യുഎഇ-ഒമാന്‍ റെയില്‍വെ ലൈന്‍ നിര്‍മാണം പുതിയ ഘട്ടത്തില്‍; 300 കോടി ഡോളറില്‍ വന്‍ പദ്ധതി
അബുദാബി: ജിസിസി രാജ്യങ്ങളായ ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയില്‍വെ പാത പദ്ധതി പുതിയ ഘട്ടത്തിലേക്ക് കടന്നു. സുപ്രധാനമായ മൂന്ന് കരാറുകളില്‍ കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഒപ്പുവച്ചു. ഇതോടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജിസിസിയുടെ മുഖച്ഛായ മാറ്റുന്ന ബൃഹദ് പദ്ധതിയാണിത്.
യുഎഇയിലെ അബുദാബിയെയും ഒമാനിലെ സോഹാര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയില്‍വെ പാത നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 303 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പാതയ്ക്ക് വേണ്ടി 300 കോടി ഡോളര്‍ നീക്കിവച്ചിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനും ചരക്കു തീവണ്ടിയും ഇതുവഴി സഞ്ചരിക്കും. സോഹാറില്‍ നിന്ന് അബുദാബിയിലെത്താന്‍ 1.40 മണിക്കൂര്‍ മതിയാകും.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാകും പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ്. അതേസമയം, ചരക്കു വണ്ടികള്‍ ഈ വേഗതയില്‍ പോകില്ല. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാകും ചരക്കുവണ്ടികളുടെ യാത്ര. പാതയുടെ നിര്‍മാണത്തിന് ഒമാന്റെയും യുഎഇയുടെയും റെയില്‍വെ വിഭാഗത്തെ ചേര്‍ത്ത് കമ്പനി രൂപീകരിച്ചിരുന്നു. ഈ കമ്പനിയുടെ പേര് ഹഫീത്ത് റെയില്‍ എന്നാക്കി മാറ്റിയിരിക്കുകയാണിപ്പോള്‍.
റെയില്‍ പാതയുടെ അറ്റക്കുറ്റ പണി, സദാ സമയമുള്ള നിരീക്ഷണം എന്നിവ ഹഫീത്ത് റെയില്‍ ആയിരിക്കും നിര്‍വഹിക്കുക. യുഎഇയുടെ മുബാദല നിക്ഷേപ കമ്പനിയുമായിട്ടാണ് കഴിഞ്ഞ ദിവസം ഹഫീത്ത് റെയില്‍ ഒപ്പുവച്ച ഒരു കരാര്‍. ഇതോടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ തുടങ്ങിയെന്ന് ഹഫീത്ത് റെയില്‍ ഡെപ്യൂട്ടി സിഇഒ മുഹമ്മദ് ബിന്‍ സഹ്‌റാന്‍ അല്‍ മഹ്‌റൂഖി പറഞ്ഞു.
പാതയുടെ സിവില്‍ വര്‍ക്കുകള്‍ക്ക് വേണ്ടി 130 കോടി ഡോളറിന്റെ കരാറാണ് ഒരുക്കിയിരിക്കുന്നത്. യുഎഇയുടെ ട്രോജന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്, ഒമാന്റെ ഗള്‍ഫാര്‍ എഞ്ചിനിയറിങ് ആന്റ് കോണ്‍ട്രാക്ടിങ് എന്നീ കമ്പനികള്‍ സംയുക്തമായിട്ടാണ് ഈ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. വൈദ്യുതി വിതരണം ഉള്‍പ്പെടെയുള്ള അനുബന്ധ കരാറുകള്‍ സീമന്‍സ് മൊബിലിറ്റി എന്ന കണ്‍സോര്‍ഷ്യത്തിനാണ് നല്‍കിയിട്ടുള്ളത്.
സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് പദ്ധതിയുടെ ഓരോ കരാറും നല്‍കിയിട്ടുള്ളതെന്ന് ഹഫീത്ത് റെയില്‍ സിഇഒ അഹ്മദ് അല്‍ മുസാവ അല്‍ ഹാശിമി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം പദ്ധതി പൂര്‍ത്തിയാകുന്നതോടെ ത്വരിതപ്പെടും. വ്യവസായ രംഗത്തും ഇതിന്റെ നേട്ടമുണ്ടാകും. ടൂറിസം മേഖലയും സജീവമാകും. ജനങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നും അല്‍ ഹാശിമി പറഞ്ഞു.
ജിസിസിയിലെ ആറ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വെ പാത നേരത്തെ ചര്‍ച്ചയിലുണ്ടായിരുന്നു. ഖത്തറും സൗദി സഖ്യരാജ്യങ്ങളും തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മന്ദഗതിയിലായി. പിന്നീട് ഖത്തറിനെതിരായ ഉപരോധം നീക്കിയ ശേഷം ഈ പാത സംബന്ധിച്ച് വീണ്ടും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. കുവൈത്തില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള റെയില്‍ പാത സംബന്ധിച്ചും അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു.












Click it and Unblock the Notifications