Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്റെ സ്വപ്‌നങ്ങള്‍... ഈ കോണ്‍ഗ്രസില്‍ നടക്കുമോ ഇതുപോലെയുള്ള പരിഷ്‌കാരങ്ങള്‍? എന്താണ് കോണ്‍ഗ്രസ്?

മുമ്പൊരിക്കല്‍ ഒരു കോണ്‍ഗ്രസ് നേതാവ് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. കോണ്‍ഗ്രസ് എന്നത് എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനമാണ്. സംഘപരിവാര്‍ മുതല്‍ മുസ്ലീം തീവ്രവാദത്തിന് വരെ അതില്‍ ഇടമുണ്ട് എന്നതായിരുന്നു അത്. ഏറെ നീണ്ടുനിന്ന ഒരു സംവാദത്തില്‍, ആ അഭിപ്രായം ശരിയെന്ന് തെളിയിക്കാന്‍ ഒരുപാട് വാദമുഖങ്ങള്‍ അദ്ദേഹം ഉയര്‍ത്തുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് എന്നത് ഒരു ആള്‍ക്കൂട്ടമാണെന്നത് ഏറെക്കുറേ ഈ രാജ്യവും രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രവും അംഗീകരിച്ചിട്ടുള്ള ഒരു വസ്തുതയാണ്. അതിനെ ചലനാത്മകമാക്കുന്നത് ചില നേതാക്കളും, ചില സംഭവ വികാസങ്ങളും ഒക്കെയാണ്. അങ്ങനെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ കേരളത്തില്‍ ഒരു സെമി കേഡര്‍ സംവിധാനമാക്കുമെന്നാണ് ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നത്. അതിന് അദ്ദേഹത്തിന്റെ കൈവശമുള്ളത്, അച്ചടക്കത്തിന്റെ വാള്‍ തന്നെയാണ്. ഇത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രായോഗികമാണോ എന്ന ചോദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നുണ്ട്.

1

കേരളത്തിലെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അവതരിപ്പിച്ച മാര്‍ഗ്ഗ രേഖയാണ് ഇന്ന് കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്. വലിയ വെല്ലുവിളിയും തകര്‍ച്ചയും നേരിടുന്ന ഒരു പാര്‍ട്ടിയെ സംബന്ധിച്ച് ഒറ്റനോട്ടത്തില്‍ ഏറെ പ്രതീക്ഷകള്‍ പകരുന്നതാണ് ആ മാര്‍ഗ്ഗരേഖ എന്ന് തുറന്ന് സമ്മതിക്കേണ്ടി വരും. കേരളത്തില്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ ഒരുപക്ഷേ, ഈ മാര്‍ഗ്ഗരേഖയില്‍ പറയുംവിധം ഉള്ള ഒരു കോണ്‍ഗ്രസ് പാര്‍ട്ടി ആഗ്രഹിക്കുന്നും ഉണ്ടാകും.

2

പാത്രം അറിഞ്ഞുവേണം ഭക്ഷണം വിളമ്പാന്‍ എന്നൊരു പഴമൊഴിയുണ്ട് നമ്മുടെ നാട്ടില്‍. ആ പഴമൊഴി കെ സുധാകരന്‍ ഇപ്പോള്‍ അവതരിപ്പിച്ച മാര്‍ഗ്ഗരേഖയും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ ചേര്‍ന്നുപോകുന്ന ഒന്നാണെന്ന് വിലയിരുത്താവുന്നതാണ്. കാരണം, കോണ്‍ഗ്രസ് പോലെ ഒരു പാര്‍ട്ടിയ്ക്ക് സാധ്യമാവുന്നതല്ല മാര്‍ഗ്ഗരേഖയിലെ ഒട്ടുമിക്ക നിര്‍ദ്ദേശങ്ങളും. അത് സാധ്യമാക്കാന്‍ ആയാല്‍, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഒരുപക്ഷേ, സിപിഎമ്മിനേക്കാള്‍ സംഘടനാ സംവിധാനമുള്ള ഒരു പാര്‍ട്ടിയായി മാറുകയും ചെയ്‌തേക്കാം. കെ സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി പരിശോധിക്കാം...

