മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്‌സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി
ശബരിമല സീസണ്‍ തിരക്ക് പരിഗണിച്ച് മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും. ഒരു മാസത്തേക്ക് മാത്രമായിട്ടാണ് സര്‍വീസ്. ആഴ്ചയില്‍ ഒരു സര്‍വീസ് ഉണ്ടാകുകയുള്ളൂ. വെള്ളിയാഴ്ച വൈകീട്ട് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്ത് നിന്ന് ശനിയാഴ്ച രാവിലെ പുറപ്പെട്ട് മംഗളൂരുവില്‍ വൈകീട്ട് മടങ്ങിയെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
മംഗളൂരു സെന്‍ട്രലില്‍ നിന്ന് കൊല്ലത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ 06231 എന്ന നമ്പറിലാണ് സര്‍വീസ് നടത്തുക. മടക്ക ട്രെയിന്‍ 06232 എന്ന നമ്പറിലും. ഇന്ന് മുതല്‍ സീറ്റ് ബുക്കിങ് ആരംഭിച്ചു. ഒരു എസി ടു ടയര്‍ കോച്ച്, രണ്ട് എസി ത്രീ ടയര്‍ കോച്ചുകള്‍, എട്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, അഞ്ച് ജനറല്‍ സെക്കന്റ് ക്ലാസ് കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രെയിന്‍.

ഡിസംബര്‍ നാലിനാണ് ആദ്യ സര്‍വീസ് മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് പുറപ്പെടുക. ഡിസംബര്‍ 11, 18, 25 എന്നീ തിയതികളിലും ഈ ട്രെയിന്‍ സര്‍വീസ് നടത്തും. അതേസമയം, കൊല്ലത്ത് നിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഡിസംബര്‍ അഞ്ചിനാണ് ആദ്യത്തേത്. ഡിസംബര്‍ 12, 19, 26 തിയ്യതികളിലാണ് മറ്റു സര്‍വീസുകള്‍. ഡിസംബര്‍ 26ന് ഈ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കും.
മംഗളൂരു സെന്‍ട്രലില്‍ നിന്ന് വൈകീട്ട് 5.55നാണ് പുറപ്പെടുക. തൊട്ടടുത്ത ദിവസം രാവിലെ 7.15ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്ത് നിന്ന് രാവിലെ 9.15നാണ് മടക്ക സര്‍വീസ്. അന്നു തന്നെ രാത്രി 9.30ന് മംഗളൂരു സെന്‍ട്രലില്‍ എത്തും. മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ മലബാര്‍ മേഖയില്‍ രാത്രിയാണ് സര്‍വീസ് നടത്തുന്നത് എന്നതിനാല്‍ അതിരാവിലെ കൊല്ലം, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ എത്തേണ്ടവര്‍ക്ക് ഗുണം ചെയ്യും.
മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നീ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയാണ് കൊല്ലത്ത് എത്തുക. ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഈ ട്രെയിനില്‍ സീറ്റ് റിസര്‍വേഷന്‍ സാധിക്കും.
അതേസമയം, ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അഹമ്മദാബാദില്‍ നിന്ന് തുടങ്ങി തിങ്കളാഴ്ച വൈകീട്ട് 5.15ന് തിരുവനന്തപുരം നോര്‍ത്ത് സ്‌റ്റേഷനില്‍ എത്തിച്ചേരും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഒരു ഭാഗത്തേക്ക് മാത്രം സ്‌പെഷ്യല്‍ സര്‍വീസ് ആണ് വെസ്റ്റേണ്‍ റെയില്‍വെ പ്രഖ്യാപിച്ചിട്ടുള്ളത്. മംഗളൂരു വഴി കേരളത്തിലേക്ക് പ്രവേശിക്കുന്ന ഈ ട്രെയിന്‍ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക.




Click it and Unblock the Notifications
