കുവൈത്ത് തീപിടുത്തം; കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു; 'പൂര്‍ണ സഹായം നല്‍കും'
ന്യൂഡല്‍ഹി/ കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികള്‍ അടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും ഇന്ത്യന്‍ എംബസി പൂര്‍ണസഹായം നല്‍കും എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ അംബാസഡര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
'കുവൈത്ത് നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. 40-ലധികം മരണങ്ങളും 50-ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഞങ്ങളുടെ അംബാസഡര്‍ ക്യാമ്പിലേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

പരിക്കേറ്റവര്‍ക്ക് നേരത്തെ പൂര്‍ണ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ഞങ്ങളുടെ എംബസി പൂര്‍ണ്ണ സഹായം നല്‍കും,' ജയശങ്കര്‍ ട്വീറ്റ് ചെയ്തു. തീപിടുത്തവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ +965-65505246 പുറത്തിറക്കി. സംഭവവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട എല്ലാവരോടും എന്തെങ്കിലും വിവരങ്ങള്‍ക്കായി ഈ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നതായി എംബസി അറിയിച്ചു.
നേരത്തെ കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക സ്ഥലം സന്ദര്‍ശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. അതേസമയം അപകടത്തില്‍ മരണസംഖ്യ ഉയരുന്നതായാണ് വിവരം. അഞ്ച് മലയാളികള്‍ അടക്കം 10 ഇന്ത്യക്കാരാണ് മരിച്ചത് എന്നാണ് അനൗദ്യോഗിക വിവരം. ആകെ മരണസംഖ്യ 40 കടന്നു എന്നാണ് റിപ്പോര്‍ട്ട്.
കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. മലയാളികള്‍ക്ക് പുറമെ തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച ഇന്ത്യക്കാര്‍ എന്നാണ് വിവരം. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് പേരുടെ നില ഗുരുതരമാണ്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് കെട്ടിടം.
എന്‍ബിടിസിയുടെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരും കെട്ടിടത്തില്‍ താമസിച്ചിരുന്നു. അതേസമയം അപകടത്തില്‍ കുവൈത്ത് ഉപപ്രധാനമന്ത്രി ഫഹദ് യൂസഫ് അല്‍ സബാഹ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തീപിടിത്തത്തെക്കുറിച്ചുള്ള ക്രിമിനല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കെട്ടിടത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുക്കും.
കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയ്ക്ക് സമാനമായ നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ ധാരാളം തൊഴിലാളികള്‍ കെട്ടിടങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട് എന്നാണ് വിവരം. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് വിവരമെന്ന് മേജര്‍ ജനറല്‍ ഈദ് റഷീദ് ഹമദ് പറഞ്ഞു.
'തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ നിരവധി തൊഴിലാളികള്‍ ഉണ്ടായിരുന്നു. പൊള്ളലേറ്റും തീ പടരുന്നത് കണ്ട് താഴേക്ക് ചാടിയും പുകശ്വസിച്ച് ശ്വാസം മുട്ടിയുമാണ് ആളുകള്‍ മരിച്ചത്. ലേബര്‍ ക്യാമ്പിലെ താഴത്തെ നിലകളിലൊന്നിലെ അടുക്കളയില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപ്പാര്‍ട്ട്മെന്റിലെ എല്ലാ മുറികളിലേക്കും തീ പെട്ടെന്ന് പടരുകയായിരുന്നു.
തീപിടിത്തത്തില്‍ പരിക്കേറ്റ നിരവധി പേരെ അദാന്‍, ജാബര്‍, മുബാറക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.












Click it and Unblock the Notifications