സൗദി അറേബ്യ സര്‍വീസ് വൈകും; എയര്‍ ഇന്ത്യ യാത്രാ നിരോധനം നീട്ടി, ജിദ്ദ വിമാനം ഡിസംബര്‍ 2ന്
സൗദി അറേബ്യ-യമന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസ് വീണ്ടും നീട്ടി. ഡിസംബര്‍ 31 വരെ സൗദി വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജിദ്ദ, ദമ്മാം, റിയാദ് വിമാനങ്ങള്‍ ഡിസംബറില്‍ സര്‍വീസ് നടത്തില്ലെന്നാണ് കമ്പനിയുടെ അറിയിപ്പ്. അതേസമയം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജിദ്ദ വിമാനം ഡിസംബര്‍ രണ്ട് മുതല്‍ ഘട്ടങ്ങളായി സര്‍വീസ് തുടങ്ങും.
റിയാദിലേക്കും ദമ്മാമിലേക്കുമുള്ളതും തിരിച്ചുമുള്ള സര്‍വീസ് ഡിസംബര്‍ 31 വരെ ഉണ്ടാകില്ല എന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരിക്കുന്നത്. ജിദ്ദയിലേക്കുള്ള സര്‍വീസ് ഡിസംബര്‍ രണ്ടിന് ആരംഭിക്കുമെങ്കിലും ഘട്ടങ്ങളായിട്ടാകും തുടങ്ങുക. ആദ്യം പ്രതിവാര സര്‍വീസ് ആയിരിക്കും. സാഹചര്യം മെച്ചപ്പെടുന്നതിന് അനുസരിച്ച് വിമാനങ്ങളുടെ എണ്ണം കൂട്ടും. ഡിസംബര്‍ രണ്ടിന് ജിദ്ദയ്ക്കും മംഗളൂരുവിനുമിടയിലെ സര്‍വീസ് ആണ് തുടങ്ങുക എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

അതേസമയം, ഇന്‍ഡിഗോ വിമാനം സൗദി സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ജിദ്ദ, മദീന വിമാന സര്‍വീസ് ആണ് ഇന്‍ഡിഗോ തുടങ്ങുന്നത്. റിയാദ്, ദമ്മാം വിമാനങ്ങള്‍ ഡിസംബര്‍ ഏഴ് വരെ സര്‍വീസ് നടത്തില്ലെന്നും ഇന്‍ഡിഗോ എക്‌സില്‍ അറിയിച്ചു. സര്‍വീസ് തുടങ്ങുന്ന റൂട്ടുകള്‍ സംബന്ധിച്ച് വൈകാതെ അറിയിപ്പ് വന്നേക്കും. എന്നാല്‍ ആകാശ എയര്‍ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങാന്‍ ഇനിയും വളരെ വൈകും.
ജിദ്ദ വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് ജനുവരി 10 വരെയും റിയാദിലേക്കുള്ള സര്‍വീസ് ജനുവരി 31 വരെയും ഉണ്ടാകില്ലെന്ന് ആകാശ എയര്‍ അറിയിച്ചു. റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയതോെടയാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ സൗദി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ചില വിമാന കമ്പനികള്‍ സൗദി സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ ഈ സൗകര്യം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്.




Click it and Unblock the Notifications
