കുവൈത്ത് പട്ടാളം പിന്മാറി; വീഡിയോ പ്രചരിക്കുന്നു... ബഹ്‌റൈന്‍ സൈനികര്‍ കൊല്ലപ്പെട്ട പിന്നാലെ
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ അതിര്‍ത്തി മേഖലയില്‍ നിന്ന് കുവൈത്ത് സൈനികര്‍ പിന്മാറുന്ന വീഡിയോ പ്രചരിക്കുന്നു. യമനിലെ ഹൂത്തി വിമതരുമായി ഏറ്റുമുട്ടിയിരുന്ന സൈനികരാണ് പിന്മാറിയത്. യമനിലെ ഏദന്‍ കേന്ദ്രമായുള്ള ഭരണ സമിതിയുമായി ബന്ധമുള്ളവരാണ് വീഡിയോ പുറത്തുവിട്ടതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എട്ട് വര്‍ഷത്തിന് ശേഷമാണ് കുവൈത്ത് സൈന്യം പിന്മാറുന്നത്. വ്യാഴാഴ്ച മുതലാണ് ഇതിന്റെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കുവൈത്ത് ഭരണകൂടമോ സൗദി അറേബ്യയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സൗദിയും ഹൂത്തികളും ചര്‍ച്ച നടത്തിവരവെയാണ് പുതിയ മാറ്റങ്ങള്‍. അതിനിടെ, ബഹ്‌റൈന്റെ മൂന്ന് പട്ടാളക്കാരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

സൗദി അറേബ്യയും യമനും അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ അറബ് സഖ്യസേനയെ വിന്യസിച്ചിട്ടുണ്ട്. കുവൈത്തിന്റെയും ബഹ്‌റൈന്റെയും സൗദിയുടെയും സൈനികരാണ് ഇവിടെയുള്ളത്. മേഖലയില്‍ ഹൂത്തികളുടെ ആക്രമണം കുറഞ്ഞുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഹൂത്തി-സൗദി ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ബഹ്‌റൈന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടത്.
ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ബഹ്‌റൈന്റെ രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതും ഒരു സൈനികന് ഗുരുതരമായ പരിക്കേറ്റതും. പരിക്കേറ്റ സൈനികര്‍ ബുധനാഴ്ച മരിച്ചു. മൂന്ന് സൈനികരാണ് ആക്രമണത്തില്‍ നഷ്ടമായതെന്ന് ബഹ്‌റൈന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് കുവൈത്ത് സൈന്യം മേഖലയില്‍ നിന്ന് പിന്മാറുന്നു എന്ന വിവരം പുറത്തുവന്നത്.
ബഹ്‌റൈന്‍ സൈനികര്‍ക്ക് നേരെയുണ്ടായതിന് സമാനമായ ആക്രമണം കുവൈത്ത് സൈനികര്‍ക്കെതിരെയും നടന്നേക്കാമെന്ന ആശങ്കയാണ് പിന്മാറ്റത്തിന് കാരണം എന്ന് ഷിയാ ബന്ധമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കുവൈത്ത് സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 2015 മാര്‍ച്ച് മുതലാണ് സൗദി സഖ്യസേന യമനില്‍ ആക്രമണം തുടങ്ങിയത്. യുദ്ധം അവസാനിപ്പിക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞാഴ്ചയാണ് ഹൂത്തി വിമത നേതാക്കള്‍ അഞ്ച് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ നിന്ന് യമനിലേക്ക് മടങ്ങിയത്. ചര്‍ച്ച തുടരുമെന്ന് അവര്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഒമാന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ രാജ്യങ്ങളോടും ഐക്യരാഷ്ട്രസഭ അഭ്യര്‍ഥിച്ചിരുന്നു.
2014ലാണ് ഹൂത്തി വിമതര്‍ യമന്റെ നിയന്ത്രണം പിടിച്ചത്. ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട വേളയിലായിരുന്നു ഇവരുടെ മുന്നേറ്റം. തുടര്‍ന്ന് യമന്‍ പ്രസിഡന്റ് സൗദിയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ശേഷം നടന്ന ചര്‍ച്ചകളാണ് അറബ് സഖ്യസേനയെ യമനിലെത്തിച്ചത്. എട്ട് വര്‍ഷം പിന്നിട്ടിട്ടും ഹൂത്തി വിമതരെ കീഴ്‌പ്പെടുത്താന്‍ സാധിച്ചില്ല. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്നാണ് സൗദി സഖ്യത്തിന്റെ ആരോപണം.












Click it and Unblock the Notifications