കുവൈത്തില്‍ അധ്യാപകരില്ല; പരിഹാരത്തിന് പുതിയ പദ്ധതിയുമായി ഭരണകൂടം, തിളങ്ങിയവര്‍ക്ക് അവസരം
കുവൈത്ത് സിറ്റി: ജിസിസി രാജ്യമായ കുവൈത്തില്‍ വിദഗ്ധരായ അധ്യാപകരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രശ്‌നപരിഹാരത്തില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. രണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സയന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് അധ്യാപകരുടെ കുറവുള്ളത്.
ഏതൊക്കെ വിഷയങ്ങളിലാണ് അധ്യാപകരില്ലാത്തത് എന്ന് പ്രത്യേക പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിക്കും. നേരത്തെ വിരമിച്ച അധ്യാപകരുടെ സഹായം തേടാനാണ് തീരുമാനം. ജോലിയില്‍ തിളങ്ങിയിരുന്ന അധ്യാപകരുടെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടും മന്ത്രാലയം തേടിയിട്ടുണ്ട്. അധ്യാപകരെ കണ്ടെത്തുന്നതിന് ചില മാനദണ്ഡങ്ങളും വച്ചു.

വിദ്യാഭ്യാസ മേഖലയില്‍ കാര്യക്ഷമമായ സംഭാവന ചെയ്യാന്‍ വിരമിച്ച അധ്യാപകര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. മികവ് തെളിയിച്ചിരുന്ന അധ്യാപകരുടെ സേവനം വീണ്ടും തേടാനാണ് നീക്കം. അധ്യാപകരുടെ ആരോഗ്യം, ശാരീരിക ക്ഷമത എന്നിവ പരിശോധിക്കും. സര്‍വീസ് കാലത്ത് അച്ചടക്ക നടപടി നേരിട്ടവരാകരുത്. ക്രമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും ആകരുത് എന്നിവയാണ് മാനദണ്ഡങ്ങള്‍.
15 മേഖലകളിലെ അധ്യാപകരെയാണ് ആവശ്യമുള്ളത്. ഇംഗ്ലീഷ്, ഫ്രഞ്ച്, കണക്ക്, സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടര്‍, സോഷ്യല്‍ സ്റ്റഡീസ്, ഇസ്ലാമിക് എജ്യുക്കേഷന്‍, ഡെക്കറേഷന്‍, ഇലക്ട്രിസിറ്റി എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അധ്യാപകരുടെ സേവനമാണ് വീണ്ടും തേടുന്നത്. കഴിവുള്ള അധ്യാപകര്‍ എത്തുന്നതോടെ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുമെന്നും അധികൃതര്‍ കണക്കുക്കൂട്ടുന്നു.
എന്‍ബിടിസി തീപ്പിടിത്തം; ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി
മംഗഫിലെ എന്‍ബിടിസി താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച വ്യക്തിയുടെ ബന്ധുവിനെ കുവൈത്തിലെത്തിച്ച് ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. ബിഹാറില്‍ നിന്നുള്ള ജോലിക്കാരന്റെ സഹോദരന്‍ ഷാറൂഖ് ഖാനെ പരിശോധനയുടെ ഭാഗമായി കുവൈത്തിലെത്തിച്ചു. കുവൈത്ത് ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് കമ്പനി ഇവരെ കൊണ്ടുവന്നത്.
നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതേസമയം, ദുരന്തത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന അഞ്ച് പേരുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയിരുന്നു. നാല് പേരുടെ കുടുംബങ്ങള്‍ ബുധനാഴ്ചയെത്തുമെന്ന് എന്‍ബിടിസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിക്കേറ്റവരെ കാണാന്‍ ബന്ധുക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇവരെയാണ് കമ്പനി കുവൈത്തിലെത്തിച്ചത്. വിസയും വിമാന ടിക്കറ്റും താമസവും ഭക്ഷണവുമെല്ലാം കമ്പനിയാണ് വഹിക്കുന്നത്. ഐസിയുവില്‍ കഴിയുന്ന മൂന്ന് പേരുള്‍പ്പെടെ ഏഴ് പേരാണ് കുവൈത്തിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.












Click it and Unblock the Notifications