എങ്ങനെ ഓണപ്പൂക്കളമൊരുക്കാം? അറിയാം ഓണപ്പൂക്കളമൊരുക്കേണ്ടതിന്റെ ചിട്ടവട്ടങ്ങൾ
ഓണത്തിന് മലയാളികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ് പൂക്കളം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇത്തവണ പൂക്കള മത്സരങ്ങളൊന്നും ഇല്ലെങ്കിലും വീടുകളില്‍ മലയാളി പൂക്കളം കളറാക്കും എന്നുറപ്പാണ്. പൂക്കളം ഒരുക്കുന്നതിന് ചില ചട്ടവട്ടങ്ങളൊക്കെ ഉണ്ട്. അത്തം മുതല്‍ തിരുവോണം വരെയുളള പത്ത് ദിവസമാണ് പൂക്കളമിടേണ്ടത്.
എന്നാല്‍ എല്ലാ സ്ഥലങ്ങളിലും ഒരുപോലെ അല്ല ഈ പൂക്കളമിടല്‍.. ചില പ്രദേശങ്ങളില്‍ അത്തം നാളില്‍ ഒരു നിര പൂക്കളമാണെങ്കില്‍ ഓരോ ദിവസം കഴിയുന്തോറും വളയങ്ങളുടെ എണ്ണം കൂടി വരും. തിരുവോണ നാളില്‍ പത്ത് വളയങ്ങളുടെ പൂക്കളമാണ് ഒരുക്കുക. പൂക്കളമിടേണ്ടത് ചാണകം മെഴുകിയ തറയിലാകണം എന്നാണ് പരമ്പരാഗതമായ വിശ്വാസം. പൂക്കളം പല മോഡലുകളിലും ആകൃതിയിലും ആളുകള്‍ ഒരുക്കാറുണ്ട്. എന്നാല്‍ പൂക്കളം ഒരുക്കേണ്ടത് വൃത്താകൃതിയില്‍ തന്നെ വേണം എന്നാണ് വിശ്വാസം.

പൂക്കളത്തില്‍ ഒഴിവാക്കാനാകാത്തതാണ് തുമ്പപ്പൂ. ഓണക്കാലത്താണ് തുമ്പപ്പൂ വിരിയുന്നത് എന്നുളള പ്രത്യേകതയുണ്ട്. തൂവെള്ള നിറത്തിലുളള തുമ്പപ്പൂ പൂക്കളത്തിന് പ്രത്യേക ഭംഗിയാണ് നല്‍കുന്നത്. നാടന്‍ പൂക്കള്‍ക്കാണ് നേരത്തെയൊക്കെ പൂക്കളത്തില്‍ മലയാളി പ്രധാന്യം നല്‍കിയിരുന്നത്. ചെമ്പരത്തിയും തെച്ചിയും കോളാമ്പിയുമെല്ലാം പൂക്കളമൊരുക്കാന്‍ ഉപയോഗിച്ചിരുന്നു. ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും നാടന്‍ പൂക്കള്‍ക്ക് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ പ്രധാനമായും ആശ്രയിക്കുന്നത് വില കൊടുത്ത് വാങ്ങുന്ന പൂക്കളെയാണ്.
പരമ്പരാഗതമായ വിശ്വാസ പ്രകാരം അത്തം നാളില്‍ ഒരു നിര പൂ മാത്രമാണ് ഇടേണ്ടത്. മാത്രമല്ല ചുവന്ന നിറത്തിലുളള പൂക്കള്‍ അത്തപ്പൂക്കളമൊരുക്കാന്‍ ഉപയോഗിക്കരുതെന്നും ചിട്ടമുണ്ട്. രണ്ടാമത്തെ ദിവസം രണ്ട് തരം പൂക്കളുപയോഗിച്ച് രണ്ട് നിര പൂക്കളമൊരുക്കും. മൂന്നാം നാള്‍ മൂന്ന് പൂക്കളും മൂന്ന് നിരയും. ഇത്തരത്തിലാണ് പത്ത് ദിവസത്തെ പൂക്കളമൊരുക്കല്‍.
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
പൊതുവേ വൃത്താകൃതിയില്‍ ആണ് ഓണപ്പൂക്കളം ഒരുക്കുകയെങ്കിലും മൂലം നാളില്‍ ചതുരാകൃതിയില്‍ വേണം പൂക്കളം ഒരുക്കാന്‍. ചെമ്പരത്തി പൂ ഇടാന്‍ തുടങ്ങുന്നതിനും ചില ചിട്ടകളുണ്ട്. ചോതി നാള്‍ മുതല്‍ വേണം പൂക്കളത്തില്‍ ചെമ്പരത്തിപ്പൂ ഇട്ട് തുടങ്ങാന്‍. ഓണനാളില്‍ തന്റെ പ്രജകളെ കാണാന്‍ എത്തുന്ന മഹാബലിയെ സ്വീകരിക്കാനാണ് വീട്ടുമുറ്റങ്ങളില്‍ പൂക്കളം ഒരുക്കുന്നത്. അതുകൊണ്ട് തന്നെ പൂക്കളം ഒരുക്കാന്‍ ഉപയോഗിക്കുന്ന പൂക്കള്‍ വെള്ളം തളിച്ച് ശുദ്ധി വരുത്തിയവ ആയിരിക്കണം എന്നും വിശ്വാസമുണ്ട്.












Click it and Unblock the Notifications