Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളം ബിജെപിയെ പുറന്തള്ളും, ജനം മതനിരപേക്ഷ ജനാധിപത്യ ചേരിക്കൊപ്പം നിൽക്കും': വികെ സനോജ്

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ പോകുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. രാജ്യത്ത് അപകടകരമായൊരു സാഹചര്യം നിലനിൽക്കുമ്പോൾ കേരളം തീർച്ചയായും ബിജെപിയെ പുറന്തള്ളും. മതനിരപേക്ഷ ജനാധിപത്യ ചേരിക്കായിരിക്കും കേരളത്തിൽ സ്വാധീനമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൺഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

sanoj-

കേരളത്തിൽ ഇത്തവണ താമര വിരിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ് ?

കേരളം നവോത്ഥാന ആശയങ്ങൾ കൊണ്ട് ഉഴുതുമറിച്ചിട്ട മണ്ണാണ്. അതുകൊണ്ട് അത്ര എളുപ്പത്തിൽ ഇവിടെ വിജയിക്കാനാകില്ല. നവോത്ഥാന മൂല്യം പിന്തുടരാത്ത, അങ്ങേയറ്റം അറുവഷളൻ പ്രതികരണം നടത്തുന്ന കുറേ പേരാണ് ബി ജെപിക്ക് വേണ്ടി മത്സരിക്കുന്നത്. തങ്ങളുടെ സ്റ്റാർ സ്ഥാനാർത്ഥിയെന്ന് ബി ജെ പി വിശേഷിപ്പിക്കുന്ന സുരേഷ് ഗോപി പറഞ്ഞത് അടുത്ത ജൻമത്തിൽ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്നാണ്. അതുകൊണ്ട് അവരുടെ നിലവാരം ഊഹിക്കാവുന്നതേ ഉള്ളൂ. അതൊന്നും കേരളം വെച്ച് പൊറുപ്പിക്കില്ല. കേരളം ശ്രീനാരായണ ഗുരുവിന്റെ സഹോദരൻ അയ്യപ്പന്റെ ചട്ടമ്പിസ്വാമികളുടെ വാഗ്ഭടാനന്ദന്റെ ഇഎംഎസിന്റെ ഇങ്ങനെ നവോത്ഥാന ആശയങ്ങൾ കൊണ്ട് സമ്പന്നമായ നാടാണ്. അവിടെ സവർണ മേധാവിത്വത്തിന്റെ ആശയങ്ങൾ കൊണ്ട് ആളുകളുടെ കണ്ണിൽ പൊടിയിടാനാവില്ല.

ഭക്തിയും വിശ്വാസവും രാഷ്ട്രീയമായി കണ്ണി ചേർക്കേണ്ട കാര്യമല്ല. എന്നാൽ സംഘപരിവാർ കേരളത്തിലുൾപ്പെടെ അതിന് ശ്രമിക്കുന്നുണ്ട്.അത് കേരളത്തിലെ ജനം തിരിച്ചറിയും. ശബരിമലയൊക്കെ സുവർണാവസരമാണെന്ന് പറഞ്ഞ പ്രസിഡന്റ് അവർക്കുണ്ടായിരുന്നു. അവർ ഇതിനെയൊക്കെ സുവർണാവസരമായിട്ടാണ് കാണുന്നത്. പക്ഷേ ഭക്തരുടെ കൂടെയല്ല അവർ. അതുകൊണ്ട് കേരളം ഒറ്റക്കെട്ടായി ബി ജെ പിയെ മാറ്റി നിർത്തുന്ന നിലപാട് സ്വീകരിക്കും.

യുവജന സംഘടന എന്ന നിലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മുന്നിൽ ഡിവൈഎഫ്ഐ വെയ്ക്കുന്ന സുപ്രധാന കാര്യങ്ങൾ എന്തൊക്കെയാണ് ?