3

ഭാരവാഹികള്‍ക്ക് അവരുടെ ചുമതലകള്‍ യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ വീതിച്ചുനല്‍കും എന്നതാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. ഇക്കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കുമെന്നും കൃത്യമായി പണിയെടുക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റും എന്നും ആണ് സുധാകരന്‍ വ്യക്തമാക്കിയത്. നടപ്പിലാക്കിയാല്‍, കോണ്‍ഗ്രസില്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന ഒരു നിര്‍ദ്ദേശമാണിത്. എന്നാല്‍, യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ ഓരോ ഭാരവാഹിക്കും ഇപ്പോള്‍ തന്നെ ചുമതലകള്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ കൃത്യമായ ചുമതലകളും ഉത്തരവാദിത്തങ്ങളും ഉള്ളത് തന്നെയാണ്. മേല്‍ കമ്മിറ്റികള്‍ക്ക് അത് വിലയിരുത്താനുള്ള ബാധ്യതയും ഉണ്ട്. എന്നാല്‍ ആര്, ആരെ വിലയിരുത്തും എന്നതാണ് കോണ്‍ഗ്രസിലെ പ്രധാന പ്രശ്‌നം. ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങിയാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ കോണ്‍ഗ്രസില്‍ അതൊരു അവസാനമില്ലാത്ത തുടര്‍ പ്രവര്‍ത്തനം ആയിമാറും എന്നാണ് പലരും പരിഹസിക്കുന്നത്.

4

അച്ചടക്കമില്ലായ്മയാണ് കെ സുധാകരന്‍ ഉയര്‍ത്തിക്കാണിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. കെപിസിസി അധ്യക്ഷന്‍ ആകുന്നതിന് മുമ്പുള്ള സുധാകരന്റെ പാര്‍ട്ടി അച്ചടക്കത്തെ കുറിച്ച് അദ്ദേഹം ഒരു സ്വയം വിമര്‍ശനമെങ്കിലും നടത്തേണ്ടതാണെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗത്തിനുണ്ട്. അന്ന് സുധാകരന്‍ കാത്തുസൂക്ഷിക്കാത്ത അച്ചടക്കത്തിന്റെ പേരിലാണ് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളെ അടക്കം ഭീഷണിപ്പെടുത്തുന്നത് എന്നൊരു പരാതിയും ശക്തമാണ്.

5

കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യകതയായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉയര്‍ത്തിക്കാട്ടിയിട്ടുള്ള കാര്യം അതിലെ അഭിപ്രായ സ്വാതന്ത്ര്യമാണ്. പാര്‍ട്ടിയുടെ നയം എന്തായാലും നേതാക്കള്‍ക്ക് അവരുടെ സ്വന്തം അഭിപ്രായം പൊതുമധ്യത്തില്‍ തുറന്നുപറയാമായിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളുടേയും ബഹുജന പിന്തുണയ്ക്കുള്ള കാരണവും ഇത് തന്നെ ആയിരുന്നു. വിടി ബല്‍റാം അടക്കമുള്ള യുവ നേതാക്കള്‍ ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ഒക്കെ ചെയ്തിട്ടുള്ളതാണ്. അന്നൊന്നും അതില്‍ ഒരു പാര്‍ട്ടി നടപടിയെ ഭയക്കേണ്ട ആവശ്യമില്ലായിരുന്നു.

6

എന്നാല്‍ സുധാകരന്‍ പറയുന്നത് പ്രകാരം, പുതിയ സാഹചര്യത്തില്‍ അത് സാധ്യമല്ല. വിമര്‍ശനം എന്തായാലും അത് പാര്‍ട്ടി ഫോറങ്ങളില്‍ മാത്രമേ പറയാന്‍ പാടുള്ളു. ഫേസ്ബുക്കിലോ മറ്റ് സാമൂഹ്യ മാധ്യമങ്ങളിലോ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞ് പാര്‍ട്ടിയേയും നേതാക്കളേയും അവഹേളിച്ചാല്‍, മുഖം നോക്കാതെ നടപടി എടുക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങളോട് കടുത്ത വിയോജിപ്പുള്ളവര്‍, മുമ്പ് അതെല്ലാം തുറന്ന് പറഞ്ഞിട്ടുള്ളവരാണ്. പാര്‍ട്ടി നിലപാടല്ല തനിക്ക് ഇക്കാര്യത്തില്‍ എന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിട്ടുണ്ട്. എന്തായാലും ഈ തീരുമാനത്തിന് മുന്‍കാല പ്രാബല്യം ഇല്ലാത്തതിനാല്‍ സുധാകരനും സതീശനും തത്കാലം ഭയക്കേണ്ടതില്ല.

