നിര്‍ഭയ വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം തികയുന്നു
ദില്ലി: ഓരോ വര്‍ഷം കടന്നു പോകുമ്പോള്‍ ഇന്ത്യയ്ക്ക് ഓര്‍മ്മിക്കാന്‍ ഓരോ ദുരന്ത കഥകള്‍ ഉണ്ട്. അതില്‍ മിക്കതും പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം തന്നെ. ഓരോ ഓര്‍മ്മകളും ഇന്ത്യ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമല്ലാത്ത സ്ഥലമായി മാറി എന്നു തന്നെ ആണ്. ജ്യോതി എന്ന പെണ്‍കുട്ടിയെ നിങ്ങള്‍ മറന്നിട്ടുണ്ടാവില്ല. ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച നിര്‍ഭയയുടെ ഓര്‍മ്മയ്ക്ക് ഇന്ന് രണ്ട് വയസ്സ് തികയുന്നു. ദില്ലിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങി പിടഞ്ഞ നിര്‍ഭയയെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ ഞെട്ടലാണ്.

സംഭവം കഴിഞ്ഞ് രണ്ട് വര്‍ഷം തികയുമ്പോഴും ഇന്ത്യ മാനഭംഗത്തിന്റെ നാണക്കേടില്‍ നിന്ന് കരകയറിയിട്ടില്ല എന്നതാണ് സത്യം. നിര്‍ഭയ ഈ ലോകത്തില്‍ നിന്ന് വിടപറഞ്ഞപ്പോള്‍ പ്രതിഷേധങ്ങള്‍ ആഞ്ഞടിച്ചിരുന്നു. ആ ആളിക്കത്തലൊക്കെ നിലച്ചപ്പോള്‍ വീണ്ടും എത്രയോ പീഡനങ്ങള്‍ അരങ്ങേറി. ഇപ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ല. നൂറിലധികം മെഴുകുതിരികള്‍ കത്തിച്ചു വച്ച് മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഇനി ഇങ്ങനെയൊരു ഗതി ഒരു പെണ്‍കുട്ടിക്കും ഉണ്ടാക്കല്ലേ എന്നും മനസ്സുരുകി പ്രാര്‍ത്ഥിക്കാം. അതല്ലാതെ ഒന്നും ചെയ്യാനില്ല.
രണ്ടു വാര്‍ഷം തികയുമ്പോഴും നിര്‍ഭയയുടെ പിതാവ് ബദരീനാഥ് സിങ് മകളെ ഓര്‍ത്തു നിറകണ്ണുകളോടെ നില്‍ക്കുന്നു. എന്റെ മകള്‍ പോയി എന്നു പറഞ്ഞു വിതുമ്പുന്നു. പ്രതിഷേധങ്ങള്‍ ആഞ്ഞടിച്ച ദില്ലി ജന്തര്‍ മന്തറില്‍ ആയിരങ്ങല്‍ നിര്‍ഭയയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു, നിറ കണ്ണുകളോടെ. ബാനറുകളും ബാഡ്ജുകളുമായി നൂറിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു. എത്ര പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മാറിയിട്ടില്ല എന്നാണ് അവിടെ കൂടിയ ഓരോരുത്തരും പങ്കുവച്ചത്.

മരണ കിടക്കയില്‍ നിന്ന് തനിക്കു നീതി ലഭിക്കില്ലേയെന്നു ചോദിച്ച മകളുടെ വാക്കുകള്‍ ആ അച്ഛന്‍ ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ ആ വാക്കു പോലും പാലിക്കാന്‍ കഴിയാത്തതിലുള്ള വേദനയിലാണ് ബദരീനാഥ് ഇപ്പോഴും. സ്ത്രീ പീഡന നിയമം മാറ്റികുറിക്കുന്ന രീതിയിലായിരുന്നു പ്രതിഷേധങ്ങള്‍. എന്നിട്ട് എന്തുണ്ടായി, ഇന്നും സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റങ്ങളില്ല. ഓരോ ദിനവും പുലരുമ്പോഴും മാതാപിതാക്കളുടെ കണ്ണുനീര്‍ തോരാതെ നില്‍ക്കുന്നു. ഇന്ത്യക്ക് തല കുനിക്കാന്‍ ഇതിലും വലുത് വേണോ..












Click it and Unblock the Notifications