പതിനെട്ടാമത് ലോക്സഭ തിരഞ്ഞെടുപ്പ് വളരെയേറെ പ്രാധാന്യമുള്ള രാഷ്ട്രീയപോരാട്ടമായിട്ടാണ് ഡിവൈഎഫ്ഐ നോക്കിക്കാണുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യ എന്ന സങ്കൽപ്പം ഇതുപോലെ തുടരുമോയെന്ന കടുത്ത ആശങ്ക നമ്മുക്ക് മുന്നിലുണ്ട്. ഏറ്റവും ഒടുവിലായി പൗരത്വം ലഭിക്കണമെങ്കിൽ അതിന് അടിസ്ഥാനമായി മതം വരുന്നു എന്ന അവസ്ഥ വരികയാണ്. 2019 ൽ അവതരിപ്പിച്ച ബില്ല് നിയമമാവുകയും സമീപ ആഴ്ചകളിൽ അത് നടപ്പാക്കാൻ കൊണ്ടുവന്ന ചട്ടങ്ങൾ പ്രാബല്യത്തിൽ വരികയും ചെയ്തു.ഇതോട് കൂടി നമ്മുടെ രാജ്യം മതപരമായി ഭിന്നിപ്പിക്കപ്പെടുകയാണ്. യഥാർത്ഥത്തിൽ അംബേദ്കർ, നെഹ്റു എന്നിവരെ പോലുള്ള ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നതരായ നേതൃത്വം ഇത്തരം ആശയങ്ങളെ തള്ളിക്കളയുകയും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തവരാണ്. ഹിന്ദുത്വ ശക്തികൾക്ക് അന്ന് അവരുടെ വാദങ്ങൾ നടപ്പാക്കാൻ കഴിഞ്ഞില്ല.എന്നാൽ ഇന്ന് ദൗർഭാഗ്യവശാൽ അത്തരം ശക്തികൾക്കാണ് രാജ്യത്തിന്റെ ഭരണചക്രം തിരിക്കാൻ കഴിയുന്നത്. അവർക്ക് ഭൂരിപക്ഷം ഉള്ളത് കൊണ്ട് തന്നെ ജനാധിപത്യത്തിന്റെ പഴുത് ഉപയോഗപ്പെടുത്തിത്തന്നെ ഇത്തരം കരിനിയമങ്ങൾ നടപ്പാക്കാൻ സാധിക്കുന്നുണ്ട്.

ലോകത്തെ എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അതിന്റെയെല്ലാം മുൻനിരയിൽ നിന്ന് പോരാടിയിട്ടുള്ളത് യുവാക്കൾ തന്നെയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം നോക്കിയാൽ വിദ്യാർത്ഥികളും യുവാക്കളും നടത്തിയിട്ടുള്ള ചോരകിനിയുള്ള പോരാട്ടങ്ങളുടെ അധ്യായം നമ്മുക്ക് കാണാനാകും. ആ പോരാട്ടങ്ങളുടെ തുടർച്ചയിൽ നമ്മുടെ രാജ്യം വീണ്ടും ചെറുപ്പത്തോട് ആവശ്യപ്പെടുകയാണ്. ഈ രാജ്യത്തെ നിലനിർത്താനുള്ള പോരാട്ടത്തിന് മുമ്പിൽ ഇറങ്ങാൻ. അങ്ങനെയൊരു പോരാട്ടമായിട്ടാണ് ഡിവൈഎഫ്ഐ തിരഞ്ഞെടുപ്പിനെ കാണുന്നത്.

ചെറുപ്പക്കാർക്ക് മുൻപിൽ നരേന്ദ്ര മോദി സർക്കാർ വെച്ച വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് മാത്രമല്ല യുവാക്കളോട് വലിയ ദ്രോഹമാണ് സർക്കാർ ചെയ്തത്. 2014 ൽ അധികാരത്തിൽ വന്നപ്പോൾ ഒരുവർഷം രണ്ട് കോടി തൊഴിൽ പുതുതായി സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. അങ്ങനെ അഞ്ച് വർഷം കൊണ്ട് 10 കോടി തൊഴിൽ. 10 വർഷം കൊണ്ട് 20 കോടി. എന്നാൽ പുതിയ തൊഴിൽ സൃഷ്ടിക്കപ്പെട്ടില്ലെന്ന് മാത്രമല്ല തൊഴിൽ നൽകിയിരുന്ന ഇടങ്ങൾ പൂർണമായും കരാർവത്കരണത്തിലേക്ക് പോകുകയും സ്ഥിരം തൊഴിൽ എന്ന സങ്കൽപ്പം ഇല്ലാതാവുകയും ചെയ്യുന്ന കാഴ്ചയാണ് ഉണ്ടായത്. മോദി ഭരണത്തിൽ ചെറുപ്പക്കാരെ കരാർ അടിമകളാക്കി മാറ്റുകയാണ്. ഈ നയത്തെ പ്രതിരോധിക്കേണ്ടതുണ്ട്. മോദിയോട് യുവാക്കൾ ചോദിക്കുന്ന ചോദ്യം 'മോദി ജി വേർ ഈസ് മൈ ജോബ്' എന്നതാണ്. ആ ചോദ്യം ശക്തമായി ഉയർത്തേണ്ടതുണ്ട്. സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക് രാജ്യം അനുഭവിക്കുകയാണ്. തൊഴില്ലില്ലായ്മ രൂക്ഷമാക്കുന്ന ഈ സർക്കാരിന് വോട്ടില്ലെന്ന് യുവാക്കാൾ പ്രഖ്യാപിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്.

