പിതാവിന്റെ ചാരക്കറ കഴുകാനാകുമോ?

കുറച്ചുകാലം കെ മുരളീധരന്‍ മഹാത്ഗാന്ധിയുടെ ശിഷ്യനായിരുന്നു. അഹിംസയും മൗനവ്രതവുമായിരുന്നു മുഖമുദ്ര. ഇതുകൊണ്ട് ശാസ്തമംഗലം നിയമസഭാ സീറ്റ് ഒപ്പിച്ചെടുത്ത് വിജയിച്ചു. എത്രനാളിങ്ങനെ സഹിക്കും. ചാണ്ടിയുടെയും ചെന്നിത്തലയുടെയും അധികാരവും സ്വാധീനവും പ്രതാപവും കണ്ടുകണ്ടുമടുത്തു. ആദ്യം സര്‍ക്കാരിന് ഫ്രീയായി ചില നിര്‍ദ്ദേശങ്ങള്‍, പിന്നീട് വി എം സുധീരനെപ്പോലെ ലഘുവായതും ഗുരുവായതുമായ വിമര്‍ശനങ്ങള്‍, അവസാനം കല്ലുമഴപോലത്തെ വിവാദകോലാഹലങ്ങള്‍. അവസാനമിതാ ചാരക്കേസിലെ സത്യമറിയാനുള്ള പോരാട്ടവും.
പിതാവിന് യൗവ്വനം കൈമാറിയ പുത്രന്മാരെ പുരാണത്തില്‍ കാണാം. ഇവിടെയും ഈ പുത്രന്‍ പരലോകത്തെത്തിയ പിതാവിന്റെ ചാരക്കറ കഴുകിക്കളയാനുള്ള തയ്യാറെടുപ്പാണ്. ഇത് പഴയ ചരിത്രങ്ങള്‍ വാരിവലിച്ചുപുറത്തിട്ട് നാറ്റിക്കാനുള്ള ഏര്‍പ്പാടാണെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. അതിനാല്‍ കെ മുരളീധരന്റെ കത്ത് വൃത്തിയായി ചുരുട്ടി ചവറ്റുകൊട്ടയിലിട്ടിട്ടുണ്ട്. ചാരക്കേസെന്നല്ല അതിലും വലുത് പുറത്തെടുത്താലും കെ മുരളീധരന്റെ കാര്യത്തില്‍ ഒരു നീക്കുപോക്കും കോണ്‍ഗ്രസില്‍ ഉണ്ടാകില്ല. ഇത് എ ഗ്രൂപ്പുകാരുടെ മാത്രം ശപഥമല്ല, മറിച്ച് കെ മുരളീധരന്‍ ഒഴികെയുള്ള കോണ്‍ഗ്രസുകാരുടെ ഉറച്ച തീരുമാനം തന്നെയാണ്.












Click it and Unblock the Notifications