സുധാകരന്‍ ആശുപത്രി വിട്ടു; ദുബായില്‍ നിന്ന് വിമാനം രാത്രി 9.30ന്, നാടകീയതകള്‍ക്ക് വിരാമം
കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ ദുബായിലെ ആശുപത്രി വിട്ടു. ഒരു പകല്‍ നീണ്ട നാടകീയതകള്‍ക്ക് ഇതോടെ വിരാമം. അല്‍പ്പം ക്ഷീണമുണ്ടെങ്കിലും കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് അനുവദിച്ചത്. ആശുപത്രിയില്‍ നിന്ന് അദ്ദേഹം ദുബായിലെ ബന്ധുവീട്ടിലേക്ക് പോയി. രാത്രി 9.30ന് ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം കയറും. അര്‍ധരാത്രിക്ക് ശേഷം ഡല്‍ഹിയില്‍ വിമാനമിറങ്ങും.
സുധാകരന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകാനായിരുന്നു പദ്ധതി. ദുബായില്‍ എത്തിയ വേളയില്‍ ഈ മാസം 27ന് മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി ആശുപത്രിയില്‍ പോയതായിരുന്നു. തുടര്‍ന്ന് അഡ്മിറ്റായി. എന്നാല്‍ ഇന്ന് രാവിലെയാണ് ചിത്രം മാറിയത്. അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. കുടുംബത്തെ കാണാന്‍ അനുവദിച്ചില്ല. അമിത് ഷായുടെ ഓഫീസ് ബന്ധപ്പെട്ടുവെന്ന് ഡോക്ടര്‍ പറഞ്ഞു എന്ന വിവരം വന്നതോടെയാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്.

മണ്ഡല പുനര്‍ നിര്‍ണയ ബില്ലിന്മേല്‍ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ സുധാകരന്‍ പാര്‍ലമെന്റില്‍ എത്തുന്നത് തടയാന്‍ നീക്കം നടക്കുന്നു എന്ന സംശയമാണ് കുടുംബം പങ്കുവെച്ചത്. സുധാകരനെ കാണാന്‍ ശ്രമിച്ച കുടുംബത്തിന് നേരെ ആശുപത്രി അധികൃതര്‍ ബലപ്രയോഗം നടത്തിയതും ആശങ്ക വര്‍ധിപ്പിച്ചു. കേരള സര്‍ക്കാര്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
സുധാകരന്റെ മകന്‍, മരുമകന്‍, ഇന്‍കാസ് പ്രതിനിധി എന്നിവരാണ് മാധ്യമങ്ങളോട് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ ഡല്‍ഹിയില്‍ എത്തേണ്ടതുണ്ടെന്നും പാര്‍ലമെന്റ് നടപടികള്‍ ഭാഗമാകണമെന്നും ആശുപത്രി അധികൃതരെ ബോധിപ്പിച്ച് കൂടുതല്‍ ഇടപെടലുണ്ടായി. തുടര്‍ന്നാണ് കുടുംബത്തിന്റെ റിസ്‌കില്‍ കൊണ്ടുപോകാം എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
കോണ്‍ഗ്രസിന്റെ മുഴുവന്‍ ലോക്‌സഭാ അംഗങ്ങളോടും ഞായറാഴ്ച ഡല്‍ഹിയില്‍ എത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ സഖ്യത്തിലെ മറ്റു പാര്‍ട്ടികളും സമാന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ എംപിമാരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. അതിനിടെ, പ്രതിപക്ഷ ചേരിയില്‍ നിന്ന് ഭിന്നസ്വരം ഉയര്‍ത്തിയ ഡിഎംകെ, എന്‍സിപി എന്നിവരെ കൂടെ നിര്‍ത്താനുള്ള അവസാന ശ്രമത്തിലാണ് നേതാക്കള്‍.
ജെഎംഎം കൂടി ബില്ലിനെ പിന്തുണയ്ക്കും എന്ന് വാര്‍ത്തകളുണ്ട്. 371 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പിച്ചു എന്നാണ് അനൗദ്യോഗിക വിവരം. എസ്പിയുടെ ചില അംഗങ്ങളെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമം നടത്തുന്നു എന്നും വാര്‍ത്തകളുണ്ട്. തിങ്കള്‍ മുതല്‍ അഞ്ച് ദിവസമാണ് പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. ബില്ല് പാസായാല്‍ മണ്ഡല പുനര്‍ നിര്‍ണയ നടപടികളിലേക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ കടക്കും.





Click it and Unblock the Notifications