ഭരണഘടനയുടെ നിലനിൽപ്പിനടക്കം നിർണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ് എന്നാണ് സിപിഎമ്മും കോൺഗ്രസും അടക്കമുള്ള മതേതര പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. ബിജെപിയെ നേരിടാൻ തക്ക ശക്തമായ പ്രതിപക്ഷനിര രാജ്യത്ത് രൂപപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തൽ ഡിവൈഎഫ്ഐയ്ക്ക് ഉണ്ടോ?

ഈ തിരഞ്ഞെടുപ്പ് മതനിരപേക്ഷ ചോരിയെ ഒരുമിപ്പിച്ച് ബി ജെ പിയെ അകറ്റി നിർത്തേണ്ട തിരഞ്ഞെടുപ്പാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആ ഒരു ഗൗരവത്തിൽ ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ലെന്ന വിമർശനം ഞങ്ങൾക്കുണ്ട്. ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും ഇത്തരം രാഷ്ട്രീയ വിമർശനങ്ങൾ ഞങ്ങൾ ഉന്നയിക്കുക തന്നെ ചെയ്യും. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ അവരുടെ തെറ്റ് തിരുത്തി മുന്നോട്ട് വരാൻ വേണ്ടിയാണത്. കോൺഗ്രസും ഞങ്ങളും തമ്മിൽ ഇവിടെ മത്സരം നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ അത് കോൺഗ്രസ് ആണ് ആലോചിക്കേണ്ടത്. കേരളത്തിൽ യഥാർത്ഥ ശത്രു ഇടതുപക്ഷമാണോയെന്ന് ചിന്തിക്കണം. രാജ്യത്തിന്റെ പൊതുതാത്പര്യം മുൻനിർത്തി ഇടതുപക്ഷം ഇവിടെ വിജയിച്ചാലും സ്വാഭാവികമായിട്ടും കേന്ദ്രത്തിൽ മതേതര ചേരിക്ക് മാത്രമേ ഇടതുപക്ഷം പിന്തുണ കൊടുക്കൂവെന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല. അവർ പലപ്പോഴും നോക്കുന്നത് കേവലമായ അധികാര രാഷ്ട്രീയം മാത്രമാണ്.

രാഹുൽ ഗാന്ധി ബിജെപിക്കെതിരായി അവരുടെ ഏറ്റവും പ്രധാന കോട്ടയിൽ മത്സരിക്കണം. യുപിയിലോ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ എന്തുകൊണ്ട് രാഹുൽ ഗാന്ധി മത്സരിക്കുന്നില്ല? അദ്ദേഹം എന്തുകൊണ്ട് മോദിക്കെതിരെ മത്സരിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ കൂടെ നിൽക്കുന്ന ഇന്ത്യ മുന്നണിയിലെ ഒരു ദേശീയ നേതാവിനെതിരായി രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് മത്സരിക്കുന്നതിലൂടെ മതനിരപേക്ഷ ചേരി ശക്തിപ്പെടുത്താൻ ആവശ്യമായിട്ടുള്ള പോരാട്ടത്തിൽ കോൺഗ്രസ് ആണ് നേതൃത്വം കൊടുക്കുന്നത് എന്ന് അവർ അവകാശപ്പെടുന്നതിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുകയാണ്. മതനിരപേക്ഷ ചേരിക്ക് കോൺഗ്രസ് മാത്രമല്ല ഇന്ത്യയിലെ മറ്റ് വിവിധങ്ങളായ പാർട്ടികൾ ഒരുമിച്ച് നേതൃത്വം കൊടുക്കുകയാണ്. കോൺഗ്രസിലാണ് പ്രതീക്ഷ എന്നൊന്നും പറയാൻ കഴിയില്ല. കോൺഗ്രസും നിർണായക പങ്കുവഹിക്കേണ്ടതുണ്ട്. അവർ തിരുത്തൽ വരുത്തേണ്ടതുണ്ട്.

കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം ഇവിടുത്തെ ജനാധിപത്യ വിശ്വാസികൾ ഉയർത്തിയാൽ അവരെ കുറ്റപ്പെടുത്താനാകുമോ?ഹിമാചലിൽ കോൺഗ്രസിനെയാണ് ജനം തിരഞ്ഞെടുത്തത്. പക്ഷേ രാജ്യസഭ തിരഞ്ഞെുപ്പ് വേളയിൽ എന്തുസംഭവിച്ചു? കോൺഗ്രസുകാർ കൂറുമാറി ബി ജെ പിക്കാരെ ജയിപ്പിച്ചില്ലേ? കോൺഗ്രസിന്റെ വക്താവ് പറഞ്ഞത് രാത്രി ഒരുമിച്ച് അത്താഴം കഴിച്ചിട്ട് രാവിലെ ആയപ്പോൾ ബിജെപിയുടെ പണച്ചാക്ക് കണ്ടപ്പോൾ അങ്ങോട്ട് ചാടിയെന്നാണ്. ഇതാണ് കോൺഗ്രസിന്റെ ചിത്രം. കേരളത്തിലും ഇതാണ് സ്ഥിതി. ഒഴുക്ക് തുടർന്നോണ്ടിരിക്കുകയാണ്. മുൻ എംപിമാർ, എംഎൽഎമാർ ,മുഖ്യമന്ത്രിമാർ,കോൺഗ്രസ് പ്രദേശ് കമ്മിറ്റി നേതാക്കൾ എന്നിങ്ങനെ 300 ഓളം കോൺഗ്രസുകാർ ഒരുമടിയും മറയും ഇല്ലാതെ പണക്കെട്ടിന്റെ കനം നോക്കി അങ്ങോട്ട് പോകുന്നുണ്ട്. കേരളത്തിലും ബിജെപി പല നേതാക്കൾക്കും വിലയിട്ടിട്ടുണ്ട്. വിലയൊക്കാത്തത് കൊണ്ടാണ് പലരും ഇവിടെ തുടരുന്നത്. എനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകും എന്ന് പറഞ്ഞയാളാണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. ഇതൊക്കെ ജനം കാണുന്നുണ്ട്. 2019 എന്തായാലും ആവർത്തിക്കാൻ പോകുന്നില്ല, മറിച്ചൊരു സാഹചര്യം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ അടക്കം സിപിഎമ്മും കോൺഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. കേരളത്തിൽ പോരടിക്കുകയും ചെയ്യുന്നു?

രാജ്യത്തിന്റെ വിശാലമായ താത്പര്യത്തെ മുൻനിർത്തിയാണ് കോൺഗ്രസുമായി ചേർന്ന് പല സംസ്ഥാനങ്ങളിലും സിപിഎം മത്സരിക്കുന്നത്. ബിജെപി വിരുദ്ധ കാഴ്ചപ്പാടുള്ളവരുമായി യോജിച്ച് പ്രവർത്തിക്കണം എന്നതാണ് സി പി എം എന്നും ഉയർത്തിപ്പിടിക്കുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അത്തരമൊരു നിലപാട് സ്വീകരിക്കുന്നുണ്ടോയെന്നതാണ് പരിശോധിക്കേണ്ടത്. കേരളത്തിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് എന്തിനാണ് രാഹുൽ ഗാന്ധിയെ ഉൾപ്പെടെ ഇവിടെ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നത്. കോൺഗ്രസിന്റേത് വിശാലമായ താത്പര്യമാണെങ്കിൽ രാഹുൽ ഗാന്ധിയെ പോലെയുള്ള , ഭാരത് ജോഡോ യാത്രയൊക്കെ നയിച്ചൊരു ദേശീയ നേതാവിനെ മറ്റിടത്ത് മത്സരിപ്പിക്കാൻ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണ്.

രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ എംപിയായ കെസി വേണുഗോപാലിനെ ഇവിടെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുമ്പോൾ ബിജെപിക്ക് അവിടെ വളരെ എളുപ്പത്തിൽ ഒരു രാജ്യസഭ എംപിയെ കിട്ടാൻ അവസരം ഒരുങ്ങുകയാണ്. ഇപ്പോൾ ബിജെപി ഭരണമാണവിടെ. ഒരു ബില്ല് പാസാക്കാൻ കേവലം നാല് എംപിമാരുടെ കുറവ് മാത്രമേ ബിജെപിക്ക് രാജ്യസഭയിൽ ഉള്ളൂ. ഒരാളെ കോൺഗ്രസ് സംഭാവന ചെയ്യുകയാണ് രാജസ്ഥാൻ വഴി. ഇതൊക്കെ ജനം കാണുന്നുണ്ട്. ആരാണ് ബിജെപിക്കെതിരായിട്ടുള്ള പോരട്ടത്തെ ദുർബലപ്പെടുത്തുന്നതെന്ന് ചർച്ച ചെയ്യേണ്ടതുണ്ട്.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് മലപ്പുറത്ത് സ്ഥാനാർത്ഥിയാണ്. കഴിഞ്ഞ രണ്ടുതവണ ഇവിടെ മത്സരിച്ച എസ്എഫ്ഐയുടെ ദേശീയ പ്രസിഡണ്ട് വിപി സാനുവിന് കാര്യമായ വെല്ലുവിളി ഒന്നും ഉയർത്താനായില്ല. ലീഗിൻറെ ശക്തമായ കോട്ടയായാണ് മലപ്പുറം അറിയപ്പെടുന്നത് കൂടുതൽ വിജയസാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് യുവ സ്ഥാനാർത്ഥികളെ പരിഗണിക്കപ്പെടേണ്ടതല്ലേ ?

മലപ്പുറത്ത് ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. ഇത്തവണ മലപ്പുറം ഞങ്ങൾ പിടിച്ചെടുക്കും. അതിന് ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെ ആണ് ഞങ്ങൾ മത്സരിപ്പിക്കുന്നത്. ജനാധിപത്യമാണല്ലോ, അങ്ങനെ ഒരു മണ്ഡലവും ഒരു പാർട്ടിക്കും തീറെഴുതി കൊടുത്തിട്ടില്ല. മലപ്പുറവും മാറും എന്ന കാര്യത്തിൽ തർക്കമില്ല, പ്രത്യേകിച്ച് മതനിരപേക്ഷ ഇന്ത്യ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ. പരിമതികൾ ഇല്ലാതെ പോരാടാൻ വസീഫിന്റെ നേതൃത്വത്തിന് കഴിയും. ലീഗ് നേതാക്കൾ പരിമിതികളെ കുറിച്ചാണ് സംസാരിക്കാറുള്ളത്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം നിർത്തിയ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ മറന്നുപോയവരാണ് മലപ്പുറത്ത് നിന്ന് ജയിച്ച എംപിമാർ. പാർലമെന്റിൽ യുഎപിഎ, എൻഐഎ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ എതിർപ്പുയർത്താതെ വിട്ടുനിന്ന അനുഭവമാണ് അവരെ സംബന്ധിച്ചെടുത്തോളം ഉള്ളത്. എന്നാൽ അമിത് ഷായുടെ മുഖത്ത് നോക്കി ഇന്ത്യയുടെ പാർലമെന്റിൽ പ്രസംഗിക്കാനും എതിർപ്പ് രേഖപ്പെടുത്താനും അതിനെതിരായ വോട്ടുചെയ്യാനും കേരളത്തിലെ 20 എംപിമാരിൽ ഒരാൾ മാത്രമേ തയ്യാറായിട്ടുള്ളു, അദ്ദേഹത്തിന്റെ പേര് ആരിഫ് എന്നാണ്.

അത്തരത്തിൽ പാർലമെന്റിൽ സംഘപരിവാർ കൊണ്ടുവരുന്ന കരിനിയമങ്ങളെ ചെറുത്ത് പരാജയപ്പെടുത്താൻ പരിമിതികളില്ലാതെ വസീഫ് എത്തും. ഇതൊക്കെ തിരിച്ചറിയുന്നൊരു ജനത ഉണ്ടാകും.സ്ഥാനാർത്ഥിയെ നോക്കാതെ കോണി ചിഹ്നം കണ്ടാൽ വോട്ട് കുത്തുന്നൊരു കാലം ഉണ്ടായിരന്നു. എന്നാൽ അതൊക്കെ മാറി. വസീഫിലൂടെ മലപ്പുറം തിരിച്ചുപിടിച്ചിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+