ട്രംപിന്റെ വീട്ടിലെത്തിയ ഖത്തര്‍ അമീറും യുഎഇ പ്രസിഡന്റും; ദുബായിലും ജിദ്ദയിലും ട്രംപ് ടവര്‍... ഇനി കളിമാറും
ദുബായ്: 2016ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അമേരിക്കന്‍ പ്രസിഡന്റായ ശേഷം ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് തിരഞ്ഞെടുത്തത് സൗദി അറേബ്യയെ ആയിരുന്നു. ജിദ്ദയിലെത്തിയ അദ്ദേഹത്തിന് വന്‍ സ്വീകരണം ലഭിക്കുകയും ചെയ്തു. പിന്നീട് യുഎഇയും സന്ദര്‍ശിച്ച ട്രംപ് അധികാരം നഷ്ടമായ ശേഷവും ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളുമായും വ്യവസായികളുമായും അടുത്ത ബന്ധം തുടര്‍ന്നു.
ജോ ബൈഡന്‍ വിജയിച്ചതോടെ 2021 ജനുവരിയില്‍ വൈറ്റ് ഹൗസിന്റെ പടി ഇറങ്ങിയ ട്രംപ് പക്ഷേ, ജിസിസിയിലെ നേതാക്കള്‍ക്ക് വലിയ സ്വീകാര്യനായിരുന്നു. 2024ലെ തിരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ക്ക് ബന്ധം ദൃഢമാക്കാനുള്ള മറ്റൊരു അവസരം കൂടിയാണ്.

കഴിഞ്ഞ സെപ്തംബറില്‍ അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് അല്‍ നഹ്യാനും ഫ്‌ളോറിഡയിലുള്ള ട്രംപിന്റെ സ്വകാര്യ വസതി സന്ദര്‍ശിച്ചിരുന്നു. ട്രംപിന്റെ മരുമകന്‍ ജറദ് കുഷ്‌നര്‍ ഇടയ്ക്കിടെ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും അടുത്ത സൗഹൃദത്തിന്റെ സൂചനയാണ്.
2022ല്‍ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം വീക്ഷിക്കാന്‍ കുഷ്‌നര്‍ ദോഹയിലെത്തിയപ്പോഴും നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പലതവണ കുഷ്‌നര്‍ ചര്‍ച്ച നടത്തിയതും അടുത്ത ബന്ധത്തിന്റെ തെളിവാണ്. യുഎഇ, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലെ കമ്പനികളുമായി ട്രംപിന്റെ കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷന്‍ ബിസിനസ് കരാറുകളിലെത്തിയിട്ടുണ്ട്.
സൗദിയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ദര്‍ ഗ്ലോബലുമായി ചേര്‍ന്ന് ദുബായില്‍ 'ട്രംപ് ടവര്‍' സ്ഥാപിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്. സൗദിയിലെ ജിദ്ദയിലും 'ട്രംപ് ടവര്‍' നിര്‍മിക്കുമെന്ന് കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഒമാനില്‍ ഗോള്‍ഫ് ക്ലബ്ബുകള്‍, ഹോട്ടലുകള്‍, വില്ലകള്‍ എന്നിവ നിര്‍മിക്കുന്നതിലും ദര്‍ ഗ്ലോബലും ട്രംപ് ഓര്‍ഗനൈസേഷനും സഹകരിക്കുന്നുണ്ട്.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന വേളയില്‍ സുപ്രധാന പദവികള്‍ വഹിച്ചവരാണ് ദിന പവല്‍ മക്കോര്‍മിക്, കെന്‍ മോലിസ്, സ്റ്റീവ് നുചിന്‍ എന്നിവര്‍. ഇവര്‍ സൗദിയുടെ എണ്ണ കമ്പനിയായ അരാംകോയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2021ന് ശേഷം ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിത്യ സന്ദര്‍ശകന്‍ കൂടിയാണ് സ്റ്റീവ് നുചിന്‍. അദ്ദേഹം സ്ഥാപിച്ച ലിബര്‍ട്ടി സ്ട്രാറ്റജിക് കാപ്പിറ്റലില്‍ യുഎഇയിലെ കമ്പനികള്‍ക്ക് വന്‍ നിക്ഷേപമുണ്ട്.
ട്രംപിന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞ ശേഷമാണ് മരുമകന്‍ കുഷ്‌നര്‍, അഫിനിറ്റി പാര്‍ട്‌ണേഴ്‌സ് എന്ന സ്വകാര്യ നിക്ഷേപ കമ്പനി ഉണ്ടാക്കിയത്. ഇതില്‍ ഖത്തറിലെയും യുഎഇയിലെയും പ്രമുഖര്‍ക്ക് നിക്ഷേപമുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശ്ചിമേഷ്യയുമായി കൂടുതല്‍ കരാറുകള്‍ ഒപ്പുവയ്ക്കുമെന്ന ട്രംപിന്റെ മകന്‍ എറിക് ട്രംപ് കഴിഞ്ഞ ജൂലൈയിലാണ് പറഞ്ഞത്. ട്രംപിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ കഴിഞ്ഞ ജൂണില്‍ ഒമാനും ദുബായിയും സന്ദര്‍ശിച്ചതും ബിസിനസ് ആവശ്യാര്‍ഥമായിരുന്നു. ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് ഉറപ്പിക്കുന്നതാണിതെല്ലാം.












Click it and Unblock the Notifications