എന്തിനാണ് കാട്ടില്‍ കയറി കടുവയെ വെടിവയ്ക്കുന്നത്!
'നായ്ക്കട്ടി ഭാഗത്ത് വനമേഖലയില്‍ പ്രത്യേക സംഘം വ്യാഴാഴ്ചയും കടുവക്കുവേണ്ടി തെരച്ചില്‍ നടത്തി. മൂന്നുപ്രാവശ്യം കടുവയെ കണ്ടുവെങ്കിലും വെടിവെക്കാന്‍ പറ്റിയില്ലെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നു. ഉടന്‍ തന്നെ കടുവയെ പിടികൂടിയില്ലെങ്കില്‍ അതിശക്തമായ സമരപരിപാടികളിലേക്കു നീങ്ങാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.' വെള്ളിയാഴ്ചത്തെ പത്രങ്ങളില്‍ വയനാട്ടില്‍ നിന്നുവന്ന കടുവാ വാര്‍ത്തയിലെ പ്രധാന ഭാഗമാണിത്. കാട്ടില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും തോക്കുമായി തെരച്ചില്‍ നടത്തുന്ന ചിത്രവും ഇതോടൊപ്പമുണ്ട്.

വയനാട്ടുകാര്‍ക്ക് ഒരൊറ്റക്കാര്യമേ ഇപ്പോള്‍ പറയാനുള്ളൂ, കടുവകളായ കടുവകളെയെല്ലാം വെടിവച്ചുകൊന്ന് കാലപുരിയ്ക്ക് അയക്കണം. ജില്ലാ കലക്ടര്‍ക്കും, എസ് പിക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ജയലക്ഷ്മി മന്ത്രിക്കും എം പിക്കും എം എല്‍ എമാര്‍ക്കും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും വഴിയിലിറങ്ങി നടക്കാന്‍ വയ്യാത്ത സ്ഥിതിയായി. ആരെ കണ്ടാലും കടുവയെ എപ്പോള്‍ വെടിവയ്ക്കുമെന്ന് മാത്രമാണ് ചോദിക്കാനുള്ളത്. കടുവയെ അങ്ങനെയങ്ങ് വെടിവച്ചാല്‍ പ്രശ്‌നമല്ലേ എന്ന് ചോദിച്ചാല്‍, തെറിവിളിയും പ്രതിഷേധവും ഹൈവേ തടയലും പൊലീസ്-ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ അടിച്ചുപൊളിക്കലുമൊക്കെയായി. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കൂട്ടയവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങിയതാണ്. വനംമന്ത്രിവരെ ഇടപെട്ടാണ് ഇവരെ അനുനയിപ്പിച്ച് സമരത്തില്‍ നിന്ന് പിന്തിരിച്ചത്.
നാട്ടിലിറങ്ങി പശുവിനെയും ആടിനെയും പിടിക്കുന്ന കടുവയെ വെടിവച്ചുകൊല്ലണമെന്ന് ജില്ലാ ഭരണകൂടത്തെയും ജനപ്രതിനിധികളെയും സമരം നടത്തി നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ച വീരന്മാരാണ് വയനാട്ടുകാര്‍. നാട്ടുകാര്‍ കൈവയ്ക്കുമെന്ന് പേടിച്ച് വെടിവയ്ക്കാമെന്ന് സമ്മതിച്ചെങ്കിലും കടുവയെ വെടിവച്ചാല്‍ വിവരമറിയുമെന്ന് അറിയാവുന്ന ഉദ്യോഗസ്ഥര്‍ക്ക് എവിടെയെങ്കിലും കടുവയെ കണ്ടെന്നുകേട്ടാല്‍ ഹാര്‍ട്ട് അറ്റാക്കുണ്ടാകുന്ന അവസ്ഥയിലാണ്. എങ്കിലും നാട്ടുകാരുടെ ശല്യം സഹിക്കാനാവാതെ എല്ലാദിവസവും കാടുകയറി കടുവയെ തിരയേണ്ട ഗതികേടിലാണിവര്‍. ഫോറസ്റ്റുകാര്‍ മാത്രമല്ല കാട്ടില്‍ റോന്തുചുറ്റുന്നത്. നാട്ടുകാരായ നാട്ടുകാരെല്ലാം കാട്ടില്‍ കയറി കടുവയെ തിരയുകയാണിപ്പോള്‍.
