കെ സുധാകനെ ഐസിയുവിലേക്ക് മാറ്റി; 'അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളിച്ചെന്ന് ഡോക്ടര്‍', ദുരൂഹത
ദുബായില്‍ ആശുപത്രിയില്‍ കഴിയുന്ന കെ സുധാകരന്‍ എംപിയെ കാണാന്‍ കുടുംബത്തെ അനുവദിക്കുന്നില്ലെന്ന് ആക്ഷേപം. ജീവന്‍ ആപകടത്തിലാണോ എന്ന് സംശയിക്കുന്നു എന്ന് അദ്ദേഹത്തിന്റെ മകനും കൂടെയുള്ളവരും പറഞ്ഞു. അച്ഛന്‍ മറ്റാരുടേയോ കസ്റ്റഡിയിലാണ് എന്ന് മകന്‍ സംജോഗ് മാധ്യമങ്ങളോട് പറഞ്ഞു. സംജോഗിനെ കൂടാതെ മരുമകന്‍ അജിത് കുമാര്‍, ഇന്‍കാസ് പ്രതിനിധി ആഷിഖ് എന്നിവരാണ് മാധ്യമങ്ങളോട് സംഭവം വിശദീരിച്ചത്.
ഇന്ത്യയിലെ രാഷ്ട്രീയകാര്യങ്ങളുമായി ഇതിന് ബന്ധമുണ്ടെന്ന് ഇവര്‍ സംശയിക്കുന്നു. മുഖ്യമന്ത്രിയും മറ്റുള്ളവരും വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളിച്ചു, ബോസ് വിളിച്ചു എന്നെല്ലാം ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞുവെന്ന് അവര്‍ വിശദീകരിച്ചു. സുധാകരനെ കാണാന്‍ അനുവദിച്ചില്ലെന്നും കാണണമെന്ന് വാശിപിടിച്ചപ്പോള്‍ സെക്യൂരിറ്റിയെ വിളിച്ച് പുറത്താക്കിയെന്നും മൂവരും പറഞ്ഞു.

ഈ മാസം 27നാണ് ദുബായിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വേണ്ടി സുധാകരനെ കൊണ്ടുവന്നത് എന്ന് മകന്‍ പറഞ്ഞു. ഇന്നലെ വരെ സുധാകരനെ കാണാനും സംസാരിക്കാനും സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് കാണാന്‍ അനുവദിച്ചില്ല. സുധാകരന്‍ എന്ന പേരില്‍ ഇവിടെ ആളില്ല എന്നാണ് ആശുപത്രിയില്‍ നിന്ന് പ്രതികരിച്ചതത്രെ.
സുധാകരന് ഇന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. അതിനിടെയാണ് ഇന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ഐസിയുവിലേക്ക് മാറ്റിയതത്രെ. അമ്മ ആശുപത്രിയിലുണ്ടെന്നും എന്നാല്‍ വാഡിലാണെന്നും മകന്‍ സംജോഗ് പറഞ്ഞു. അച്ഛനെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും സംജോഗ് പറഞ്ഞു.
നിര്‍ബന്ധമായും കാണണം എന്ന് കുടുംബം ആവശ്യപ്പെട്ടപ്പോള്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു എന്നാണ് സഞ്ജുവും മറ്റുള്ളവരും പ്രതികരിച്ചത്. മറ്റു ആശുപത്രിയിലേക്ക് മാറ്റാനും അനുവദിക്കില്ല എന്ന നിലപാടായിരുന്നുവത്രെ അവര്‍ക്ക്. ഇതില്‍ ദുരൂഹതയുണ്ട് എന്ന് മരുമകന്‍ പറഞ്ഞു. അമേരിക്കയിലേക്ക് ചികില്‍സയ്ക്ക് പോകാനായിരുന്നു സുധാകരന്റെ ആദ്യ തീരുമാനം. അതിനിടെയാണ് ദുബായിലെത്തിയപ്പോള്‍ കണ്‍സള്‍ട്ടേഷന് വേണ്ടി ആശുപത്രിയില്‍ പോയത്. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ എല്ലാം മാറിമറിഞ്ഞ് ഐസിയുവിലേക്ക് മാറ്റി എന്നാണ് മകന്‍ പറയുന്നത്.
ഇന്‍ഫെക്ഷന്‍ ആയിട്ടുണ്ടെന്നും ഇനി സുധാകരനെ കാണാന്‍ സാധിക്കില്ല എന്നുമാണ് ഏറ്റവും ഒടുവില്‍ മകനെ ഡോക്ടര്‍മാര്‍ അറിയിച്ചത്. ഈ വേളയില്‍ ആരെങ്കിലും കാണുന്നത് ആശുപത്രിയില്‍ ചട്ടങ്ങള്‍ക്ക് എതിരാണ് എന്നും അവര്‍ പറഞ്ഞുവത്രെ. തന്നെയും അമ്മയെയും അച്ഛനെ കാണാന്‍ അനുവദിച്ചില്ലെന്നും ഇന്നലെ കണ്ടിരുന്നു എന്നും സംജോഗ് പറഞ്ഞു. ഈ സാഹചര്യത്തില്‍ സുധാകരന് പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാന്‍ സാധിച്ചേക്കില്ല എന്നാണ് സൂചന.




Click it and Unblock the Notifications
