ഇത് പഴയ ഇന്ത്യയല്ല: യുഎഇയിലേക്ക് അയച്ചത് 2.5 ബില്യൺ ഡോളറിന്റെ മൊബൈല്‍; എണ്ണയില്ലാതെയും..
ന്യൂഡൽഹി: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സി ഇ പി എ) കീഴിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വലിയ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. എണ്ണയിതര വ്യാപാരത്തില്‍ 100 ബില്യൺ ഡോളറിന്റെ മൂല്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎഇ ബന്ധം ലോകത്തിന് സമൃദ്ധിയുടെയും വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും മാതൃകയാണെന്നും അദ്ദേഹം കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
വ്യാപാരത്തിലും നിക്ഷേപത്തിലുമുള്ള കുതിച്ചുചാട്ടത്തെ ബന്ധങ്ങളിലെ തന്ത്രപരമായ പക്വതയുടെ അടയാളമായി വിശേഷിപ്പിച്ച് അദ്ദേഹം ഇരു രാജ്യങ്ങളിലെയും ബിസിനസുകൾ വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. മുംബൈയിൽ നടന്ന ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പിയൂഷ് ഗോയല്‍.

'ഒരു വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയെ രൂപപ്പെടുത്താൻ യുഎഇ സഹായിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സാമ്പത്തിക, സാംസ്കാരിക പങ്കാളിത്തം വലിയ തോതില്‍ വർധിച്ച് വരികയാണ്. 2022 ഫെബ്രുവരിയിൽ ഒപ്പുവെച്ചതും ആ വർഷം മെയ് മുതൽ പ്രാബല്യത്തിൽ വന്നതുമായ കരാറിന് പിന്നാലെ ചരക്ക് വ്യാപാര കൂടുതല്‍ ശക്തമാക്കി' കേന്ദ്ര മന്ത്രി പറഞ്ഞു.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഉഭയകക്ഷി ചരക്ക് വ്യാപാരം 2021 സാമ്പത്തിക വർഷത്തിലെ 43.3 ബില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 83.7 ബില്യൺ ഡോളറായി. അതായത് ഏകദേശം ഇരട്ടിയോളം വർധനവ്. 2023-24 ൽ എണ്ണ ഇതര കയറ്റുമതി മാത്രം 27.4 ബില്യൺ ഡോളറിലെത്തി. സിഇപിഎ പ്രാബല്യത്തിൽ വന്നതിനുശേഷം ഈ വിഭാഗത്തില്‍ പ്രതിവർഷം 25.6% വളർച്ചാ നിരക്കാണുണ്ടായത്.
ഇലക്ട്രിക്കൽ മെഷിനറികൾ, ഹൈടെക് ഉൽപ്പന്നങ്ങൾ, ഓർഗാനിക് കെമിക്കൽസ്, സ്മാർട്ട്‌ഫോണുകൾ എന്നിവയുടെ വ്യാപരമാണ് കൂടുതല്‍ വർധിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ യു എ ഇയിലേക്ക് 2.5 ബില്യൺ ഡോളറിലധികം മൂല്യമുള്ള മൊബൈൽ ഫോണുകളാണ് കയറ്റുമതി ചെയ്തതെന്നും കണക്കുകള്‍ പറയുന്നു.
യു എ ഇ സമീപകാലത്ത് ഒരു പ്രധാന വ്യാപാര പങ്കാളിയായി മാത്രമല്ല, നിർണായക സഖ്യകക്ഷിയായും ഉയർന്നുവന്നിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ആറ് ഉന്നതതല സന്ദർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് രാജ്യങ്ങള്‍ക്കും ഇടയില്‍ വർധിച്ച് വരുന്ന ബന്ധത്തെ അടയാളപ്പെടുത്തുന്നുവെന്നും കേന്ദ്ര പറഞ്ഞു.
അബുദാബിയിലെ സ്വാമിനാരായണ ക്ഷേത്രം പണിയുന്നതിലും കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ഇരുപത് ദശലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരുടെ കാര്യത്തിലും യു എ ഇ വഹിച്ച പങ്ക് നിർണ്ണായകമാണ്. നിങ്ങൾ അവരെ ഒരു കുടുംബം പോലെയാണ് പരിപാലിച്ചത്. ചരക്ക് വ്യാപാരത്തിന് പുറമേ, വിദ്യാഭ്യാസ മേഖലയിലും ബന്ധം കൂടുതല്‍ ശക്തിയാർജിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയില്‍ എത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. ഇന്ത്യ-യുഎഇ സമഗ്ര-തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ദുബായ് നിർണായക പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നേരില്‍ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ദുബായ് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഈ പ്രത്യേക സന്ദർശനം ആഴത്തിൽ വേരൂന്നിയ നമ്മുടെ സൗഹൃദത്തെ ഊട്ടിയുറപ്പിക്കുകയും ഭാവിയിൽ കൂടുതൽ കരുത്തുറ്റ സഹകരണത്തിനു വഴിയൊരുക്കുകയും ചെയ്യുന്നു.' നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.












Click it and Unblock the Notifications