ട്രംപിന്റെ വാക്കു കേട്ട് ഇറങ്ങി; ഇറാന്‍ യുവതി പെട്ടത് ഊരാക്കുടുക്കില്‍, കയറ്റിവിട്ടത് ആഫ്രിക്കയിലേക്ക്
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത യുവതി ഒടുവില്‍ എത്തിപ്പെട്ടത് ആഫ്രിക്കയില്‍. സമരത്തെ ഇറാന്‍ പോലീസ് ശക്തമായി നേരിട്ടതോടെ യുവതി പലായനം ചെയ്യുകയായിരുന്നു. അമേരിക്കയില്‍ കുറച്ചുകാലം സമാധാനത്തോടെ മുന്നോട്ട് പോയെങ്കിലും പിന്നാലെ പോലീസ് തേടിയെത്തി. അറസ്റ്റ് ചെയ്ത് ബന്ധിച്ച് സംഘര്‍ഷ കലുഷിതമായ ആഫ്രിക്കന്‍ രാജ്യം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലികിലേക്ക് നാടുകടത്തുകയായിരുന്നു.
ഇറാനിലെ സര്‍ക്കാരിനെതിരായ മിക്ക സമരങ്ങളിലും പങ്കെടുക്കുമായിരുന്നു നിക്ക (യഥാര്‍ഥ പേരല്ല). ഈ വര്‍ഷം ആദ്യത്തില്‍ നടന്ന രാജ്യവ്യാപകമായ സമരത്തിലും നിക്ക പങ്കാളിയായി. ഇറാന്‍ ഭരണകൂടത്തെ താഴെ ഇറക്കാന്‍ ജനങ്ങള്‍ ഇറങ്ങണമെന്നും സഹായം പിന്നാലെ എത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതും ഇറാനിലെ സമരക്കാര്‍ക്ക് പ്രതീക്ഷ നല്‍കി.

(പ്രതീകാത്മക ചിത്രം)
സമരം ശക്തമായതോടെ ഇറാന്‍ പോലീസ് അടിച്ചമര്‍ത്താന്‍ തുടങ്ങി. നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ ജയിലിലായി. ഈ വേളയിലാണ് ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം തുടങ്ങിയത്. ആദ്യ ദിവസം തന്നെ ഇറാന്റെ പരമോന്നത നേതാവിനെയും സുപ്രധാന സൈനിക ഓഫീസര്‍മാരെയും അമേരിക്ക കൊലപ്പെടുത്തി. ഇതോടെ ഭരണം മാറുമെന്ന തോന്നലുണ്ടായെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു.
ഇതിനിടെ നിക്ക രഹസ്യമായി രാജ്യം വിടുകയായിരുന്നു. അമേരിക്കയില്‍ എത്തിയ അവര്‍ക്ക് ആദ്യ ദിനങ്ങളില്‍ ആശങ്കയുണ്ടായിരുന്നില്ലെന്ന് സിഎന്‍എന്നിനോട് വിശദീകരിച്ചു. അതിര്‍ത്തിയില്‍ വച്ച് യുഎസ് പോലീസ് പിടികൂടിയ നിക്ക, ഏതാനും മാസങ്ങള്‍ ഐസിഇ തടങ്കല്‍ കേന്ദ്രത്തില്‍ കഴിഞ്ഞു. പിന്നീട് കാലഫോര്‍ണിയയില്‍ സ്വതന്ത്രയായി താമസം തുടങ്ങി. എല്ലാം ശാന്തമായി എന്ന് കരുതിയിരിക്കെയാണ് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന നോട്ടീസ് കിട്ടിയത്.
ജൂണില്‍ നോട്ടീസ് ലഭിച്ചപ്പോള്‍ പതിവ് പരിശോധയുടെ ഭാഗമായി വിളിപ്പിച്ചതാണ് എന്നാണ് കരുതിയത്. എന്നാല്‍ യുഎസ് ഉദ്യോഗസ്ഥര്‍ അവളെ നാടുകടത്താന്‍ തീരുമാനിച്ചിരുന്നു. താമസിക്കാന്‍ ഭയമുള്ള രാജ്യത്തേക്ക് നാടുകടത്തരുത് എന്ന് യുഎസ് കോടതി നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കണ്ണുകെട്ടി, കൈകാലുകള്‍ ബന്ധിച്ച് വിമാനത്തില്‍ കയറ്റി വിടുകയായിരുന്നു. അഫ്ഗാനിസ്താന്‍, ഇറാഖ്, ജോര്‍ജിയ എന്നിവിടങ്ങളില്‍ നിന്നുള്ള 17 പേരും തനിക്കൊപ്പമുണ്ടായിരുന്നു എന്ന് നിക്ക പറയുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിനങ്ങളായിരുന്നു അത് എന്ന് നിക്ക ഓര്‍ക്കുന്നു. വിമാനത്തില്‍ കയറിയപ്പോഴാണ് ആഫ്രിക്കയിലേക്കാണ് നാടുകടത്തുന്നത് എന്ന് ബോധ്യമായത്. ഇപ്പോള്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് തലസ്ഥാനമായ ബാന്‍ഗുയിയിലാണ് നിക്ക താമസിക്കുന്നത്. ആശങ്കയുണ്ടെങ്കിലും ഇവിടെ നല്ല ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ക. ആഫ്രിക്കയില്‍ പതിവായി സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്.





Click it and Unblock the Notifications