'ആ സീനിയർ നടൻ കാണിച്ചത് മര്യാദകേട്, മോശമായെന്ന് മുഖത്ത് നോക്കി പറഞ്ഞു, ദൃശ്യം 3യുടെ കഥ ഇത്'; ജീത്തു ജോസഫ്
മലയാള സിനിമയിൽ ത്രില്ലറുകളുടെ അപ്പൊസ്‌തലൻ എന്ന വിളിപ്പേര് സ്വന്തമായുള്ള സംവിധായകനാണ് ജീത്തു ജോസഫ്. പല ജോണറുകളിലും അദ്ദേഹം സിനിമകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ത്രില്ലറുകളുടെ കാര്യത്തിൽ അദ്ദേഹത്തെ കവച്ചുവയ്ക്കാൻ പറ്റിയ സംവിധായകർ സൗത്ത് ഇന്ത്യയിൽ തന്നെ അധികമില്ല. ദൃശ്യം ഒന്നും രണ്ടും, മെമ്മറീസ്, ഊഴം, ഡിറ്റക്റ്റീവ്, കൂമൻ എന്നിങ്ങനെ അവസാനം റിലീസ് ചെയ്‌ത മിറാഷ് വരെ നീളുന്നതാണ് ജീത്തുവിന്റെ ത്രില്ലർ ജൈത്രയാത്ര.
ഇപ്പോഴിതാ ലോകമെമ്പാടും സിനിമാ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ച ദൃശ്യം ഫ്രാഞ്ചൈസിയിൽ നിന്നുള്ള മൂന്നാമത്തെ ചിത്രമായ ദൃശ്യം 3യുടെ ഷൂട്ട് തുടങ്ങിയിരിക്കുകയാണ്. മോഹൻലാൽ അടക്കമുള്ള താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ കഴിഞ്ഞ രണ്ട് സിനിമകളിലേതും പോലെ തന്നെ എല്ലാ കഥാപാത്രങ്ങളും ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ ജീത്തു.

പഴയകാലം അനുഭവങ്ങളും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ദൃശ്യം 3യുടെ കഥയെ കുറിച്ച് ഒരു കൃത്യമായ ധാരണ അദ്ദേഹം പ്രേക്ഷകർക്ക് നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ സിനിമാ ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഒരു സീനിയർ നടൻ മര്യാദകേട് കാട്ടിയപ്പോൾ താൻ അത് തുറന്ന് ചോദിച്ചെന്ന് ജീത്തു പറയുന്നു. വനിതയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ജീത്തു ജോസഫിന്റെ വാക്കുകൾ ഇങ്ങനെ.
ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്നാണ് ദൃശ്യം മൂന്നിൽ പറയുന്നത്. അവരുടെ കുടുംബം അടുത്ത സ്‌റ്റേജിലേക്ക് വരുമ്പോൾ നാല് വർഷത്തിന് ശേഷം അവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതാണ് അതിലുണ്ടാവുക. ദൃശ്യം 2 വൈകിയതിന് കാരണമായ ചില കാര്യങ്ങൾ കൊണ്ട് തന്നെയാണ് മൂന്നാം ഭാഗവും വൈകിയത്. ലാലേട്ടന്റെ ഒരു സജഷനിൽ നിന്നാണ് ക്ലൈമാക്‌സിന്റെ രൂപം കിട്ടിയത്.
ഞാൻ എല്ലാവരോടും ഫ്രണ്ട്ലിയാണ്. പക്ഷേ ജോലിയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്‌ച പറ്റിയാൽ ഞാൻ വഴക്ക് പറയും. ഒരു വിഭാഗത്തിനോട് മാത്രം ഞാൻ പൊതുവെ വഴക്ക് ഉണ്ടാക്കാറില്ല, അത് അഭിനേതാക്കളോട് മാത്രമാണ്. എന്നാലും ചില കേസുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. അതിപ്പോൾ സീനിയർ നടൻമാർ ആയാൽ പോലും. അത് ചെയ്‌തത് ശരിയായില്ലെന്ന് ഞാൻ മുഖത്ത് നോക്കി പറയുകയും ചെയ്‌തിട്ടുണ്ട്.
ഒരു സിനിമയിൽ ഒരു നടൻ രാവിലെ വരുമെന്ന് പറഞ്ഞിട്ട് ഞങ്ങൾ കാത്തിരുന്നു, നോക്കുമ്പോൾ പുള്ളി വേറെയൊരു സിനിമയുടെ പോഷൻസ് തീർക്കുകയായിരുന്നു. ഞങ്ങളോട് പറയാതെ പോയി, ഉച്ചകഴിഞ്ഞിട്ട് എത്തുമെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ഞാൻ പറഞ്ഞു ഭയങ്കര മോശമായിപ്പോയി, താങ്കളിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞു. പുള്ളി പിന്നെ കൊറേ സോറിയൊക്കെ പറഞ്ഞു, ഞാൻ പറഞ്ഞു നിങ്ങൾ അത് കമ്മ്യൂണിക്കേറ്റ് ചെയ്‌തില്ല. പറയാനുള്ളത് ഞാൻ പറയും.
പിന്നെ വേറെയൊരു സിനിമയിൽ ഒരു സീനിയർ ആക്റ്റർ, ഞാൻ ആദ്യമായിട്ട് വർക്ക് ചെയ്യുകയാണ് പുള്ളിയോടൊപ്പം. തുടക്കത്തിൽ വിളിച്ച് വിഗ്ഗിന്റെ കാര്യമൊക്കെ ധാരണയാക്കിയതാണ്. എല്ലാം പറഞ്ഞുവച്ചതാണ്. ആ ഷൂട്ടിൽ ജോയിൻ ചെയ്യാൻ വന്ന ദിവസം ഞാൻ ഞെട്ടിപ്പോയി. പുള്ളി പുള്ളിക്ക് ഇഷ്‌ടമുള്ള ഒരു വിഗും ഇട്ടോണ്ട് വന്നിരിക്കുന്നു. ഞാൻ പറഞ്ഞു ഇത് മോശമായിപ്പോയെന്ന്.
അങ്ങനെയെങ്കിൽ പുള്ളി ആദ്യമേ പറയുകയാണ് വേണ്ടത്. എനിക്ക് അങ്ങനെ ഉള്ള ആൾക്കാരുമായി ജോലി ചെയ്യാൻ തന്നെ താൽപര്യമില്ല. പിന്നെ അത്തരക്കാരോട് സഹകരിക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ഒരു നടിയോട് മുടിയുടെ കാര്യം പറഞ്ഞിരുന്നു. മുടി അവർ കളർ ചെയ്‌തിരുന്നു, പിന്നെ എന്തോ കേൾ കൂടി ചെയ്‌തിരുന്നു. അതൊക്കെ ഷൂട്ടിന് ശരിയാക്കാം എന്നാണ് പറഞ്ഞത്. പക്ഷേ വന്നപ്പോൾ മുടി അങ്ങനെ തന്നെ. ഞാൻ ലൊക്കേഷനിൽ വച്ച് തന്നെ സ്ട്രൈറ്റ് ചെയ്യിച്ചു.












Click it and Unblock the Notifications