ഓണം കളറാക്കാൻ തിയേറ്ററിൽ നാല് പടങ്ങൾ; രണ്ടിലും കല്യാണി! കുടുംബ പ്രേക്ഷകരുടെ സ്വന്തം ലാലേട്ടനും
മലയാളികളുടെ ഏറ്റവും വലിയ ഉത്സവം ഏതെന്ന് ചോദിച്ചാൽ അത് ഓണമെന്ന് തന്നെ പറയേണ്ടി വരും. കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ അവധി കിട്ടുന്ന മറ്റൊരു കാലം വേറെയില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് അവധിക്കാല ആഘോഷത്തിനായി പല തരത്തിലുള്ള വിനോദങ്ങൾ അവർ തിരഞ്ഞെടുക്കും. അത്തരത്തിൽ മലയാളി കുടുംബങ്ങൾ ഒന്നാകെ പോവാൻ ആഗ്രഹിക്കുന്ന ഇടങ്ങളിൽ ഒന്നാണ് തിയേറ്ററുകൾ.
എത്രയോ പതിറ്റാണ്ടുകളായി മലയാളികളുടെ ഓണാഘോഷത്തിന് നിറം പകരുന്നത് നല്ല സിനിമകളാണ്. ഈ കാലത്തേക്ക് റിലീസ് ലക്ഷ്യമിട്ട് ഒട്ടേറെ സിനിമകളാണ് എത്താറുള്ളത്. കഴിഞ്ഞ വർഷങ്ങൾ ഒക്കെ എടുത്താലും മികച്ച സിനിമകളുടെ നീണ്ട നിര തന്നെ ഓണക്കാലത്ത് എത്തിയതായി നമുക്ക് കാണാൻ കഴിയും. ഓണ വിപണിയും അവധിയും ലക്ഷ്യമിട്ട് ഇക്കുറിയും ചില സിനിമകൾ തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്.

തിരുവോണം ഇത്തവണ സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്‌ച ആയതിനാൽ സിനിമകളുടെ റിലീസ് കൃത്യം ഒരാഴ്‌ച മുൻപ് തന്നെ നടന്നിരുന്നു (തമിഴ് ഉൾപ്പടെയുള്ള അന്യഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ ഇത്തവണ ഓണദിനത്തിൽ തിയേറ്ററുകളിൽ എത്തുന്നുണ്ട്). അത്തരത്തിൽ ഇത്തവണ ഓണത്തിന് കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ, തിയേറ്ററുകളിൽ ആരവം തീർക്കാൻ ഏതൊക്കെ സിനിമകൾ കാത്തിരിക്കുന്നുവെന്ന് നോക്കാം.
ലോക മുതൽ ഹൃദയപൂർവം വരെ
ഇത്തവണ സൂപ്പർസ്‌റ്റാർ സിനിമകൾ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം മോളിവുഡിൽ ഇല്ലെന്ന് തന്നെ പറയാം. മുൻ ഓണക്കാലത്ത് അത്തരം സംഭവങ്ങൾ പലവട്ടം നടന്നിട്ടുണ്ട്. എങ്കിലും ഇക്കുറി ഓണം അവധിക്കാലം ലക്ഷ്യമിട്ട് എത്തിയ സിനിമകളിൽ ഭൂരിഭാഗവും വൻ താരനിര അണിനിരന്ന ചിത്രങ്ങൾ തന്നെയായിരുന്നു എന്നതാണ് പ്രത്യേക. പട്ടികയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങിയ മുൻനിര തങ്ങളും കല്യാണി പ്രിയദർശനും ഉൾപ്പെടുന്നു.
ഇക്കുറി പ്രഥമ പരിഗണന എല്ലാവരും നൽകിയത് മോഹൻലാൽ ചിത്രം ഹൃദയപൂർവത്തിന് ആയിരുന്നു. എന്തെന്നാൽ അതിന്റെ പ്രധാന കാരണം സത്യൻ അന്തിക്കാട് -മോഹൻലാൽ ഹിറ്റ് കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്നു എന്നതായിരുന്നു. കൂടാതെ സംഗീത് പ്രതാപ് അടക്കമുള്ള യുവതാരങ്ങളുടെയും മാളവിക മോഹനന്റേയും സാന്നിധ്യം ചിത്രത്തെ വേറിട്ട് നിർത്തുന്നു. ഓഗസ്‌റ്റ് 28ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം ഒരാഴ്‌ചയോട് അടുക്കുമ്പോൾ കളക്ഷൻ 50 കോടി രൂപയ്ക്ക് അടുത്ത് എത്തിയിരിക്കുകയാണ്.
എന്നാൽ തിയേറ്ററുകൾ ഒന്നാകെ ലോക കൊടുങ്കാറ്റ് ആഞ്ഞുവീശുകയാണ് എന്നതാണ് പ്രധാനപ്പെട്ട ഒരു വസ്‌തുത. ഫീൽ ഗുഡ് ഡ്രാമ ഗണത്തിൽപ്പെടുന്ന ഹൃദയപൂർവത്തെ ബോക്‌സ് ഓഫീസിൽ മലർത്തിയടിച്ചു കൊണ്ടാണ് കല്യാണി പ്രിയദർശനും നസ്ലിനും പ്രധാന വേഷത്തിൽ എത്തിയ ലോക മുന്നേറുന്നത്. നിർമ്മാതാവ് എന്ന നിലയിൽ ദുൽഖർ സൽമാന്റെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ട്. കളക്ഷൻ റെക്കോർഡിൽ ചരിത്രം കുറിച്ച ലോക നൂറ് കോടി കടന്ന് മുന്നേറുകയാണ്.
തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം ഫഹദ് ഫാസിൽ നായകനായ കല്യാണി പ്രിയദർശന്റെ രണ്ടാമത്തെ ഓണം റിലീസായ ഓടും കുതിര ചാടും കുതിരയാണ്. അൽത്താഫ് സലീം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ചിത്രത്തിന് പക്ഷേ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഇതുവരെയും ബോക്‌സ് ഓഫീസിൽ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല.
തിയേറ്ററിൽ എത്തിയ മറ്റൊരു ചിത്രം ഇത്രത്തോളം താരപ്പകിട്ടില്ലാത്ത സിനിമയാണ്. മേനേ പ്യാർ കിയയാണ് നാലാമത്തെ ചിത്രം. ഹൃദു ഹാറൂണ്‍- പ്രീതി മുകുന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രവും തിയേറ്ററുകളിലുണ്ട്. കൂടാതെ ശിവകാർത്തിയനൊപ്പം ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന എആർ മുരുഗദോസ് ചിത്രവും ഓണത്തിന് തിയേറ്ററുകളിൽ ഉണ്ടാവും.












Click it and Unblock the Notifications