വേണ്ടത് സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരു സന്നദ്ധ സേവന നയം!
കോംപാഷനേറ്റ് കോഴിക്കോടിനെ പറ്റി എല്ലാവര്ക്കും അറിയാവുന്നത് കൊണ്ട് ഉദാഹരണം ആയി എടുത്തു എന്ന് മാത്രമേ ഉള്ളൂ കേട്ടോ. സന്നദ്ധ സേവനം കേരളത്തില്‍ വളര്‍ന്നു വരികയാണ്. അഭ്യസ്ഥ വിദ്യരായ പുതിയ തലമുറ ഏറെ ഉള്ള ടെക്‌നോ പാര്ക്കിലും ഇന്‍ഫോ പാര്ക്കിലും എല്ലാം ഇതുപോലെ പല സംരംഭങ്ങളും ഉണ്ട്. പക്ഷെ പുതിയ തലമുറയുടെ കുറ്റം കാണാന്‍ ഭൂതക്കണ്ണാടിയും വച്ചിരിക്കുന്നതിനാല്‍ നാം ഇതൊന്നും കാണുന്നില്ല എന്നെ ഒള്ളൂ.
സമൂഹസേവനത്തിനും സന്നദ്ധസേവനത്തിനും പുതിയ തലമുറ തയ്യാറാണെന്ന് അവര്‍ തെളിയിച്ചുകഴിഞ്ഞു. എവിടെ ഒക്കെ നല്ല നേതൃത്വം ഉണ്ടോ അവിടെ ഒന്നും സന്നദ്ധ പ്രവര്‍ത്തനത്തിന് ആളുകള്‍ക്ക് ഒരു കുറവും ഇല്ല. പക്ഷെ ഇത് വ്യക്തി കേന്ദ്രീകൃതം ആയാല്‍ അധികകാലം നിലനില്‍ക്കില്ല, മറിച്ചു ഇതിനെ നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാക്കണം.

ആദ്യമായി സര്‍ക്കാര്‍ ഒരു സന്നദ്ധ സേവന നയം കൊണ്ടുവരണം. കോഴിക്കോടെ മാതൃക വിപുലീകരിച്ച് ഓരോ പഞ്ചായത്തിലും ഓരോ ഡേറ്റ ബേസ് ഉണ്ടാകാം. അവിടുത്തെ ആവശ്യങ്ങള്‍ (സേവനമായും വസ്തുക്കളായും) അറിയുക, അവ ക്രോഡീകരിച്ച് വെബ്‌സൈറ്റില്‍ ഇടുക. അതുപോലെതന്നെ നമ്മുടെ കോളേജുകളിലെ എന്‍എസ്എസ്, ഐടി കമ്പനികള്‍, മറ്റു സ്ഥാപനങ്ങള്‍ ഇവയൊക്കെ കേന്ദ്രീകരിച്ച് സന്നദ്ധസേവനത്തിന് താല്പര്യമുള്ളവരുടെ വിവരം ശേഖരിക്കുക.
ഇത് ആഴ്ചയില്‍ ഒരു മണിക്കൂര്‍ മുതല്‍ ഒരു വര്‍ഷം മുഴുവന്‍ സമയം വരെ ആകാം. ഇവ തമ്മില്‍ ബന്ധിപ്പിച്ച് ഓരോ ക്ലിയറിംഗ് ഹൌസ് സര്‍ക്കാര്‍ ശരിപ്പെടുത്തിയാല്‍ പിന്നെ എല്ലാം എളുപ്പം ആണ്. ഈ ചെയ്യുന്ന സന്നദ്ധ സേവനത്തിന് ഒരു സര്‍ട്ടിഫിക്കറ്റ് നല്കാം, സ്‌കൂളില്‍ ഒക്കെ ഗ്രേസ് മാര്‍ക്ക് ഒക്കെ പോലെ. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ യുവാക്കളെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ കഷികളും കൂടി ഇതിലൊരു താല്പര്യം എടുത്താല്‍ അഞ്ചു വര്‍ഷത്തിനകം കേരളത്തില്‍ നിന്ന് ലോകോത്തരമായ ഒരു മാതൃക വളര്‍ത്തിയെടുക്കാം.












Click it and Unblock the Notifications