിൽക്കുന്ന എന്നെപോലുള്ളവർക്ക് ധൈര്യം ഉണ്ടാകു. മാസങ്ങളായി സഹികെട്ടു വയ്യാതായപ്പോൾ ഞാൻ കഴിഞ്ഞ മാസം കൊടുത്ത കംപ്ലയിന്റ് ആണ്. സംസ്ഥാനത്തു പരാതി കൊടുത്തപ്പോൾ ഞാൻ താമസിക്കുന്ന പരിധിക്കുള്ളിൽ മാത്രമേ പരാതി സ്വീകരിക്കുകയുള്ളു എന്ന് പറഞ്ഞു ഞാൻ എന്റെ നാട്ടിലെ സൈബറിലും കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്.
ഒരു ഒന്നു രണ്ടു വർഷങ്ങൾക്കു മുൻപ് പറയാൻ കൊള്ളില്ലാത്ത ഒരു മോശം വാക്ക് എന്റെ ഫോട്ടോക്ക് താഴെ വന്നപ്പോൾ അയാളുടെ അക്കൗണ്ട്, ഫോട്ടോ വിത്ത് ഫുൾ പ്രൂഫ് വെച്ചു കംപ്ലയിന്റ് കൊടുത്തത് എവിടെ പോയെന്നു എനിക്കറിഞ്ഞൂടാ. ഇപ്പോൾ വന്ന ഈ വാർത്താ ചൂടിൽ എന്നെപ്പോലുള്ള സാധരണക്കാരിയുടെ ഈ പുതിയ കംപ്ലൈന്റ് ഒന്ന് നോക്കുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications