മഞ്ജു വാര്യറുടെ ചിത്രം കണ്ട അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്: പിന്നാലെ ആനിയുടെ അവസരവും നഷ്ടമായി
1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യമാണ് മഞ്ജു വാര്യറുടെ ആദ്യ ചിത്രമെങ്കിലും സല്ലാപത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സുന്ദർദാസ് സംവിധാനം ചെയ്ത ചിത്രം സൂപ്പർഹിറ്റായി മാറിയതിനോടൊപ്പം തന്നെ മഞ്ജു വാര്യറുടെ അഭിനയ മികവും ഏറെ പ്രശംസിക്കപ്പെട്ടു. മഞ്ജു വാര്യർക്ക് മാത്രമല്ല ദിലീപ്, കലാഭവന്‍ മണി, മനോജ് കെ ജയന്‍ തുടങ്ങിയ താരങ്ങളുടെ കലാജീവിതത്തില്‍ നിർണ്ണായക സ്വാധീനം ചെലുത്തിയ ചിത്രം കൂടിയാണ് സല്ലാപം.
യഥാർത്ഥത്തില്‍ സല്ലാപത്തിലേക്ക് ആദ്യം നായികയായി പരിഗണിച്ചിരുന്നത് ആനിയേയായിരുന്നു. എന്നാല്‍ പിന്നീട് അത് എങ്ങനെ മഞ്ജു വാര്യറിലേക്ക് എത്തിയെന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സുന്ദർദാസ്. ആർജെ ഗദ്ദാഫിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഗരം എന്ന പേരില്‍ ലോഹിതദാസ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസാണ്. അദ്ദേഹത്തിന്റെ സഹസംവിധായകനായി ഞാനും പ്രവർത്തിക്കുന്നു. കിരീടം ഉണ്ണി തന്നെയാണ് നിർമ്മാതാവ്. അദ്ദേഹം ലൊക്കേഷനിലേക്ക് കുറേ മാഗസിനുകള്‍ വരുത്തും. അത്തരത്തിലുള്ള ഏതോ ഒരു മാഗസിനിലെ മുഖചിത്രം മഞ്ജു വാര്യറുടേതായിരുന്നു. വളരെ നല്ല തിളക്കത്തോട് കൂടിയ ഒരു ചിത്രം.
സല്ലാപം ഒന്നും ആലോചിച്ചിട്ട് പോലും ഇല്ലാത്ത സമയമാണ്. എങ്കിലും ആ ചിത്രം നോക്കിയിട്ട് 'ഇത് എന്റെ ഒരു നായികയാകാന്‍ സാധ്യതയുള്ള ഒരു പെണ്‍കുട്ടിയാണ്' എന്ന് ലോഹിതദാസ് വളരെ സ്വാഭാവികമായ രീതിയില്‍ പറഞ്ഞുപോയി. എന്നാല്‍ ഇതുകേട്ട കിരീടം ഉണ്ണി ആ മാഗസിന്‍ എടുത്ത് സൂക്ഷിച്ച് വെച്ച്. പിന്നീട് സിബി സാറിന്റെ കൂടെ സിന്ദൂര രേഖ കഴിഞ്ഞിട്ടാണ് ഞാന്‍ സല്ലാപത്തിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറയുന്നു.
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ മറ്റ് മൂന്ന് പുരുഷന്മാർ നടത്തുന്ന ഇടപെടലാണല്ലോ സല്ലാപം. അന്ന് ഏറ്റവും നല്ല ഒരു ടീനേജ് നായിക ആനിയാണ്. അവരുമായി എനിക്ക് നല്ല സുഹൃദ് ബന്ധമുണ്ട്. അക്ഷരം എന്ന ചിത്രത്തില്‍ ആനിയുടെ ഏതാനും രംഗങ്ങള്‍ ഞാന്‍ ഷൂട്ട് ചെയ്തിരുന്നു. സല്ലാപത്തിലക്ക് ആനിയെ ആലോചിക്കാമെന്ന് പറഞ്ഞു. അങ്ങനെ ആനിയുടെ അങ്കിളിന്റെ നമ്പർ തപ്പിയെടുത്ത് ലോഹിതദാസ് വിളിച്ച് കാര്യം പറഞ്ഞു.
ലോഹിയുടെ കഥാപാത്രം അന്നുവരെ ആനി ചെയ്തില്ലായിരുന്നു. അതുകൊണ്ട് തന്നെ അവർക്കും നല്ല താല്‍പര്യമായിരുന്നു. ആനി അന്ന് വളരെ മിടുക്കിയായ പെണ്‍കുട്ടിയുടെ വേഷമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ നമ്മുടെ കഥാപാത്രം അങ്ങനെയല്ലെന്നും ലോഹിതദാസ് പറഞ്ഞു. അങ്ങനെയുള്ള നിരന്തരം ആലോചനകള്‍ക്ക് ഒടുവിലാണ് സാഗരത്തിന്റെ ലൊക്കേഷനില്‍ വെച്ച് മാഗസിന്‍ കവറില്‍ കണ്ട മഞ്ജു വാര്യറിലേക്ക് എത്തുമ്പോള്‍.
ആ മാഗസിനില്‍ മഞ്ജു വാര്യറുടെ കുടുംബത്തെ കുറിച്ച് ചെറിയ കുറിപ്പുണ്ടായിരുന്നു. അങ്ങെ അവരെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിന് മുമ്പ് സാക്ഷ്യം എന്ന് പറയുന്ന ചിത്രത്തില്‍ മുരളിച്ചേട്ടന്റെ മകളായി ചില സീനുകളിലൊക്കെ വന്നിരുന്നു. എന്തായാലും ഞങ്ങള്‍ കാണാന്‍ വരുന്നുണ്ടെന്ന് അവരെ അറിയിച്ചെന്നും സുന്ദർദാസ് പറയുന്നു.
മഞ്ജു വാര്യറുടെ വീട്ടില്‍ എത്തുമ്പോള്‍ മഞ്ജുവും അമ്മയും മാത്രമാണുള്ളത്. കുറച്ച് വീഡിയോയൊക്കെ എടുത്തു. സഹോദരനുമായി വഴക്ക് കൂടിയതിന് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് സോഫയില്‍ വന്നിരിക്കുന്ന ഒരു രംഗം അഭിനയിക്കാന്‍ പറഞ്ഞു. മഞ്ജു ഓടിവന്ന് സോഫയില്‍ വന്നിരുന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ കണ്ഠമിടറി കരഞ്ഞു, പിന്നെ എഴുന്നേറ്റ് നിന്ന് ഏങ്ങിയേങ്ങിയും കരഞ്ഞു. ഗംഭീരമായിരുന്നു ആ അഭിനയം. അങ്ങനെ അവിടുന്ന് തിരിച്ച് വന്ന് ഷൂട്ട് ചെയ്ത രംഗങ്ങള്‍ ലോഹിതദാസിനെ കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഇതാണ് നമ്മുടെ രാധയെന്ന്. അങ്ങനെയാണ് മഞ്ജു വാര്യർ ഈ സല്ലാപത്തിലേക്ക് വരുന്നതെന്നും സംവിധായകന്‍ പറയുന്നു.












Click it and Unblock the Notifications