കാട്ടുമൃഗങ്ങളില്‍ നിന്നും നാട്ടുമനുഷ്യരെ രക്ഷിക്കാന്‍ ലോകമെമ്പാടും എന്തെല്ലാം പരിഹാരനടപടികള്‍ ചെയ്യുന്നുണ്ട്. ലോകം മുഴുവന്‍ അതിഗുരുതരമായ വിധത്തില്‍ പ്രകൃതിനാശം നേരിടുമ്പോള്‍ അതിനെ തടയാന്‍ ലോകമെമ്പാടും വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. വയനാട്-മൈസൂര്‍ ദേശീയ പാതയിലെ രാത്രികാല സഞ്ചാരം നിരോധിച്ചത് തന്നെ മൃഗങ്ങളുടെ സൈ്വര്യസഞ്ചാരത്തിന് വേണ്ടിയാണ്. വന്യജീവി സങ്കേതത്തിന് അകത്തും സമീപത്തുമുള്ള മനുഷ്യര്‍ക്ക് മാറിത്താമസിക്കാന്‍ വലിയ തുക നഷ്ടപരിഹാരം നല്‍കത്തക്കവിധമുള്ള നിയമങ്ങളാണ് വനം-പരിസ്ഥിതി മന്ത്രാലയം നടപ്പിലാക്കുന്നത്. കക്കയം കേന്ദ്രമാക്കിയുള്ള മലബാര്‍ വന്യജീവി സങ്കേതം പ്രഖ്യാപിച്ചപ്പോള്‍ ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കി ആളുകളെ കാട്ടില്‍ നിന്ന് പുറത്തുകൊണ്ടുവന്നിരുന്നു. കാട്ടില്‍നിന്ന് മാറിത്താമസിക്കാന്‍ കഴിയാത്തവര്‍ക്ക് കാടിന്റെ ജൈവാവസ്ഥയ്ക്ക് കോട്ടമുണ്ടാകാത്തവിധം താമസിക്കാനുള്ള നിയമസംവിധാനവുമുണ്ട്.
കാട്ടാനയും കാട്ടുപന്നിയുമായിരുന്നു ഇതുവരെ കൃഷിയിടങ്ങളിലിറങ്ങി നാശമുണ്ടാക്കിയിരുന്നത്. ഇതിന് പ്രത്യേക കാരണവുമുണ്ടായിരുന്നു. കാട്ടില്‍ ഭക്ഷണക്ഷാമവും ജലക്ഷാമവും ഉണ്ടാകുമ്പോള്‍ അത് ഉള്ളിടത്തേയ്ക്ക് മൃഗങ്ങളെത്തും. ഐ പി സിയും ക്രിമിനല്‍ ചട്ടങ്ങളും വനം നിയമങ്ങളും ജില്ലാ കലക്ടറും പൊലീസും ഫോറസ്റ്റുകാരുമൊന്നും മൃഗങ്ങള്‍ക്ക് ബാധകമല്ലാത്തതിനാല്‍ അവര്‍ക്ക് കാടും നാടുമെല്ലാം ഒരുപോലെയാണ്. ആകെയുള്ളത് മനുഷ്യനോടുള്ള പേടിയാണ്. വിശപ്പ് അതിക്രമിച്ചാല്‍ പിന്നെ മനുഷ്യനും മരവുമെല്ലാം ആനയ്ക്കും പന്നിക്കും ഒരുപോലാണ്. അവ കേറിമേയും. എന്നാല്‍ കടുവയും പുലിയും ഉള്‍ക്കാടുകളില്‍ നിന്ന് പുറത്തേയ്ക്കിറങ്ങുക അപൂര്‍വ്വമാണ്. വയനാട്ടില്‍ തന്നെ കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുമ്പുവരെ അത്യപൂര്‍വ്വമായാണ് പുലിയും കടുവയും കാടിന് പുറത്തിറങ്ങിവരിക. കോഴിക്കോട് പട്ടണത്തില്‍ പുലിയിറങ്ങിയിട്ട് പോലും വയനാട്ടില്‍ മനുഷ്യവാസമുള്ളിടത്ത് പുലിയും കടുവയും ഇറങ്ങിയതായി കേട്ടിരുന്നില്ല.












Click it and Unblock the Notifications