യുഎഇയിൽ ഒരാഴ്‌ചയ്ക്കിടെ സ്വർണവിലയിൽ വൻ ഇടിവ്; ഇനിയും കുറയുമോ? 22 കാരറ്റിന്റെ വില അറിയാം
ദുബായ്: യുഎഇയിൽ കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ സ്വർണവിലയിൽ കാര്യമായ ഇടിവ്. ദുബായിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. വാരാന്ത്യത്തിൽ ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,500 ഡോളറിന് താഴേക്ക് പോയതോടെയാണ് യുഎഇയിലും വില കുറഞ്ഞത്. ദീപാവലി, നവരാത്രി തുടങ്ങിയ പ്രധാന ഇന്ത്യൻ ആഘോഷങ്ങൾ അടുത്തുവരുന്നതിനിടെ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന യുഎഇയിലെ ഉപഭോക്താക്കൾക്ക് ഇത് ആശ്വാസ വാർത്തയാണ്.
ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 536.75 ദിർഹവും 22 കാരറ്റ് സ്വർണത്തിന്റെ വില 497 ദിർഹവുമായിരുന്നു. ഓഗസ്‌റ്റ് 25ന് രേഖപ്പെടുത്തിയ ഈ ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയുമായി താരതമ്യം ചെയ്യുമ്പോൾ 24 കാരറ്റിന് ഗ്രാമിന് 23.25 ദിർഹവും 22 കാരറ്റിന് 21.50 ദിർഹവുമാണ് കുറഞ്ഞത്. മറ്റ് വിഭാഗങ്ങളിലും വില കുറഞ്ഞു. 21 കാരറ്റ് സ്വർണം ഗ്രാമിന് 476.75 ദിർഹമായും 18 കാരറ്റ് 408.50 ദിർഹമായും 14 കാരറ്റ് 318.75 ദിർഹമായുമാണ് വ്യാപാരം നടന്നത്.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,455.43 ഡോളറായിരുന്നു. 0.49 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ദുബായിലും ആഗോള വിപണിയിലും സ്വർണവില അടുത്ത ആഴ്‌ചയും കുറയുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. നിലവിലെ ഇടിവ് സ്വർണത്തിന്റെ ദീർഘകാല മുന്നേറ്റത്തിൽ മാറ്റം വന്നതിന്റെ സൂചനയായി കാണുന്നില്ലെന്നാണ് വിദഗ്‌ധർ പലരും വിലയിരുത്തുന്നത്.
ശക്തമായ വിലവർധനയ്ക്ക് ശേഷം നിക്ഷേപകർ ലാഭമെടുക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സ്വാഭാവിക തിരുത്തൽ മാത്രമായിരിക്കാം ഇപ്പോഴത്തെ ഇടിവെന്നാണ് പറയുന്നത്. സ്വർണവില കുറഞ്ഞോ എന്നതല്ല, ഈ ഇടിവ് വലിയ തോതിലുള്ള വിലത്തകർച്ചയുടെ തുടക്കമാണോ അതോ വീണ്ടും വില ഉയരുന്നതിന് മുമ്പുള്ള താൽക്കാലിക ഇടവേള മാത്രമാണോ എന്നതാണ് നിക്ഷേപകരും വ്യാപാരികളും ശ്രദ്ധിക്കേണ്ട കാര്യമെന്ന് വിദഗ്‌ധർ പറയുന്നു.
അടിസ്ഥാനപരമായി സ്വർണത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ പണനയവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ വിപണിയെ കൂടുതൽ സ്വാധീനിക്കുന്നുണ്ട്.
ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വവും അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയും ബോണ്ട് വിപണിയിലെ ആശങ്കകളും യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണെന്ന് വിദഗ്‌ധർ പറഞ്ഞു.
വിപണി ഇപ്പോൾ സാമ്പത്തിക കണക്കുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന സാധാരണ പ്രഖ്യാപനങ്ങൾ മാത്രമല്ല പ്രതീക്ഷിക്കുന്നത്. ഭാവിയിലെ പലിശനിരക്ക് നയത്തെക്കുറിച്ച് കൂടുതൽ വ്യക്തതയാണ് നിക്ഷേപകർ തേടുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശനിരക്ക് കൂടുതൽ കാലം ഉയർന്ന നിലയിൽ തുടരാനാണോ ഫെഡറൽ റിസർവ് ഉദ്ദേശിക്കുന്നത്, അതോ സാമ്പത്തിക പ്രവർത്തനങ്ങൾ ദുർബലമാകുന്നത് കണക്കിലെടുത്ത് കൂടുതൽ ഇളവുള്ള നയം സ്വീകരിക്കുമോ എന്നതാണ് പ്രധാന ചോദ്യം.
പ്രതീക്ഷിച്ചതിനേക്കാൾ കടുത്ത പണനയ നിലപാടാണ് ഫെഡറൽ റിസർവ് സ്വീകരിക്കുന്നതെങ്കിൽ ഡോളറിനും യുഎസ് ട്രഷറി ബോണ്ട് യീൽഡുകൾക്കും താൽക്കാലികമായി കരുത്ത് ലഭിച്ചേക്കും. ഇത് സ്വർണവിലയിൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. മറിച്ച്, കടുത്ത നിലപാടിന്റെ സൂചനകൾ ഇല്ലാതിരിക്കുകയും ഫെഡറൽ റിസർവ് കൂടുതൽ ഇളവുള്ള സമീപനം സ്വീകരിക്കുകയും ചെയ്‌താൽ സ്വർണത്തിലേക്കുള്ള നിക്ഷേപ ആവശ്യം വീണ്ടും ശക്തമാകാം.
അതേസമയം, യുഎസ് ഡോളറുമായോ യഥാർഥ പലിശനിരക്കുകളുമായോ ഉള്ള ബന്ധം മാത്രമല്ല ഇപ്പോൾ സ്വർണവിലയെ സ്വാധീനിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും അമേരിക്കയുടെ വർധിച്ചുവരുന്ന കടബാധ്യതയും ധനക്കമ്മിയും നിക്ഷേപകരുടെ തീരുമാനങ്ങളിൽ കൂടുതൽ പ്രധാന ഘടകങ്ങളായി മാറിയിട്ടുണ്ട്. അതിനാൽ തന്നെ താൽക്കാലിക ഇടിവ് ഉണ്ടാവുമെങ്കിലും ഭാവിയിൽ വില ഉയരാനാണ് സാധ്യത.




Click it and Unblock the Notifications