7

അടുത്തത് ഗ്രൂപ്പിസത്തിന്റെ മുകളിലാണ് സുധാകരന്റെ പുതിയ നിയമം. ഗ്രൂപ്പിസം പൂര്‍ണമായും അവസാനിപ്പിക്കണം എന്നാണ് അന്ത്യശാസനം. ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചാല്‍ ഗൗരവമായ പ്രതികരണങ്ങളും നടപടികളും ഉണ്ടാകും എന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കെപിസിസി, ഡിസിസി പുന:സംഘടന നടത്തുന്നതിനാണ് ഗ്രൂപ്പ് നേതാക്കളെ നേരിട്ട് കണ്ട് അനുനയിപ്പിച്ചതിന് ശേഷമാണ് ഇത്തരമൊരു പ്രഖ്യാപനം എന്നത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഹഠാദാകര്‍ഷിച്ചുകാണും എന്ന് ഉറപ്പാണ്. ഗ്രൂപ്പുകള്‍ കൊണ്ട് അടിത്തറ ഉണ്ടാക്കിയ ഒരു പാര്‍ട്ടിയില്‍ ആണ് ഇനി ഗ്രൂപ്പ് യോഗങ്ങള്‍ നടത്തിയാല്‍ കടുത്ത നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്ന് കൂടി ഓര്‍ക്കണം. ഈ പ്രഖ്യാപനം നടത്തിയ കെ സുധാകരന്‍ പോലും ഗ്രൂപ്പിന്റെ ഭാഗമായി നിന്ന ആളായിരുന്നല്ലോ എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ അത്ഭുതപ്പെടാനില്ല.

8

ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വരെ നടപടിയ്ക്ക് വിധേയരാക്കിക്കളയും എന്നൊരു ധ്വനി കൂടിയുണ്ട് കെ സുധാകരന്റെ മാര്‍ഗ്ഗരേഖയില്‍. ഐക്യത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എത്ര വലിയവര്‍ നടത്തിയാലും നടപടിയുണ്ടാകും എന്ന് പറയുന്നത് ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും ലക്ഷ്യംവച്ചാണെന്ന് ഏത് കെഎസ് യുക്കാരനും മനസ്സിലാകും. ഇതിനോട് ചേര്‍ന്ന് സുധാകരന്‍ പറയുന്ന കാര്യം അര്‍ത്ഥവത്താണ്. പാര്‍ട്ടി വേണോ, കോണ്‍ഗ്രസ് നിലനില്‍ക്കണോ... എങ്കില്‍ അച്ചടക്കം പാലിക്കണം എന്നതാണത്.

9

പലപല വിഷയങ്ങള്‍ സുധാകരന്‍ മാര്‍ഗ്ഗരേഖയില്‍ ഉന്നയിക്കുന്നുണ്ട്. ഇരട്ടപ്പദവി മുതല്‍ ഫ്‌ലക്‌സ് രാഷ്ട്രീയം വരെയുണ്ട് അതില്‍. ഇതിലൊക്കെ കെ സുധാകരനും കൂടി മറുപടി പറയേണ്ടതാണ് കേരളത്തിലെ സമീപകാല കോണ്‍ഗ്രസ് ചരിത്രം എന്നതും പ്രവര്‍ത്തകരിലെങ്കിലും ചര്‍ച്ചയാകുന്ന ഒരു കാര്യമാണ്. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎം മാതൃകയില്‍ വേതനം നല്‍കുക എന്നതൊക്കെ കോണ്‍ഗ്രസില്‍ എത്രമാത്രം പ്രായോഗികമാകുമെന്നും, അതില്‍ നടക്കുന്ന തട്ടിപ്പുകളുടെ പേരില്‍ പാര്‍ട്ടി വീണ്ടും പഴി കേള്‍ക്കേണ്ടി വരില്ലേ എന്നും സംശയിക്കുന്നവരും കുറവല്ല.

10

കതിരിന് വളം വയ്ക്കുക എന്നൊരു പ്രയോഗം കൂടിയുണ്ട് മലയാളത്തില്‍. കോണ്‍ഗ്രസില്‍ മേല്‍പറഞ്ഞ തരത്തിലുള്ള നവീകരണ, ശുദ്ധികലശ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടത്തിയാല്‍, മേല്‍പറഞ്ഞപോലെ ആയിരിക്കും സ്ഥിതി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ആദ്യം സംഘടനാപരമായ, അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. അതിന് ശേഷം മാത്രമേ ഇത്തരം കടുത്ത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാവൂ എന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ നിലപാട്.

ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി.. അമൃതയുടെ വൈറൽ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+