'ഇപ്പോഴത്തെ ചില നടിമാർ ഉദ്‌ഘാടന തൊഴിലാളികളായി മാറി, സിനിമയേക്കാൾ കാശും കിട്ടും'; മല്ലിക സുകുമാരൻ
മലയാള സിനിമയിൽ അരനൂറ്റാണ്ട് കാലത്തെ അനുഭവ സമ്പത്തുള്ള നായികമാരിൽ ഒരാളാണ് മല്ലിക സുകുമാരൻ. ജയനും പ്രേം നസീറും ഒക്കെ തിളങ്ങി നിന്നിരുന്ന കാലത്ത് തന്നെ മല്ലിക തന്റെ അഭിനയ ജീവിതം ആരംഭിച്ചിരുന്നു. അന്നത്തെ സിനിമാ സംസ്‌കാരത്തെ പറ്റി എന്നും അവർ വാചാലയാവാറുണ്ട്. ഇപ്പോഴിതാ പഴയകലത്തെ സിനിമയും ഇപ്പോഴത്തെ മാറ്റവും ഒക്കെ സൂചിപ്പിക്കുകയാണ് മല്ലിക സുകുമാരൻ തന്റെ അനുഭവങ്ങളിലൂടെ.
കൂടാതെ ഇപ്പോഴിതാ മലയാള സിനിമയിലെ ചില പ്രവണതകൾ അവർ എടുത്തു കാട്ടുകയും ചെയ്യുന്നുണ്ട്. ഗ്ലാമറിനും മറ്റും അന്ന് പ്രാധാന്യം ഇല്ലായിരുന്നുവെന്നുംഅക്കാലത്ത് സിനിമ എല്ലാവരുടെയും അന്നം ആണെന്ന് ബോധ്യം ഉണ്ടായിരുന്നുവെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ നടിമാരുടെ ചില പ്രവണതകളെ അവർ ചോദ്യം ചെയ്യുകയുമുണ്ടായി.

'അന്നത്തെ കാലത്ത് ഡബ്ബിംഗ് ഒന്നുമുണ്ടായിരുന്നില്ല. ക്യാമറ വച്ച് അപ്പോൾ തന്നെ ഡയലോഗ് എടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്ക്രിപ്റ്റ് എല്ലാവരും നന്നായി പഠിക്കാറുണ്ട്. എങ്ങനെ ഡയലോഗ് പറയണം, എങ്ങനെ അവതരിപ്പിക്കണം എന്നൊക്കെ റിഹേഴ്‌സൽ കഴിയുമ്പോഴേക്ക് പക്കാ അവയുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല' മല്ലിക സുകുമാരൻ പറയുന്നു.
'ഇപ്പോൾ എന്താണ് എന്റെ വേഷം, എന്താണ് ഞാൻ പറയേണ്ടത് എന്നൊക്കെ ക്യാമറയുടെ മുന്നിൽ വന്നതിന് ശേഷം ചോദിക്കുന്നവരുമുണ്ട്. സീനിയർ ആർട്ടിസ്‌റ്റുകൾ അല്ല, പുതിയ പുതിയ കുട്ടികളുണ്ട്. അതിന്റെ ഗൗരവം ഇല്ലാത്തത് കൊണ്ടായിരിക്കാം ചെലപ്പോൾ. സിനിമ എന്നത് ഒരു വിനോദോപാധി അല്ലാതെ ഇത് നമ്മുടെ അന്നമാണ് എന്ന് കരുതുന്ന തലമുറയിൽ നമ്മളൊക്കെ ബഹുദൂരം ഇങ്ങ് പോന്നുപോയി' മല്ലിക സുകുമാരൻ മനസ് തുറന്നു.
'ഇപ്പോൾ അവർക്കൊക്കെ സിനിമ എന്ന് പറഞ്ഞാൽ ഗ്ലാമർ, അതിന്റെ പൈസ, പേരും പ്രശസ്‌തിയും സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ അതിന്റെ പേരിൽ കിട്ടുന്ന ഒരു ആരാധന ഇതൊക്കെയേ ഉള്ളൂ വലിയ കാര്യമായിട്ട്. ഞങ്ങളുടെയൊക്കെ കാലത്ത് വരുമാനമാണ് സിനിമ. ഒരു പടം അഭിനയിച്ചു കഴിഞ്ഞാൽ ഇത്ര രൂപ കിട്ടുമ്പോൾ അത് നമുക്ക് നിത്യ ചെലവിനുള്ള കാശാണ്' അവർ പറയുന്നു.
കരിക്ക് താരം കിരൺ വിവാഹിതനായി; ചിത്രങ്ങൾ പങ്കുവെച്ച് അനു അനിയനും താരങ്ങളും
'ഇന്നിപ്പോൾ സിനിമയേക്കാൾ കാശ് പലരും ഉദ്‌ഘാടനത്തിന് പോയാൽ കിട്ടും. ഇങ്ങനെ കാലം മാറിയതിന്റെ ഒരുപാട് വ്യത്യാസങ്ങൾ ഇപ്പോഴുണ്ട്.' മല്ലിക സുകുമാരൻ പറയുന്നു. നിലവിൽ നിരവധി മുൻനിര നായികമാരാണ് മലയാളത്തിൽ ഉദ്‌ഘാടനങ്ങളിൽ നിരന്തരം പങ്കെടുത്തുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇതിനെയാണ് ഇപ്പോൾ മല്ലികാ സുകുമാരൻ കടുത്ത ഭാഷയിൽ വിമർശിച്ചത്.












Click it and Unblock the Notifications