മുല്ലപ്പെരിയാര്‍: ഭാണ്ഡം മുറുക്കി ഉറങ്ങാതെ ജനം

അണയെങ്ങാനും പൊട്ടിയാല്‍ എന്തു കളഞ്ഞിട്ടുപോകുമെന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുപോവുകയാണ് പാവം ജനങ്ങള്‍, പെരിയാറിന് തീരത്ത് താമസിക്കുന്നവരില്‍ പലരും രക്ഷപ്പെടുകയാണെങ്കില്‍ കൂടെയെടുക്കാനായി അവശ്യസാധനങ്ങളുടെ ഒരു ഭാണ്ഡം തീര്‍ത്ത് കാത്തിരിക്കുകയാണ്.
സംസ്ഥാനസര്‍ക്കാറിന്റെ ആവശ്യം പോലെ കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടേയ്ക്കും, ചിലപ്പോള്‍ ശരിയാംവിധത്തിലൊരു പരിഹാരവും കണ്ടേയ്ക്കും. പക്ഷേ ഇതെന്നുണ്ടാകുമെന്നതാണ് ചോദ്യം, അതുവരെ 116 വര്‍ഷത്തെ പഴക്കമുള്ള സുര്‍ക്കിയില്‍ നിര്‍മ്മിച്ച, ഇടക്കിടെ പാളികള്‍ ഇളകിപ്പോകുന്ന ഈ അണക്കെട്ട് ക്ഷമയോടെ കാത്തിരിക്കുമോ.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയമില്ലെന്നും കേരളം ഒറ്റക്കെട്ടാണെന്നുമാണ് മുദ്രാവാക്യങ്ങള്‍. നേതാക്കളില്‍ പലരും അണക്കെട്ടില്‍ സന്ദര്‍ശം നടത്തുകയും പരിസരങ്ങളിലെ ജനങ്ങളെ കണ്ട് പ്രശ്‌നപരിഹാരം ഉറപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ഈ സന്ദര്‍ശനങ്ങളില്‍ നിന്നും തങ്ങളാരും രാഷ്ട്രീയപരമായ ഒരു മൈലേജ് പ്രതീക്ഷിക്കുന്നില്ലെന്ന് ഇവര്‍ക്കാര്‍ക്കെങ്കിലും ആത്മാര്‍ത്ഥമായും പറയാന്‍ കഴിയുമോ.
നവംബര്‍ 30ന് മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരിക്കുന്നത് ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്നാണ്. അതായത് പതിവുപടിയാണെങ്കില്‍ അഞ്ചാം വര്‍ഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ താഴെയിറക്കി എല്‍ഡിഎഫ് അധികാരത്തില്‍ വരണം. അന്ന് അണക്കെട്ട് പണിയുന്നകാര്യമാണ് വിഎസ് പറഞ്ഞിരിക്കുന്നത്. ഈ വാഗ്ദാനം ജനങ്ങളുടെ ഇപ്പോഴത്തെ ഭീതിയകറ്റാന്‍ സഹായകമാകുമോ.
അതല്ലെങ്കില്‍ അട്ടിമറി നടന്ന യുഡിഎഫ് മന്ത്രിസഭ താഴെവീണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കണം, അപ്പോഴും അണക്കെട്ട് എപ്പോഴേയ്ക്കു പണിയുമെന്ന കാര്യത്തില്‍ ചോദ്യത്തിന് സ്‌കോപ്പില്ല. കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി പറയുന്നത് പുതിയ അണക്കെട്ടിനായുള്ള ഭൂമിപൂജയ്ക്ക് സമയമായെന്നാണ്. ഇത് കേള്‍ക്കുമ്പോള്‍ ഇതുവരെ പൂജയ്ക്ക് നല്ല സമയം കിട്ടിയിരുന്നില്ലേയെന്ന ഒരു മറുചോദ്യമേ ആര്‍ക്കും ചോദിക്കാനുണ്ടാവൂ.
ഇപ്പോള്‍ മാണിയ്‌ക്കൊപ്പം കൂടിയിരിക്കുന്ന പിജെ ജോസഫ് പറയുന്നതാണെങ്കില്‍ തനിക്ക് മുല്ലപ്പെരിയാറിനെയോര്‍ത്ത് ഉറങ്ങാനേ പറ്റുന്നില്ലെന്നാണ്. അപ്പോള്‍ ഇത്രയും കാലം ജോസഫ് ഉറങ്ങിയിരുന്നില്ലേ, ഉറക്കമില്ലാത്ത അവസ്ഥയില്‍ത്തന്നെയാണോ അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും. ഇത്രയും കാലം അദ്ദേഹം ഇടുക്കി ജില്ലയിലെ തൊടുപുഴയിലല്ല ജനിച്ചതും ജീവിച്ചിരുന്നതെന്നും വരുമോ?
മുഖ്യമന്ത്രിയുടെ കാര്യമാണെങ്കില്‍ ഇതുവരെ മുല്ലപ്പെരിയാറില്‍ വന്ന് ജനങ്ങളെയും പ്രതിഷേധക്കാരെയുമൊന്ന് കാണാന്‍ അദ്ദേഹത്തിന് നേരമൊത്തുവന്നിട്ടില്ലെന്നതാണ് സത്യം, പക്ഷേ പ്രശ്‌നപരിഹാരത്തിന് ദില്ലിയില്‍പ്പോകണമെങ്കില്‍ അത് താന്‍ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതായത് മുല്ലപ്പെരിയാറില്‍ വരാന്‍ സമയം കിട്ടിയില്ലെങ്കിലും അദ്ദേഹം ദില്ലിയിലെത്തും. അനങ്ങാപ്പാറ നയം കാണിക്കുന്ന മന്‍മോഹനോടും കൂട്ടരോടും കെഞ്ചിയാചിയ്ക്കും.
അടുത്തപേജില്‍












Click it and Unblock the Notifications