കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ സന്ദര്‍ശനം: കൊട്ടിഘോഷിയ്ക്കാനെന്ത്?

Google Oneindia Malayalam News

Barak Obama
കഴിഞ്ഞ കുറേ ദിവസമായി മാധ്യമങ്ങളെല്ലാം ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ പിറകേയാണ്. ഇതെന്ത് ഇത്ര കൊട്ടി ഘോഷിയ്ക്കാന്‍?

തന്റെ രാജ്യത്തെ പൊട്ടി കുത്തുപാളയെടുത്തു നില്‍ക്കുന്ന കുറേ ജനങ്ങളെ എങ്ങനെ തീറ്റി പോറ്റാം എന്ന് നോക്കാനാണ് ഈ പഹയന്‍ ഇന്ത്യയില്‍ എത്തുന്നത്. കൂടുതല്‍ അമേരിയ്ക്കന്‍ ഉല്പന്നങ്ങള്‍ ഇന്ത്യയില്‍ വില്കാനാവുമോ എന്നതാണ് വരവിന്റെ പ്രധാന ലക്ഷ്യം. അത് ഒബാമ തന്നെ വ്യക്തമാക്കിയതാണ്. ഇന്ത്യക്കാര്‍ കൂടുതല്‍ അമേരിക്കന്‍ ഉല്പന്നങ്ങള്‍ വാങ്ങിയാല്‍ അമേരിക്കയില്‍ കൂടുതല്‍ ഉല്പാദനം നടക്കും. അപ്പോള്‍ അവിടത്തുകാര്‍ക്ക് ജോലി കിട്ടും. ഇതിനായാണ് താന്‍ ഇന്ത്യയിലേയ്ക്ക് പോകുന്നതെന്ന് ഒബാമ കഴി‍ഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇടയ്ക്കിടെ അമേരിയ്ക്കന്‍ കമ്പനികള്‍ അവിടത്തെ ജോലികള്‍ ഇന്ത്യയിലേയ്ക്ക് മാറ്റുന്നത് നിറുത്തണമെന്ന് ഒബാമ പറയുന്നുണ്ട്. ജോലി ഇന്ത്യയിലെ കരാറുകാര്‍ക്ക് നല്‍കിയാല്‍ ആ കമ്പനികള്‍ക്ക് അമേരിയ്ക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കിട്ടുകില്ലെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.

നമ്മുടെ നാടിനെ ഒരു വിപണി മാത്രമായി കാണുന്ന ഈ അമേരിക്കന്‍ പ്രസിഡണ്ടിന്റെ വരവിനെ ഇങ്ങനെ എന്തിനാണ് ആഘോഷിയ്ക്കുന്നത്. മാധ്യമങ്ങള്‍ വായിയ്ക്കുകയും കാണുകയും ചെയ്യുന്നവരില്‍ എത്രപേരാണ് കാര്യമായി ഇത് സ്വീകരിയ്ക്കുന്നത്. ഒരു പക്ഷേ ഈ വാര്‍ത്തകള്‍ കാണുകയും വായിയ്ക്കുകയും ചെയ്യുന്നത് വെറും കൗതുകത്തിന്റെ പേരിലായിരിയ്ക്കും. പിന്നെ ഇന്ത്യക്കാര്‍ ലോകത്ത് നടക്കുന്നത് എന്തെന്ന് അറിയാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. അല്ലാതെ ശരാശരി അമേരിക്കകാരനെ പോലെ സ്വന്തം കൗണ്ടിയ്ക് അപ്പുറത്ത് നടക്കുന്നതൊന്നും അറിയാതെ ജീവിയ്ക്കുന്ന കൂപ മണ്ഡൂകമല്ല.

ടെലിവിഷനിലേയും പത്രങ്ങളിലേയും ഒബാമ വരവ് വാര്‍ത്തകള്‍ പിന്തുടരുന്നവര്‍ അതിലുള്ള അതീവ താല്പര്യം കൊണ്ട് ചെയ്യുന്നതാണതെന്ന് കരുതിയെങ്കില്‍ തെറ്റി.

ഇന്ത്യന്‍ പ്രധാനമന്ത്രിയോ, പ്രസിഡണ്ടോ അമേരിക്കയില്‍ ചെന്നാല്‍ അവിടത്തെ മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നത്. ഒന്നോ രണ്ടോ കോളത്തില്‍ അല്ലെങ്കില്‍ രാത്രിയിലെ ഒരു മണിയ്ക്കൂര്‍ വാര്‍ത്തയില്‍ ഒരു മിനുട്ടുള്ള ഒരു വാര്‍ത്താ ശകലം.

ഒരു തരത്തില്‍ ഒബാമ ഇവിടെ ഇരക്കാന്‍ വന്നിരിയ്ക്കുകയാണ്. തന്റെ രാജ്യത്തിലെ ചില ഉല്പന്നങ്ങള്‍ നിങ്ങളുടെ രാജ്യത്തിന്റെ തിണ്ണയില്‍ വച്ച് വിറ്റോട്ടെ എന്ന് ചോദിയ്ക്കാന്‍. കൈയില്‍ കൂടുതല്‍ യുദ്ധ വിമാനങ്ങളും പടകപ്പലുകളും ഉള്ളതുകൊണ്ട് അതിനെ വേണെങ്കില്‍ ഇരക്കല്‍ എന്നല്ല ഗുണ്ടാ ഫീസ് പിരിയ്ക്കാന്‍ എന്ന് വേണെങ്കിലും പറയാം.

ഇന്ത്യയിലെത്തിയ ഒബാമയുടെ പ്രധാന പരിപാടി ഊരു ചുറ്റലാണ്. അല്ലാതെ നമ്മുടെ രാഷ്ട്ര നേതാക്കന്മാരെ കണ്ട് വിദേശ നയത്തെക്കുറിച്ച് കാര്യമായ ചര്‍ച്ച നടത്തുന്ന പരിപാടി ഒന്നുമില്ല. പ്രധാനമന്ത്രിയുമായും പ്രസി‍ഡണ്ടുമായും ഒരു കൂടി കാഴ്ച ഉണ്ടെന്ന് മാത്രം.

അതൊക്കെ മറന്ന് ഒബാമ മൗര്യ ഷെറാട്ടനില്‍ കൊഞ്ച് തിന്നുമോ, മിഷേല്‍ പട്ട് സാരി ചുറ്റുമോ.. ഇതൊക്കെ നമ്മുടെ വിഷയങ്ങളാണോ? പക്ഷേ നമ്മുടെ മാധ്യമങ്ങള്‍ക്കൊക്കെ ഇതാണ് പ്രധാന വിഷയങ്ങള്‍.

ഈ ഒബാമ വരുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇന്തൊനേഷ്യയില്‍ അഗ്നി പര്‍വതം പൊട്ടി 100-‍ളം പേര്‍ മരിച്ചത് നമുക്ക് പ്രാധാന്യമുള്ള വാര്‍ത്തയേ അല്ലാതായി.

നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. കമന്റ്സ് വിഭാഗത്തില്‍ നിങ്ങളുടെ അഭിപ്രായം എഴുതൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X