ഖത്തര്‍ കടുപ്പിച്ചു; ഒമാന്‍ പിന്നാലെ... ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, 15 കോടിയുടെ മുട്ടകള്‍ കടലില്‍
ലോകത്തെ പ്രധാന മുട്ട ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ മുട്ട ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്ത് കോടികള്‍ സമ്പാദിക്കുന്ന മേഖല തമിഴ്‌നാട്ടിലെ നാമക്കല്‍ ആണ്. ഇവിടെ നിന്ന് പ്രധാനമായും മുട്ട കയറ്റുമതി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കും മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുമാണ്.
എന്നാല്‍ അടുത്തിടെ ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. കയറ്റുമതി ചെയ്ത മുട്ടകളാകട്ടെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറക്കാന്‍ സാധിക്കാതെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഖത്തറും ഒമാനും സ്വീകരിച്ച നടപടികള്‍ രാജ്യസഭയില്‍ ചര്‍ച്ചയായി.

ഇന്ത്യന്‍ മുട്ടകള്‍ ഇറക്കുന്നതിനുള്ള പെര്‍മിറ്റ് ഒമാന്‍ നല്‍കുന്നില്ല എന്നതാണ് പുതിയ വെല്ലുവിളി. ചൊവ്വാഴ്ച മുതല്‍ പെര്‍മിറ്റ് നിര്‍ത്തിയിരിക്കുകയാണ്. നാമക്കലിലെയും കേരളത്തിലെയും മുട്ട കയറ്റുമതി വ്യവസായത്തെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. ഖത്തര്‍ ഇന്ത്യന്‍ മുട്ടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പിന്നാലെയാണ് ഒമാനും ഇറക്കുമതി തടയുന്നത്.
മുട്ടയ്ക്ക് ഭാര നിബന്ധനയുമായി ഖത്തര്‍
ഖത്തറിന്റെ പുതിയ മുട്ട നയമാണ് ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ ഇറക്കുന്നതിന് തടസമായിരിക്കുന്നത്. മുട്ടകള്‍ക്ക് ഭാരം അടിസ്ഥാനപ്പെടുത്തി വിവിധ ഗ്രേഡുകളാക്കി തിരിക്കുകയാണ് ഖത്തര്‍ ചെയ്തിരിക്കുന്നത്. 70 ഗ്രാം ഭാരമുള്ള മുട്ടകള്‍ എഎ വിഭാഗത്തിലും 60 ഗ്രാം ഭാരമുള്ള മുട്ടകള്‍ എ വിഭാഗത്തിലും 50 ഗ്രാം ഭാരമുള്ള മുട്ടകള്‍ ബി വിഭാഗത്തിലുമാണ് ഖത്തര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിലും താഴെ ഭാരമുള്ളത് സി വിഭാഗത്തില്‍ വരും.
എഎ, എ വിഭാഗത്തില്‍പ്പെട്ട മുട്ടകള്‍ മാത്രം ഇറക്കുമതി ചെയതാല്‍ മതി എന്നാണ് ഖത്തറിന്റെ തീരുമാനം. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത് ബി, സി വിഭാഗത്തിലാണ് വരിക. ഇതാണ് നാമക്കലിലെ മുട്ട വ്യവസായത്തിന് തിരിച്ചടിയായത്. ഖത്തര്‍, ഒമാന്‍ അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ പരിഹാരം കാണണം എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു.
ഡിഎംകെ എംപി കെആര്‍എന്‍ രാജേഷ് കുമാര്‍ ആണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. മുട്ട കയറ്റുമതി തുടരുന്നതിനുള്ള സൗകര്യം ഒരുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒമാന്റെയും ഖത്തറിന്റെയും അംബാസഡര്‍മാരുമായി ചര്‍ച്ച നടത്താന്‍ സമയം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ നിയന്ത്രണം കാരണം 15 കോടി രൂപയുടെ മുട്ടകള്‍ തീരങ്ങളില്‍ കെട്ടിക്കിടക്കുകയാണെന്ന് നാമക്കലിലെ വ്യവസായി ഡോ. പിവി സെന്തില്‍ പറഞ്ഞു.
ഒമാനിലെ സോഹാര്‍ തുറമുഖം വഴിയാണ് ഇന്ത്യയില്‍ നിന്നെത്തുന്ന മുട്ടകള്‍ ഇറക്കിയിരുന്നത്. പെര്‍മിറ്റ് ലഭിക്കാത്തത് കാരണം ഇവ ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഒമാന്‍, ഖത്തര്‍, യുഎഇ, മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കാണ് നാമക്കലില്‍ നിന്ന് പ്രധാനമായും മുട്ട കയറ്റുമതി ചെയ്യുന്നത്. ഇതില്‍ ഒമാന്‍ ആണ് കൂടുതല്‍ വാങ്ങുന്നത്. നിലവില്‍ കോടികളുടെ നഷ്ടമാണ് വ്യവസായികള്‍ നേരിടുന്നത്.












Click it and Unblock the Notifications