'മറിമായം തന്നെ':3 ലക്ഷത്തിന്റെ ഈ ബസ് സ്റ്റോപ്പ് നിർമ്മിച്ചതിന് പിന്നില്‍ കെടി ജലീലോ? സത്യാവസ്ഥ എന്ത്
തവനൂർ: സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പല ബസ് കാത്തിരിപ്പ് അടങ്കല്‍ തുക സംബന്ധിച്ച നിരവധി ആക്ഷേപങ്ങള്‍ എന്നും ഉയർന്ന് വരാറുണ്ട്. വലിയ തുക ചിലവഴിച്ച് നിർമ്മിച്ചാലും പൊതുജനങ്ങള്‍ക്ക് ഒന്ന് ഇരിക്കാന്‍ പോലും സൌകര്യങ്ങള്‍ ഇല്ലാത്തതാണ് പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടേയും അവസ്ഥയെന്നാണ് പ്രധാന ആക്ഷേപം. അതേസമയം തന്നെ മലയാറ്റൂര്‍ നീലേശ്വരം പഞ്ചായത്തിലെ മറ്റൊരു ബസ് കാത്തിരിപ്പ് കേന്ദ്രവും ഈ അടുത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചാ വിഷയമായി മാറു.
നാട്ടുകാര്‍ പിരിവെടുത്ത് വെറും 1,22,700 രൂപയ്‌ക്ക് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആളുകള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കിയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകള്‍ സജീവമായി തുടർന്ന് വരുന്നതിന് ഇടയിലാണ് കെ ടി ജലീല്‍ മൂന്ന് ലക്ഷം രൂപ മുടക്കി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന പേരിലൊരു ചിത്രം വൈറലായത്.

സി പി എം സ്വതന്ത്രനായ കെടി ജലീലിന്റെ 'പേരിലുള്ള' ബസ് കാത്തിരിപ്പ് കേന്ദ്രം ആയതിനാല്‍ തന്നെ ലീഗ് - ബി ജെ പി - കോണ്‍ഗ്രസ് സൈബർ സംഘം ഈ ചിത്രം സജീവമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ യഥാർത്ഥത്തില്‍ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം കെടി ജലീല്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണോ? എന്നാല്‍ അതിന്റെ ഉത്തരം അല്ലെന്നാണ്.
'മൂന്ന് ലക്ഷത്തിന്‍റെ സര്‍ക്കാര്‍ ബസ് വെയിറ്റിംഗ് ഷെഡും 1,22,700 രൂപയ്ക്ക് നാട്ടുകാര്‍ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡും' എന്ന തലക്കെട്ടോടെയായികുന്നു പ്രചരണം. കേവലം അണികള്‍ എന്നതിന് അപ്പുറം ആബിദ് അടിവാരം, മാത്യൂ സാമുവല്‍ , 'ശശികല ടീച്ചര്‍, സംസ്ഥാന അദ്ധ്യക്ഷ ഹിന്ദു ഐക്യവേദി' എന്ന എഫ്‌ബി പേജിലും ഈ ചിത്രം പങ്കുവെക്കപ്പെട്ടിരുന്നു.
'പൊതുമുതൽ മോഷ്ടിക്കുന്നതിന്റെ നേർച്ചിത്രം.3 ലക്ഷത്തിന്റെ സർക്കാർ ബസ് വെയിറ്റിംഗ് ഷെഡും, 1,22,700 രൂപക്ക് നാട്ടുകാർ നിർമിച്ച ബസ് വെയിറ്റിംഗ് ഷെഡും. വികസനത്തിന്റെ പേരിൽ രാഷ്ട്രീയക്കാർ അടിച്ചു മാറ്റുന്ന കോടികൾ എത്രയാണെന്നും എത്ര ലാഘവത്തോടെയാണ് പൊതു ഖജനാവ് കൊള്ളയടിക്കുന്നതെന്നും മനസ്സിലാക്കാൻ ഈ ചിത്രങ്ങൾ മതി, പാർട്ടി അടിമകളല്ലാത്ത യുവാക്കൾ രാഷ്ട്രിയത്തിലേക്കിറങ്ങാൻ തയ്യാറാകും വരെ ഈ കൊള്ള തുടർന്ന് കൊണ്ടേയിരിക്കു' എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് ആബിദ് അടിവാരം ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ വലിയ തോതില്‍ വളച്ചൊടിക്കപ്പെട്ട ഒരു പ്രചരണമാണ് ഇതെന്നാണ് യാഥാർത്ഥ്യം. മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയില്‍ കാണിക്കുന്ന ബസ് വെയിറ്റിംഗ് ഷെഡാണ് എഡിറ്റ് ചെയ്ത് കെടി ജലീലിന്റേത് എന്ന പേരില്‍ പ്രചരിപ്പിച്ചത്. 'പാരിജാതന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട്, അടങ്കല്‍ തുക 3 ലക്ഷം' എന്നത് ' കെടി ജലീല്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട്, അടങ്കല്‍ തുക 3 ലക്ഷം രൂപ' എന്ന് എഡിറ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിന്റെ യാഥാർത്ഥ്യം വിശദീകരിച്ചുകൊണ്ട് ആബിദ് അടിവാറത്തിന്റെ പോസ്റ്റിന് താഴെ കെടി ജലീല്‍ എം എല്‍ എയും രംഗത്ത് വന്നിട്ടുണ്ട്. "മഴവില്‍ മനോരമയുടെ മറിമായത്തിന് വേണ്ടി സജ്ജീകരിച്ച സെറ്റാണ് പേര് മാറ്റി എന്റെ പേരാക്കി സംഘികളും ലീഗുകാരും പ്രചരിപ്പിക്കുന്നത്" എന്നായിരുന്നു കെടി ജലീലിന്റെ പ്രതികരണം

Fact Check
വാദം
കെ ടി ജലീല്‍ മൂന്ന് ലക്ഷം രൂപ മുടക്കി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം
നിജസ്ഥിതി
മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയില്‍ കാണിക്കുന്ന ബസ് വെയിറ്റിംഗ് ഷെഡാണ് എഡിറ്റ് ചെയ്ത് കെടി ജലീലിന്റേത് എന്ന പേരില്‍ പ്രചരിപ്പിച്ചത്.












Click it and Unblock the Notifications