സൗദി അറേബ്യ കൈവിട്ട കളിക്ക്; ക്രൂഡ് വെട്ടിക്കുറച്ചു, വീണ്ടും വായ്പ, സാമ്പത്തിക ഞെരുക്കം വരും
ലോകത്തെ പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമായ സൗദി അറേബ്യയ്ക്ക് എന്തുപറ്റി? അടുത്തിടെ രാജ്യം സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ഓഗസ്റ്റില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ വലിയ കുറവ് വരുത്തിയിരിക്കുകയാണ് സൗദി. 1990ന് ശേഷം ആദ്യമായിട്ടാണ് ഇത്രയും കുറയ്ക്കുന്നതത്രെ. ഗള്‍ഫ് യുദ്ധകാലത്തിന് ശേഷം സൗദി എണ്ണ ഉല്‍പ്പാദനം ഏറ്റവും കുറച്ചത് കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു. ഓഗസ്റ്റില്‍ അതിനേക്കാള്‍ കുറച്ചു.
പ്രതിദിനം ഉള്‍പ്പാദിപ്പിക്കുന്ന എണ്ണയില്‍ 19 ലക്ഷം ബാരല്‍ എണ്ണയുടെ കുറവ് വരുത്തി എന്ന് സൗദി അറേബ്യ ഒപെക് സെക്രട്ടേറിയറ്റിനെ അറിയിച്ചു എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1990 ഓഗസ്റ്റിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും കുറയ്ക്കുന്നത്. മാത്രമല്ല, റഷ്യയും വന്‍തോതില്‍ ക്രൂഡ് ഉല്‍പ്പാദനം കുറച്ചു. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഇന്ന് 105 ഡോളറായി ഉയര്‍ന്നു.

ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ഈ മാസം 13 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2009ന് ശേഷം കുറഞ്ഞ കാലയളവില്‍ ഇത്രയും വര്‍ധനവ് ഉണ്ടാകുന്നത് ആദ്യമാണ്. ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദകരാണ് റഷ്യയും സൗദി അറേബ്യയും. രണ്ട് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതാണ്. ഇവര്‍ ഉള്‍പ്പാദനം കുറച്ചത് ഇന്ത്യയ്ക്കും തിരിച്ചടിയാകും.
ഇറാന്‍ അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടല്‍പാതയും, ഹൂതികളുമായുള്ള തര്‍ക്കത്തില്‍ ചെങ്കടല്‍ പാതയും അടഞ്ഞത് സൗദി അറേബ്യയുടെ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നതിനാല്‍ വായ്പ എടുക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍. ധനമന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഡെബ്റ്റ് മാനേജ്‌മെന്റ് സെന്റര്‍, എണ്ണ കമ്പനിയായ അരാംകോ എന്നിവരാണ് കടംവാങ്ങാന്‍ ശ്രമം നടക്കുന്നത്രെ. 800 കോടി ഡോളര്‍ വായ്പ എടുക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഓഗസ്റ്റ് മുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നേരത്തെ ഒപെക് തീരുമാനിച്ചിരുന്നു. എന്നാല്‍ സൗദിയും റഷ്യയും പിന്മാറിയതോടെ പ്രതീക്ഷിച്ച മുന്നേറ്റത്തിന് സാധിച്ചിട്ടില്ല. ക്രൂഡ് ഓയില്‍ വിപണിയില്‍ വേണ്ടത്ര എത്താതിരിക്കുകയും ബ്രെന്റ് ക്രൂഡ് വില കൂടുകയും ചെയ്താല്‍ ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
അതേസമയം, ജിസിസി രാജ്യങ്ങളില്‍ കൂടുതല്‍ ക്രൂഡ് ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരിക്കുന്നത് യുഎഇ മാത്രമാണ്. ഹോര്‍മുസ് പാത തൊടാതെ എണ്ണ കയറ്റുമതി ചെയ്യാന്‍ ഫുജൈറ വഴി യുഎഇക്ക് സാധിക്കും എന്നതാണ് ഈ വര്‍ധനവിന് കാരണം. അതേസസമയം, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ക്കെല്ലം കയറ്റുമതിക്ക് സൗകര്യമില്ല. ഹോര്‍മുസ്, ചെങ്കടല്‍ പാതകള്‍ സജീവമായാല്‍ മാത്രമാണ് സൗദി ഉള്‍പ്പെടെയുള്ളവരുടെ പ്രതിസന്ധി തീരുകയുള്ളൂ. എണ്ണ ലഭിക്കുന്നത് കുറഞ്ഞാല്‍ ലോകത്തെ എല്ലാ വിപണിയെയും സാരമായി ബാധിക്കും.





Click it and Unblock the Notifications
